Advertisement

ജനതാദള്‍ എല്‍ഡിഎഫിലേക്ക്; വീണ്ടും ഒരു കൂടുമാറ്റം

January 12, 2018
Google News 0 minutes Read
veerendrakumar

യുഡിഎഫുമായുള്ള കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ജനതാദള്‍ യുണൈറ്റഡ് കേരള ഘടകം ഇടതുമുന്നണിയിലേക്ക് ചേക്കേറുകയാണ്. ആത്യന്തികമായി നമ്മള്‍ ഇടത് പാളയത്തിലാണ് നില്‍ക്കേണ്ടതെന്ന വിശദീകരണം നല്‍കിയാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്കുള്ള ചേക്കേറലിനെ ന്യായീകരിച്ചത്. അത്തരത്തിലൊരു ഇടത് ചായ്‌വ് ഉള്ള പാര്‍ട്ടി എങ്ങനെയാണ് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ ഒന്‍പത് വര്‍ഷം രാഷ്ട്രീയം പയറ്റിയത്? ഐക്യജനാധിപത്യ മുന്നണിയുടെ 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജെഡിയുവിന് ഒരു മന്ത്രി സ്ഥാനമുണ്ടായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പിന്റെ മന്ത്രിയായി കെ.പി മോഹനന്‍ സേവനം ചെയ്തു. എന്നാല്‍ അതിന് മുന്‍പ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി രണ്ട് തവണ കെ.പി മോഹനന്‍ മന്ത്രിയായിട്ടുണ്ട്. ഇ.എം.എസ് മന്ത്രി സഭയിലും നായനാര്‍ മന്ത്രിസഭയിലും കെ.പി മോഹനന്‍ അംഗമായിരുന്നു. പാര്‍ട്ടിയുടെ ആരംഭം മുതലേ ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന ജനതാദള്‍ 2009ലാണ് യുഡിഎഫില്‍ എത്തിയത്. അന്ന് ഇടതുപക്ഷത്തെ തള്ളിയാണ് അവര്‍ കൂടുമാറ്റം നടത്തിയത്. 2008ല്‍ സിപിഎമ്മുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് മുന്നണി വിടാനുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ജനതാദള്‍ ആഗ്രഹിച്ചപ്പോള്‍ സിപിഎം അതിനെ എതിര്‍ത്തു. അവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് ഇടത് മുന്നണി വിട്ട് അവര്‍ യുഡിഎഫില്‍ എത്തുന്നത്. ഒപ്പം വീരേന്ദ്രകുമാര്‍ തലപ്പത്തുള്ള മാതൃഭൂമി പത്രം അന്നത്തെ സി.പി.എം സെക്രട്ടറിയായ പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളായി. സോഷ്യലിസ്റ്റ് ജനത പാര്‍ട്ടിയും ജനതാദളും തമ്മിലുള്ള സഖ്യമാണ് ജനതാദള്‍ യുണൈറ്റഡിനെ കൂടുതല്‍ ശക്തിപ്പെടുത്തിയത്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നിന്നിരുന്ന ജനതാദള്‍ പാര്‍ട്ടിയില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ പക്ഷം വിഘടിച്ചാണ് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) കക്ഷി രൂപീകരണം നടക്കുന്നത്. 2010ലാണ് ഈ വിഘടനം നടക്കുന്നത്. ജനതാദള്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റ് ജനതയും പിന്നീട് നാല് വര്‍ഷത്തോളം രണ്ട് പാര്‍ട്ടികളായി നിലനിന്നു. അതിനിടയില്‍ 2011ലെ നിയമസഭ തെരെഞ്ഞടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച് പാര്‍ട്ടി ഭരണപക്ഷത്ത് പ്രാതിനിധ്യം ഉറപ്പിച്ചു. ജനതാദള്‍ യുണൈറ്റഡ് കേരള ഘടകം രൂപീകരിക്കപ്പെടുന്നത് 2014ലാണ്. ജനതാദള്‍ (യു)വില്‍ നിന്ന് വിഘടിച്ചുപോയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും ലയനസാധ്യതകള്‍ മുന്നോട്ട് വെച്ചു. 2014 ഡിസംബര്‍ 28ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ഇരുവരും ലയിച്ചു. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റായി എം.പി വീരേന്ദ്രകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതും അവിടെ വെച്ചാണ്. അന്ന് യുഡിഎഫ് മുന്നണിയില്‍ നിന്ന ജനതാദള്‍ യുണൈറ്റഡ് ഇന്ന് വീണ്ടും രാഷ്ട്രീയ കളംമാറ്റം നടത്തിയിരിക്കുന്നു. വീണ്ടും ഇടത് മുന്നണിയിലേക്ക് പ്രവേശിക്കുകയാണ് അവര്‍. കേരള രാഷ്ട്രീയത്തില്‍ പലപ്പോഴായി ചേരിതിരിവുകളും മുന്നണിമാറ്റവും സ്വന്തം പേരിലുള്ള പാര്‍ട്ടിയാണ് ഇന്ന് വീണ്ടും ഒരു സുപ്രധാനമായ കൂടുമാറ്റം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here