20
Jan 2019
Sunday
Save Alappad

ആര്‍ട്ടിസ്റ്റ് ഉപകരണം മാത്രമാണ്; സിനിമയിലെ സ്ത്രീപക്ഷം, അത് എഴുത്തുകാരന്റെ ചുമതലയാണ്: മഹേഷ് നാരായണ്‍

mahesh narayanan

മലയാള സിനിമയുടെ ടേക് ഓഫ്, അതിന് മഹേഷ് നാരായണനിലൂടെയാണ് നമ്മള്‍ സാക്ഷികളായത്. ശൈലികളെല്ലാം മാറ്റി നിസഹായരും, അതിജീവിക്കുന്നവരുമായ കുറച്ച് അഭിനേതാക്കള്‍, ഗിമ്മിക്കുകളൊന്നും ഇല്ലാതെ ഇവര്‍ ചേര്‍ന്ന് മലയാള സിനിമയെ ഉയര്‍ത്തിയത് ഒരു പുതിയ തലത്തിലേക്കാണ്. കെട്ടുറപ്പുള്ള ഒരു തിരക്കഥ തന്നെയാണ് ടേക് ഓഫിന്റെ സാരഥി. സിനിമ ഇറങ്ങി ഒരു വര്‍ഷം പിന്നിടുന്നു. സിനിമ ഇന്നും തരുന്ന അംഗീകാരങ്ങളെ കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണ്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിക്കുന്നു.

ടേക് ഓഫ് സിനിമ ഇറങ്ങിയിട്ട് ഒരു കൊല്ലം കഴിയുന്നു,ചിത്രം ഇന്നും ഉയരങ്ങളിലേക്ക് പറക്കുകയാണ്. എന്ത് തോന്നുന്നു? 
ടേക്ക് ഓഫിനെ സംബന്ധിച്ച അംഗീകരങ്ങളും നല്ല വാക്കുകളുമെല്ലാം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഗ്ലോബലി ചര്‍ച്ച ചെയ്ത ഒരു പൊളിറ്റിക്സ് കൈകാര്യം ചെയ്തു എന്നത് തന്നെയാണ് ഈ സിനിമയെ ഇത്രമാത്രം ചര്‍ച്ചയാക്കിയത്. ഒരു സ്ത്രീയുടെ പോയന്റില്‍ അവിടെ വിന്ന് കഥ പറഞ്ഞു എന്നതാണ് ടേക് ഓഫിന്റെ പ്രത്യേകത.

take
സിനിമയിലെ സ്ത്രീകള്‍, സ്ത്രീ പക്ഷം, സ്ത്രീ വിരുദ്ധത.. എന്താണ് മഹേഷിന്റെ ഈ വിഷയത്തിലെ കാഴ്ചപ്പാട്?

മലയാളി സിനിമയിലെ സ്ത്രീ വിരുദ്ധത എന്നത് ഇന്നോ ഇന്നലെ തുടങ്ങിയതും അല്ല. അത് പണ്ട് മുതലേ ഉണ്ട്.എന്നെ സംബന്ധിച്ചടുത്തോളം കെജി ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലാണ് മലയാളി കണ്ടതില്‍ വച്ച ഏറ്റവും വലിയ സ്ത്രീ പക്ഷ സിനിമ. പക്ഷേ ഇന്ന് സ്ത്രീ പക്ഷ സിനിമ എന്ന് പറഞ്ഞ് വരുന്ന സിനിമകള്‍ കാണിക്കുന്നതും പുരുഷനൊപ്പം എത്താന്‍ സാധിക്കാതെ ഒരു സ്ത്രീ കഥാപാത്രം ജീവിതത്തോട് പൊരുതുന്നതാണ്. സ്ത്രീപക്ഷമെന്ന് കാണിക്കേണ്ടത് തീര്‍ച്ചയായും അതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എവിടെയോ വായിച്ചു,  സ്ത്രീകളെ ഒട്ടും മാനിക്കാത്ത ഭാഷ മലയാളമാണെന്ന്. ഒരു തരത്തില്‍ അത് സത്യമായിരിക്കാം. എം ടി സാറിന്റെ കഥയിലോ തിരക്കഥയിലോ വരെ ഇന്ന് നമ്മള്‍ ഈ പറഞ്ഞ സ്ത്രീ വിരുദ്ധത കാണാം.

സ്ത്രീകളെ തരംതാഴ്ത്തി അത്തരത്തിലുള്ള ഒരു ഡയലോഗ് പറഞ്ഞ് നായകന്‍ സ്ലോമോഷനില്‍ പോകുമ്പോളാണ് കയ്യടി ലഭിക്കുന്നത്. നല്ല ഒരു ക്ലൈമാക്സ് സീനില്‍ ലഭിക്കുന്ന കയ്യടിതന്നെ ഇവിടെയും ലഭിക്കുന്നുണ്ട്.  ഇങ്ങനെ കയ്യടിച്ചവരില്‍ എല്ലാ പ്രായക്കാരും ഉണ്ട്, സ്ത്രീകളും ഉണ്ട്. കയ്യടിയാണ് വിഷയം. കയ്യടിയ്ക്ക് വേണ്ടി ഇത്തരം ഡയലോഗുകള്‍ മിക്ക സിനിമകളിലും ഉണ്ടായിട്ടുണ്ട്. ഇനി ഉണ്ടാകുകയും ചെയ്യും. ഇത് ഗ്ലോറിഫൈ ചെയ്യുന്നതാണ് അപകടം.

WhatsApp Image 2018-01-25 at 13.11.37
ഇന്ന് കോമഡിയാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധതയുടെ മുഖം പ്രകടമാക്കുന്നത്. അത്തരം തമാശകള്‍ക്ക് സ്ത്രീകളും തീയറ്ററില്‍ കയ്യടിക്കുന്നുണ്ട്. ആര്‍ത്തവും പോലും തമാശയായി ചിത്രീകരിക്കുന്ന സീനുകളുണ്ട് സിനിമയില്‍. പക്ഷേ ഇതെല്ലാം അവരിലേക്കാണെന്ന്  ചൂണ്ടുന്നതെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നില്ല. ഇത് തെറ്റാണ് ഇതിനല്ല കയ്യടിക്കേണ്ടത്, എന്ന പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. മാറ്റം അപ്പോഴാണുണ്ടാകുക. കയ്യടി തുടരുമ്പോള്‍ ഇത്തരം സീനുകളും തീയറ്ററില്‍ കാണാം.
നിര്‍ഭയ വിഷയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇന്ത്യാസ് ഡോട്ടര്‍ എന്ന ഹ്രസ്വ ചിത്രം നോക്കൂ. അത് ഇന്ത്യയില്‍ നിരോധിച്ചതാണ്. ആ ഷോര്‍ട്ട് ഫിലിം റേപ് ചെയ്ത ആളിന്റെ ജീവിത സാഹചര്യം, ചുറ്റുപാട് എന്നിവയാണ് അന്വേഷിക്കുന്നത്.

image (41)അതുപോലെ ഇത്തരം സ്ത്രീ വിരുദ്ധത വരുന്ന സിനിമകള്‍ എഴുതുന്നവര്‍ വളര്‍ന്ന ചുറ്റുപാട് പരിശോധിക്കണം. സ്ത്രീ വിരുദ്ധത ആഘോഷമാക്കുന്ന ഒരു അന്തരീക്ഷത്തിലാവും അവര്‍ വളര്‍ന്നത്. 80ശതമാനം വീടുകളിലേയും അവസ്ഥ ഇതാണ്. ഫിലിംമേക്കേഴ്സ് ഇതൊരു പ്രശ്നമായി കാണുന്നില്ല.ഇത് ചൂഷണം ചെയ്താണ് ഇവര്‍ സിനിമ ചെയ്യുന്നത്. ഇതിന് കയ്യടിക്കരുതെന്ന് പ്രേക്ഷകനാണ് തീരുമാനിക്കേണ്ട്.

എന്റെ കാഴ്ചപ്പാടില്‍ ഒരു 20കൊല്ലം മുമ്പ് വരെ  മനുഷ്യന്റെ വികാര വിചാരങ്ങളെ സ്വാധീനിച്ചിരുന്നത് പുസ്തകങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അത് ന്യൂ മീഡിയയാണ്, ടെലിവിഷനിലൂടെ അവര്‍ കാണുന്നതാണ്. വാര്‍ത്തകളുടെ ലോകവും ഇന്ന് വ്യത്യസ്തമാണ്. അതാണ് അവര്‍ക്ക് മുന്നിലുള്ളത്.

ശക്തമായ സ്ത്രീ കഥാപാത്രമാണ് ടേക് ഓഫില്‍ പാര്‍വതിയുടെ സമീറ. സിനിമയിലും പുറത്തും പാര്‍വതിയുടെ നിലപാടുകള്‍ ശക്തമാണ്. കസബ വിഷയത്തില്‍ മഹേഷിന്റെ നിലപാട്?

പാര്‍വതി ഒരിക്കലും മമ്മൂട്ടിയ്ക്ക് എതിരായി അല്ല അന്ന് പറഞ്ഞ്. ഉദാഹരണമായി ആ സിനിമയുടെ പേര് പറഞ്ഞതാണ് വിവാദമായത്. എന്റെ കാഴ്ചപ്പാടില്‍ അഭിനേതാക്കള്‍ എക്കാലത്തും റോ മെറ്റീരിയല്‍സ് ആണ്. എഴുത്തുകാരാണ് അത് ശ്രദ്ധിക്കേണ്ടത്. എഴുത്തുകാര്‍ക്ക് ഇത് എഴുതിയാല്‍ കയ്യടി ലഭിക്കില്ലെന്നെ ബോധം ഉണ്ടായാല്‍ ഇത്തരം എഴുത്തും നില്‍ക്കും.
സെക്സി ദുര്‍ഗ്ഗ, പത്മാവതി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാത്രമല്ല ആക്രമണം നേരിടേണ്ടി വന്നത്. പ്രേക്ഷകരില്‍ നിന്ന് കൂടിയാണ്..

എന്ത് കൊണ്ടോ എന്റെ സിനിമയ്ക്ക് കേരളത്തില്‍ ഒരു എതിര്‍പ്പും ഉണ്ടായില്ല. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡില്‍ നിന്ന്  ലഭിച്ചത്. മതപരമായ പലതും ചിത്രത്തില്‍ ഉണ്ടായിരുന്നു.  എങ്കിലും ചിത്രം പങ്കുവച്ച ഗ്ലോബല്‍ ഇഷ്യൂ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടത്. പക്ഷേ എന്റെ ചിത്രത്തിന് സൗദിയില്‍ നിന്ന് ഫത്വ വന്നിരുന്നു. ആ രാജ്യത്തെ മോശമായി കാണിച്ചുവെന്നായിരുന്നു കാരണം.  നഴ്സുമാരെ മോശമായി കാണിച്ചു എന്ന കാരണത്താല്‍ കുവൈറ്റിലും ഈ ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയില്ല. ഐസ്എസിന്റെ  ഫ്ലാഗ് ബ്ലര്‍ ചെയ്ത് മാത്രമേ യുഎസില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം തന്നുള്ളൂ. കേരളത്തില്‍ ഇതിനെല്ലാം ഒരു തടസ്സവുമുണ്ടായില്ല.  അതിന് എനിക്ക് നന്ദിയുണ്ട്. ബോബെയിലുള്ള എന്റെ സിനിമാ സുഹൃത്ത് ടേക് ഓഫിന് സെന്‍സര്‍ബോര്‍ഡ് കത്രിക വച്ചില്ലെന്നത് അത്ഭുതത്തോടെയാണ് കേട്ടത്.

WhatsApp Image 2018-01-25 at 13.11.42

സെക്സി ദുര്‍ഗ്ഗ, പത്മാവത് എന്നീ ചിത്രങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഈ പ്രശ്നങ്ങള്‍ പണ്ടും പല ചിത്രങ്ങളും അനുഭവിച്ചിട്ടുണ്ട്.  ജോധാ അക്ബര്‍ എന്ന ചിത്രത്തിനെതിരെ 5 കേസുകളാണ്ഉണ്ടായത്. പേര് മാറ്റി ചിത്രം ഇറക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചാല്‍ സിനിമ എങ്ങനെയെങ്കിലും പ്രേക്ഷകരിലേക്ക് എത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആ വിട്ടു വീഴ്ച നടത്തണം എന്നാണ് എന്റെ അഭിപ്രായം. സിനിമ കാണാതെ പോകരുത്,  അത് പ്രേക്ഷകരില്‍ എത്തണം.
ഇന്ന് കാണുന്ന ഈ പ്രതിഷേധങ്ങളെല്ലാം വരും കാലങ്ങളില്‍ ഇനിയും കൂടുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. സദാചാരം, മതം ഇതെല്ലാം തുടങ്ങുന്നത് ഭയത്തില്‍ നിന്നാണ്. മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളില ക്രൈം റേറ്റ് കുറവാണെന്ന് അടുത്തകാലത്താണ് നമ്മള്‍ റിപ്പോര്‍ട്ട് വായിച്ചത്. ഇങ്ങനെയാണ് നമ്മുടെ സംസ്കാരം,  ഇത് പാലിക്കണം എന്ന് ചെറിയ തലമുറയിലേക്ക് ഇന്‍ജക്റ്റ് ചെയ്യുകയാണ്.  ഇപ്പോള്‍ കുടുംബത്തിലെ ഓരു വാട്സ് ആപ് ഗ്രൂപ്പ് ആണെങ്കില്‍ രാവിലെ അവിടെ ഗുഡ്മാണിംഗ് മെസേജിന്റെ കൂടെ ദൈവത്തിന്റെ ഒരു ചിത്രം വരും അല്ലെങ്കില്‍ ഒരു സൂക്തം. അത് ചെറിയ തലമുറയിലേക്ക് ഭയം വളര്‍ത്തുകയാണ്. ഇങ്ങനെയാണ് മതം അനുശാസിക്കുന്നത്, ഇത് ചെയ്തില്ലെങ്കില്‍ കുടുംബവും മതവും സുഹൃത്തുക്കളും തള്ളിപ്പറയും എന്ന ഭയമാണ് അവരെ മുന്നോട്ട് നയിക്കുന്നത്.ഇതെല്ലാം  സിനിമയിലേക്ക് വരണമോ വേണ്ടയോ എന്ന് എഴുത്തുകാരനാണ് തീരുമാനിക്കേണ്ടത്. ഞാന്‍ പറഞ്ഞില്ലെ… അത് തുടങ്ങുന്നത് അവരുടെ ചുറ്റുപാടില്‍ നിന്നാണ്.

Top