20
Jan 2019
Sunday
Save Alappad

മയ്യഴിയും , വെള്ളിയാങ്കല്ലും

travelogue on mahi

ജനിച്ച നാടിനേക്കാള്‍ പ്രിയങ്കരമാണെനിക്ക് മയ്യഴി. മയ്യഴിയെന്നാല്‍ ഭ്രാന്തെന്ന് പറയാവുന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ചത് എം മുകുന്ദന്‍ തന്നെ. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിയെയും കൊതിപ്പിക്കുകയും മയ്യഴിയില്‍ ജനിക്കാത്തതില്‍ നിരാശയും,അസൂയയും ഉളവാക്കുകയും ചെയ്യുന്ന എന്തോ ഒന്ന് അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. ആ വരികളില്‍ ആദ്യം കുരുങ്ങിയത് ആറാം തരത്തില്‍ പഠിക്കുമ്പോഴാണ്.

ചെങ്ങന്നൂരിനടുത്തുള്ള കോടുകുളഞ്ഞിയാണ് എന്റെ സ്വദേശം. അവിടത്തുകാരായ ഞങ്ങളെയൊക്കെ വായനക്കാരാക്കി മാറ്റാന്‍ ലൈബ്രറിയില്‍ നിന്ന് ബുക്കുകള്‍ വീട്ടിലെത്തിച്ചു തരുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ബുക്ക് എത്തിച്ചു തരുന്ന ചേച്ചിയെ കാത്തിരിക്കുന്ന നാളുകളിലൊന്നിലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകം കയ്യിലെത്തുന്നത്. തുടക്കം മുതല്‍ മയ്യഴി എന്നെ മോഹിപ്പിച്ചു തുടങ്ങി. കുറമ്പിയമ്മയും , മൂപ്പന്‍ സായ്‌വും, ലെസ്ലി സായ്‌വും, ദാസനും, ചന്ദ്രികയുമൊക്കെയുള്ള മയ്യഴിയിലേക്കു മനസുകൊണ്ട് കൂടുമാറുകയായിരുന്നു ഓരോ പേജുകളിലൂടെയും…മയ്യഴി ഭാഷ, മാതാവിന്റെ പള്ളി, കുറമ്പിയമ്മയുടെ ഉണക്കമീന്‍ കറി…ഇതൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായങ്ങു മാറി,ഒരുതരം പരകായ പ്രവേശം പോലെ.

എത്ര രുചിയുള്ള ഭക്ഷണം കഴിച്ചാലും കുറമ്പിയമ്മയുടെ മീന്‍ കറിയും ചോറുമാണ് ലോകത്തേറ്റവും രുചിയുള്ള ഭക്ഷണമെന്ന് വിശ്വസിച്ചു..മൂപ്പന്‍ സായ്വിന്റെ ബംഗ്ലാവിലെ കേക്കിന്റെ കഷണവും, വൈനുമൊക്കെ ഒരിക്കലെങ്കിലും രുചിച്ചിരുന്നെങ്കിലെന്ന കനവ് .. കൊയ്യേത്തിപ്പൂക്കള്‍ വിരിഞ്ഞ നടപ്പാതയും കടന്ന് മയ്യഴിമാതാവിന്റെ പള്ളിയിലേക്കും,തീവണ്ടിയാപ്പീസിലേക്കും, പരന്ത്രീസു പള്ളിക്കൂടത്തിലേക്കുമൊക്കെ മനസുകൊണ്ടൊരു ഓട്ടപ്പാച്ചിലിലായിരുന്നു പിന്നീട്. .ദാസന്റെ ജന്മം മുതല്‍ അവനോടൊപ്പമുള്ള യാത്ര..ഉണ്ണിയെ കാണുമ്പോഴറിയുമല്ലൊ ഊരിലെ പഞ്ഞം. ദാസനെന്ന മിടുക്കന്‍ കുട്ടിയില്‍ ഒരു ഡോക്ടറെയോ ,എഞ്ചിനിയറയോ ഒക്കെ ഞാന്‍ സ്വപ്‌നം കണ്ടു..ദാമു റൈട്ടറുടെ ചെറിയ വീടിന്റെ സ്ഥാനത്ത് മണിമാളിക ഉയരുന്നതും, പരന്ത്രീസില്‍ പോയി വന്ന് …ചന്ദ്രികയെ വിവാഹം ചെയ്ത് സുഖമായി കഴിയുന്ന ദാസനായിരുന്നു എന്റെ മനസില്‍…പക്ഷേ കഥാകാരന്‍ ചതിച്ചു. എന്റെ സ്വപ്‌നത്തിലെ ദാസനെയങ്ങില്ലാതാക്കിക്കളഞ്ഞു…ദാസന്‍ പഠിച്ചു വളര്‍ന്ന് ഒരു വല്യ ഉദ്യോഗസ്ഥനാകുമെന്ന പ്രതീക്ഷ നശിച്ചപ്പോള്‍ മയ്യഴിയുടെ കഥാകാരനോട് അറിയാതൊരു നീരസം അന്നത്തെ ആറാം ക്ലാസുകാരിയുടെ മനസില്‍ മുളപൊട്ടിയിരുന്നു…

mahi

നോവല്‍ വായന കഴിഞ്ഞും മയ്യഴി എന്നെ വിട്ടിറങ്ങിയില്ല..പിന്നീടുള്ള ഓരോ ദിവസങ്ങളിലും ദാസന്റെ വീടിന്റെ മുക്കിലും മൂലയിലും ഞാന്‍ നടന്നു, മയ്യഴിയുടെ കൈവഴികളിലൂടെ തെക്കുവടക്ക് കറങ്ങിത്തിരിഞ്ഞു…വിളക്കില്‍ എണ്ണ നിറയ്ക്കാനെത്തുന്ന കുഞ്ചക്കനെയും ദീപാലംകൃതമായ മയ്യഴിയെയും കണ്ടുമുട്ടി സംസാരിച്ചു….ഫ്രഞ്ചുകാരെക്കുറിച്ച് സാമൂഹ്യപാഠ പുസ്തകങ്ങളില്‍ വായിച്ച നേരിയ അറിവു മാത്രമുണ്ടായിരുന്ന എന്റെ സ്വപ്‌നങ്ങളിലേക്ക് മൂപ്പന്‍ സായ്‌വും, ലെസ്ലി സായ്‌വുമൊക്കെ കടന്നുവരാന്‍ തുടങ്ങി..ശരീരം കൊണ്ട് കോടുകുളഞ്ഞിയിലും മനസുകൊണ്ട് മാഹിയിലും ജീവിക്കുന്ന ഒരു സ്വപ്‌നജീവിയായി ഞാന്‍ മാറി…ഒരിക്കലും കണ്ടിട്ടില്ലാത്ത മയ്യഴിയെ മുകുന്ദന്റെ വരികളില്‍ നിന്ന് ഞാന്‍ വരച്ചുണ്ടാക്കി..അങ്ങനെ എന്റെ ഭാവനയിലും സമാന്തരമായി ഒരു മയ്യഴി പിറക്കുകയായിരുന്നു. അതിന് യാഥാര്‍ത്ഥ്യവുമായെന്ത് ബന്ധമുണ്ടെന്നൊന്നും ചിന്തിച്ചില്ല.

കൂടുതല്‍ മയ്യഴിക്കഥകള്‍ക്കായുള്ള ആര്‍ത്തി എന്നെ ദൈവത്തിന്റെ വികൃതികളിലേക്കെത്തിച്ചു.. മായാജാലക്കാരനായ അല്‍ഫോണ്‍സച്ചനൊപ്പം വീണ്ടും മയ്യഴി വഴികളിലൂടെ..കഥാപാത്രങ്ങളും ..സമയവും..സാഹചര്യവുമൊക്കെ മാറിയെങ്കിലും ഒരു മികച്ച ടൗണ്‍ പ്ലാനറെപ്പോലെ ഞാന്‍ വരച്ചുണ്ടാക്കിയ മയ്യഴിക്കു മാത്രം മാറ്റമുണ്ടായില്ല..ഞാന്‍ വളര്‍ന്നതോടൊപ്പം ഉള്ളിലെ മയ്യഴിയും വളര്‍ന്നു..മയ്യഴി കാണാന്‍ കൊതിയെന്നു പറഞ്ഞാല്‍ ശരിയാവില്ല…ഒരു ഭ്രാന്തെന്ന് തന്നെ പറയേണ്ടി വരും..അങ്ങനെ ഞാന്‍ വലുതായി..ജോലി കിട്ടി ഉടുപ്പിക്കു പോയപ്പോഴൊക്കെ തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസിലിരുന്ന് പലതവണ മയ്യഴിയെന്ന ബോര്‍ഡ് എന്നെ മാടിവിളിച്ചു..മയ്യഴിക്കിറുക്ക് കലശലായിരുന്നെങ്കിലും ഒറ്റയ്ക്കവിടെ ഇറങ്ങി കറങ്ങി നടക്കാനൊന്നും വിവേകം അനുവദിച്ചില്ല…

travelogue on mahi

അങ്ങനെ മയ്യഴി ഒരു സ്വപ്‌നമായി മാത്രം നില്‍ക്കുമ്പോളാണ് വിവാഹശേഷം നാട്ടിലെത്തുന്നത്..സാമ്പത്തിക ശാസ്ത്രം അധ്യാപികയായി കോട്ടയം എബനേസര്‍ ഇന്റര്‍നാഷനല്‍ സ്‌ക്കൂളിലെ ആദ്യ ദിനം…സഹപ്രവര്‍ത്തകരെ പരിചയപ്പെട്ടപ്പോഴാണ് മനസില്‍ ലഡ്ഡു പൊട്ടിയത്..ഫ്രഞ്ച് പഠിപ്പിക്കുന്ന റജുല മാഹിക്കാരിയാണത്രേ….കര്‍ത്താവേ ഞാനിതിലങ്ങ് പിടിച്ചുകയറുമെന്നപ്ലേ ഉറപ്പിച്ചു…ആദ്യമായി കാണുന്ന ആളാണെന്നൊന്നും ഓര്‍ത്തില്ല.എനിക്ക് മാഹി കാണണമെന്ന ആവശ്യമുന്നയിച്ചു . മയ്യഴിപ്രാന്തിയായ എന്നെ മാഹി കാണിച്ചിട്ട് തന്നെ കാര്യമെന്ന് റജുലയും..അങ്ങനെ അന്നുറപ്പിച്ച കരാര്‍ സാധ്യമാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം റജുലയുടെ സഹോദരന്‍ റെജിയുടെ വിവാഹക്കത്ത് കിട്ടിയപ്പോഴാണ്.

റജുല കേള്‍ക്കണ്ട …കല്യാണത്തേക്കാള്‍ മയ്യഴി കാണാനുള്ള ആവേശമായിരുന്നു എനിക്ക്..കത്ത് കിട്ടിയപ്പോള്‍ മുതല്‍ മയ്യഴിക്കനവിന്റെ തേരിലേറുകയായിരുന്നു. സ്വതവേ മടിച്ചിയായ ഞാന്‍ ഒരു യാത്രയ്ക്ക് പെട്ടി തയാറാക്കല്‍ നേരത്തെ നടത്തിയത് മയ്യഴിയാത്രയ്ക്കായിരുന്നു…അങ്ങനെ ഞാന്‍ അദ്ഭുതലോകത്തിലെ ആലീസിനെപ്പോലെ മയ്യഴിക്കാഴ്ച്ചകളിലേക്കെത്തി…..(തുടരും)

travelogue on mahi

Top