17
Jan 2019
Thursday
Save Alappad

ചിരി മാത്രമല്ല ‘ശിക്കാരി ശംഭു’

sikkaari sambhu
ചിരിപ്പിക്കുന്ന സിനിമയാണ് ‘ശിക്കാരി ശംഭു’.ഒറ്റനോട്ടത്തില്‍ ക്ലീഷേയാണ് സിനിമയിലെ പലതും.സുഗീതിന്റെ ആദ്യ ചിത്രം ‘ഓര്‍ഡിനറി’യെ ഓര്‍മ്മിപ്പിക്കുന്ന ടൈറ്റില്‍ സീക്വന്‍സോടെയാണ് ‘ശിക്കാരി ശംഭുവും’ തുടങ്ങുന്നത്.ടൈറ്റിലിനിടെ ഉപയോഗിക്കുന്ന ഗ്രാഫിക്‌സ് സങ്കേതം ‘ഓര്‍ഡിനറി’യില്‍  കണ്ടതുതന്നെ
കളളനില്‍ നിന്ന് ശിക്കാരിയിലേക്ക്
പുലിപ്പേടിയില്‍ കഴിയുന്ന കുരുതിമലക്കാവിലേക്ക് അവിചാരിതമായി നായകനും(കുഞ്ചാക്കോ ബോബന്‍) സുഹൃത്തുക്കളും എത്തുകയാണ്(വിഷ്ണു ഉണ്ണിക്കൃഷ്ണന്‍,ഹരീഷ് കണാരന്‍) . ജീവിക്കാനായി കവര്‍ച്ച തൊഴിലാക്കിയവരാണ്  ഇവര്‍. ഇതും കണ്ടുമറന്ന പ്രമേയ പരിസരം തന്നെ. ഒരു കവര്‍ച്ചാ ശ്രമത്തിനിടെ നാട്ടുകാരുടെ തല്ല് കൊള്ളാതിരിക്കാന്‍ ഓടിക്കയറുന്നത് പള്ളിമേടയിലേക്ക്.അവിടെ നിന്ന് ഒളിഞ്ഞുകേട്ട സംഭാഷണമാണ് നായകനെയും സുഹൃത്തുക്കളെയും കുരുതിമലക്കാവില്‍ എത്തിക്കുന്നത്.
shikkari-shambhu-et00067663-19-12-2017-05-42-57
പുലിയെ പിടിച്ച് അഞ്ച് ലക്ഷം സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. അവിടെ എത്തുമ്പോളാണ് കാവിലെ കോടികള്‍ വിലമതിക്കുന്ന വിഗ്രഹത്തെ കുറിച്ച് അറിയുന്നത്. വിഗ്രഹം കവര്‍ച്ച ചെയ്ത് ചുരമിറങ്ങാനായി പിന്നീട് ശ്രമം. ഇതിനിടെ അപ്രതീക്ഷിതമായി പുലി കിണറ്റില്‍ വീഴുന്നതിന്റെ ‘പിതൃത്വം’  ഏറ്റെടുത്ത് നായകന്‍ ‘പുലിപ്പീലി’യായി . ക്ലൈമാക്‌സില്‍ ഒരു ഫഌഷ്ബാക്കുണ്ട്. അതുവരെയുള്ള നര്‍മ്മ പരിസരത്തെ മുഴുവന്‍ ശിഥിലമാക്കുന്ന , മിനിട്ടുകള്‍ മാത്രം നീളുന്ന ഒരു കണ്ണീര്‍കഥ . അത് സിനിമയുടെ അവസാന ഭാഗത്തെ ട്വിസ്റ്റാകുന്നു
കരുത്തുറ്റ സ്ത്രീപാത്ര നിര്‍മ്മിതി
നായകന് ചുറ്റും കറങ്ങുന്ന സ്ത്രീ മാത്രമല്ല സിനിമയിലുള്ളത്. നായകനെ സ്തബ്ധനാക്കുന്ന സ്ത്രീനിര്‍മ്മിതിയുമുണ്ട്. ശിവദയുടെ കഥാപാത്രം കരുത്തുറ്റതാണ്.അച്ഛന്റേയും അമ്മയുടേയും കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്ന മകള്‍ സമീപകാല മലയാള സിനിമയില്‍ വേറിട്ടതാണ്. മൂന്ന് പുരുഷന്‍മാരെ കൊല്ലുന്ന സ്ത്രീപാത്രമാണ് ശിവദയുടേത്. അതില്‍ രണ്ട് കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ കഥയുടെ ഫഌഷ്ബാക്ക് ശ്രമിക്കുന്നു. ശിവദയുടെ ശരീരഭാഷ കഥയിലെ ‘വില്ലത്തി’ പരിവേഷത്തിന് മാറ്റുകൂട്ടുന്നുണ്ട്.
22365483_1951728858187151_4257270615074875295_n
അതുവഴി കഥാപാത്രം ആ കയ്യില്‍ ഭദ്രമാകുന്നു. സിനിമയിലെ തുടക്കക്കാരിയായ ശിവദ ആ ‘വില്ലത്തി’ കഥാപാത്രത്തെ ഏറ്റെടുത്തതും വേറിട്ട വഴി തന്നെ(പില്‍ക്കാല  സിനിമകളില്‍ ഇത്തരം ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രം കിട്ടിയാലോ എന്ന ആശങ്ക ശിവദയ്ക്കില്ലെന്ന് തോന്നുന്നു).സഹജമായ സ്‌ത്രൈണത ശിവദയുടെ സ്ത്രീ കഥാപാത്രത്തിന് സംവിധായകന്‍ നല്‍കുന്നതേയില്ല. ആണിടമായ ഇറച്ചി വെട്ട് കടയും പാമ്പുകളെ കാണുമ്പോള്‍ ധൈര്യത്തോടെ കടന്നുപോകുന്ന കാട്ടിടവുമെല്ലാം ആണത്തനിര്‍മ്മിതിക്ക് ബദലാണ്. ചിലയിടങ്ങളില്‍ നായകനേക്കാള്‍(പുരുഷനേക്കാള്‍) ബലവത്താണ് ആ ബദല്‍(ഉദാ:കാട്ടില്‍ പാമ്പിനെ കാണുമ്പോള്‍ പേടിക്കുന്ന നായക നിര്‍മ്മിതിയുടെ സമയത്ത്). ആ പരുക്കന്‍ നിര്‍മ്മിതിക്കിടയിലും നായകന്റെ ഭാവനയ്‌ക്കൊപ്പം ചുവടു വയ്‌ക്കേണ്ടി വരുന്നുണ്ട് ശിവദയുടെ സ്ത്രീ കഥാപാത്രത്തിന്. നായകന് ഇഷ്ടം തോന്നിയാല്‍ ഒരു പാട്ടുസീന്‍ വേണമെന്ന മലയാള സിനിമാവഴക്കം ആവര്‍ത്തിക്കപ്പെടുന്നു ഇവിടെയും. പക്ഷേ, പ്രതികാരത്തിന്റെ തീവ്രഭാവങ്ങള്‍ക്ക് അത് തടസ്സമാകുന്നില്ല.
ഹരീഷെന്ന ചിരിവേട്ടക്കാരന്‍
സമീപകാല മലയാള സിനിമയിലെ പൊട്ടിച്ചിരിയാണ് ഹരീഷ് കണാരന്‍. പല സിനിമകളിലും കണ്ട ഹാസ്യ സന്ദര്‍ഭങ്ങള്‍  ‘ശിക്കാരി’യിലും കാണാം. സംഭാഷണ മോഡുലേഷനിലെ വേറിട്ട വഴി ഹരീഷ് ഇവിടെയും പിന്തുടരുന്നു. ആശങ്ക,അജ്ഞത എന്നിവയെ മുന്‍നിര്‍ത്തിയാണ് സിനിമയിലെ ‘ഹരീഷഹാസ്യം’ നിര്‍മ്മിക്കപ്പെടുന്നത്.എന്നാല്‍,അത്തരം ആവര്‍ത്തനങ്ങളൊന്നും മടുപ്പിക്കുന്നില്ല എന്നിടത്താണ് ഹരീഷിന്റെ വിജയം.ഒരുപാട് സിനിമകള്‍ക്ക് വേണ്ട ഹാസ്യം തന്റെ കയ്യില്‍ ബാക്കിയുണ്ടെന്ന് ഹരീഷ് ‘ശിക്കാരി’യിലൂടെയും  വ്യക്തമാക്കുന്നു.
shikkari-shambhu
നായകനും ബാക്കി കഥാപാത്രങ്ങളും
കുഞ്ചാക്കോ ബോബന്റെ നായകപാത്രം അത്ഭുത നിര്‍മ്മിതിയല്ല.അമാനുഷികനുമല്ല. മണ്ണില്‍ തൊടുന്ന നായകനാണ് സിനിമയിലുള്ളത് . ശിവദയുടെ ‘വില്ലത്തി’കഥാപാത്രത്തോട് തോന്നുന്ന പ്രണയം പലപ്പോഴും നിശ്ശബ്ദമാണ്. എന്നാല്‍ ആ പ്രണയം ജീവിതമായി പരിണമിക്കുന്നുമുണ്ട്. ‘വില്ലത്തിയെ’ ഭാര്യയായി നാട്ടിലേക്ക് ക്ഷണിക്കുന്നിടത്ത് അത് പ്രകടമാണ്. വില്ലത്തിയായ ശിവദ  ജയിലില്‍ പോകുമ്പോള്‍ മകളെ ഏറ്റെടുക്കുന്ന നായകന്‍ കാത്തിരിപ്പിന്റെ പ്രതീകമാകുന്നു(‘കസ്തൂരിമാനി’ല്‍ നാമിത് കണ്ടതാണ്).
വിഷ്ണു ഉണ്ണിക്കൃഷ്ണനും നിരാശപ്പെടുത്തുന്നില്ല.പുതുമുഖ നായിക അല്‍ഫോണ്‍സ,മണിയന്‍പിള്ളരാജു,സലിംകുമാര്‍,കൃഷ്ണകുമാര്‍,സംവിധായകരായ ജോണി ആന്റണി,അജി,സാദ്ദിഖ്,സ്ഫടികം ജോര്‍ജ്ജ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയായി കൈകാര്യ  ചെയ്യുന്നു.
62553182
എറണാകുളം ജില്ലയിലെ വടാട്ടുപാറ മേഖലയിലാണ് സിനിമ കൂടുതലായും ചിത്രീകരിച്ചത്. ‘പുലിമുരുകനില്‍’ കണ്ട ആ കാട്ടുസൗന്ദര്യത്തിന്റെ തുടര്‍ച്ച മിക്ക ഫ്രെയിമുകളിലുമുണ്ട്. ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍.ശ്രീജിത്താണ് സംഗീത സംവിധായകന്‍.ബോബന്റെ കലാസംവിധാനവും മികച്ചത് തന്നെ.
Top