Advertisement

തെറ്റ് പറ്റിയാല്‍ മാപ്പ് പറയരുത് ബല്‍റാം ; അതല്ലേ ഹീറോയിസം

January 20, 2018
Google News 0 minutes Read
vt balram
എകെജിക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് വീണ്ടും വി ടി ബല്‍റാം എംഎല്‍എ. ഒരു പ്രമുഖ ദൃശ്യമാധ്യമത്തിന്റെ അഭിമുഖ പരിപാടിയിലാണ്  ബല്‍റാം നിലപാട് ആവര്‍ത്തിച്ചത്. അതേ സമയം,താന്‍ പ്രകോപനത്തില്‍ വീഴാന്‍ പാടില്ലായിരുന്നു എന്നും പുനര്‍വിചിന്തനമുണ്ടെന്നും ബല്‍റാം പറയുന്നു. ഒരു കമന്റിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് പ്രതികരിച്ചതെന്നും ബല്‍റാം അഭിമുഖത്തില്‍ പറയുന്നുണ്ട്.അഭിപ്രായ സ്വാതന്ത്ര്യം സിപിഐഎമ്മിന് മാത്രമുള്ളതല്ലെന്ന ന്യായവാദവും ബല്‍റാം അഭിമുഖത്തില്‍ ഉയര്‍ത്തുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സിപിഐഎം പിന്തുടരുന്ന നിലപാട് പരിഹാസ്യമാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ക്കുന്നു
എന്താണ് അഭിപ്രായ സ്വാതന്ത്ര്യം ?
എകെജിക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിക്കുന്ന ബല്‍റാം ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് അതിനെ വ്യാഖ്യാനിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്; ശരി തന്നെ.ഒരാള്‍ പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുക മാത്രമല്ല,വാക്കുകളെ തെറ്റായി ഉദ്ധരിക്കുക കൂടി ചെയ്യുന്നുണ്ട് ബല്‍റാം. അത് ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല ആ തെറ്റായ ഉദ്ധരിക്കല്‍.എകെജി പറയാത്ത കാര്യം ആത്മകഥയില്‍ നിന്ന് എടുത്തതെന്ന പേരില്‍ പകര്‍ത്തുന്നത് അക്ഷന്തവ്യമായ തെറ്റുമാണ്. തനിക്ക് അങ്ങനെയാണ് ആ ഭാഗം വായിച്ചപ്പോള്‍ തോന്നിയതെന്ന് ബല്‍റാമിന് പറയാം. പക്ഷേ,ബല്‍റാ അതല്ല ചെയ്യുന്നത്. ഇല്ലാത്തത് പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ പോലും ആ തെറ്റ് ബല്‍റാം തിരുത്തുന്നില്ല എന്നിടത്താണ് പ്രശ്‌നം
നവമാധ്യമ കാടത്തം
പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തത്വാധിഷ്ഠിതമോ ആദര്‍ശാധിഷ്ഠിതമോ അല്ലെന്ന് പല സംഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആഗോളവത്കരണാനന്തര കാലത്ത് തുടങ്ങിയ രാഷ്ട്രീയ ലാഭം കൊയ്യലിന്റെ തുടര്‍ച്ചയാണത്. വ്യക്തിബിംബങ്ങളെ നിര്‍മ്മിക്കുന്ന പുതുശൈലി നവമാധ്യമ കാലത്ത് ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. എന്തും പറയാം,എങ്ങനെയും ന്യായീകരിക്കാം എന്നത് നവമാധ്യമ കാലത്തെ കാടത്തമാണ്. ബല്‍റാം ഈ കാടത്ത ശൈലിയുടെ പ്രചാരകനായി എന്നത് അത്ഭുതപ്പെടുത്തുന്നുമില്ല. പുതിയ കാലത്ത് ആദര്‍ശ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയെന്നതാണ് അത്ഭുതമുളവാക്കുക. തുടര്‍ പ്രതികരണങ്ങളിലും ബല്‍റാം ഈ കാടത്തത്തിന്റെ  പടര്‍പ്പുകളെയാണ് നിര്‍മ്മിക്കുന്നത്
തെറ്റ് പറ്റിയാല്‍ മാപ്പ് പറയാത്ത ഹീറോയിസം
പറഞ്ഞതിലെ തെറ്റ് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയുക/പറഞ്ഞത് പിന്‍വലിക്കുക എന്നത് സാമാന്യ മര്യാദയാണ്. തെറ്റ് ഏറ്റ് പറയുന്നിടത്ത് വ്യക്തിത്വം കൂടുതല്‍ ശുദ്ധമാകുന്നതേയുള്ളൂ. രാഷ്ട്രീയത്തിലെ ശുദ്ധി പഴങ്കഥയായ കാലത്ത് ബല്‍റാം ചെയ്യുന്നതാണ് ഹീറോയിസം. ബല്‍റാം, നിങ്ങള്‍ ഒരിക്കലും മാപ്പ് പറയരുത്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here