Advertisement

പൊന്നും വിലയുള്ള പത്ത് വര്‍ഷങ്ങളും താരങ്ങളും; പതിനൊന്നില്‍ വീണ്ടും സ്റ്റോക്‌സ്!!!

January 27, 2018
Google News 1 minute Read

2008ലാണ് ഐപിഎല്‍ എന്ന ക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ സിനിമകളെ തിയ്യേറ്ററുകളില്‍ ആര്‍പ്പുവിളികളോടെ ആരാധകര്‍ സ്വീകരിക്കുന്നതിന് തുല്യമായിരുന്നു ഐപിഎല്‍ ക്രിക്കറ്റിന് ഇന്ത്യയില്‍ ലഭിച്ച പിന്തുണ. കോടികളുടെ കണക്കില്‍ ക്രിക്കറ്റ് ലോകം അഭിരമിച്ചു. വിദേശ താരങ്ങള്‍ ഐപിഎല്‍ ക്രിക്കറ്റിനെ സ്വപ്‌നം കാണാന്‍ തുടങ്ങി. കാരണം, കോടികളുടെ കളിയാണ് ഓരോ ഐപിഎല്‍ എഡിഷനുകളിലും. സിംഗിളുകള്‍ പോലെ ഇഴഞ്ഞ് നീങ്ങുന്നതായിരുന്നില്ല അവിടുത്തെ സ്റ്റാറ്റിസ്റ്റിക്‌സ്. സികസറുകളേക്കാള്‍ വേഗത്തില്‍ കുതിച്ച കോടികളുടെ കണക്കില്‍ പല താരങ്ങളും പൊന്നും വിലയുള്ള രാജകുമാരന്‍മാരായി. ഐപിഎല്‍ ചരിത്രത്തില്‍ ഓരോ വര്‍ഷവും ഏറ്റവും മൂല്യത്തില്‍ വില്‍ക്കപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നാം ഓര്‍മ്മിക്കുന്നുണ്ടോ? ആ പൊന്നും താരങ്ങള്‍ ഇവരാണ്…

2008ലെ ആദ്യ ഐപിഎല്‍ എഡിഷനില്‍ ഏറ്റവും മൂല്യത്തില്‍ വില്‍ക്കപ്പെട്ടത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ആയ എം.എസ് ധോണി തന്നെയാണ്. അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് ധോണിയെ 7 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

2009ല്‍ ഏറ്റവും കൂടിയ മൂല്യത്തില്‍ വിറ്റ് പോയവര്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ താരങ്ങളാണ്. കെവിന്‍ പീറ്റേഴ്‌സണും ആന്‍ഡ്രൂ ഫ്‌ലിന്റോഫുമായിരുന്നു ആ ഇംഗ്ലണ്ട് താരങ്ങള്‍. 7.5 കോടി രൂപയായിരുന്നു അന്ന് രണ്ട് താരങ്ങള്‍ക്കും. പീറ്റേഴ്‌സനെ നേടിയത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആയിരുന്നെങ്കില്‍ ഫ്‌ലിന്റോഫ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായിരുന്നു.

2010ലും ഇന്ത്യന്‍ കളിക്കാരായിരുന്നില്ല ഏറ്റവും മൂല്യമേറിയ താരങ്ങളായത്. ന്യൂസിലാന്‍ഡ് താരം ഷെയ്ന്‍ ബോണ്ടും വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡും ആ വര്‍ഷം വിറ്റുപോയത് റെക്കോര്‍ഡ് തുകയായ 3.5 കോടി രൂപയ്ക്കായിരുന്നു. ബോണ്ടിനെ കൊല്‍ക്കത്തയും പൊള്ളാര്‍ഡിനെ മുംബൈയും സ്വന്തമാക്കി.

2011 ല്‍ അത് വരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒരു ഇന്ത്യന്‍ താരം ഏറ്റവും വലിയ ലേല തുകയ്ക്ക് വിറ്റുപോയി. ഗൗതം ഗംഭീര്‍ ആയിരുന്നു ആ താരം. സ്വന്തമാക്കിയത് 11 കോടി എന്ന റെക്കോര്‍ഡ് തുകയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.

2012ല്‍ രവീന്ദ്ര ജഡേജയായിരുന്നു താരം. ഇന്ത്യന്‍ ഓള്‍റൗണ്ടറായ ജഡേജയെ ചെന്നൈ സൂപ്പര്‍ കിംങ്‌സ് അവരുടെ തട്ടകത്തിലെത്തിച്ചത് 9.7 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്ക്.

2013ല്‍ താരമാകാനുള്ള ഭാഗ്യം ലഭിച്ചത് ഓസ്‌ട്രേലിയന്‍ താരമായ ഗ്ലെന്‍ മാക്‌സ്‌വെലിനായിരുന്നു. ട്വന്റി-20 സ്‌പെഷ്യലിസ്റ്റായ മാക്‌സ്‌വെല്‍ 5.3 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത് 2013ലാണ്. അതായിരുന്നു ആ വര്‍ഷത്തെ കൂടിയ വില.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ് നടന്നിട്ടുള്ളത് ഇന്ത്യയുടെ മികച്ച ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ യുവരാജ് സിംഗിന് വേണ്ടിയാണ്. 2014ലും 2015ലും റെക്കോര്‍ഡ് തുക നേടിയത് യുവിയാണ്. 2014ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് യുവിയെ സ്വന്തമാക്കിയത് 14 കോടിയെന്ന അതുവരെയുള്ള എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക്. ആ റെക്കോര്‍ഡ് ആരും ഇനി മറികടക്കില്ലെന്ന് വിധിയെഴുതിയപ്പോള്‍ 2015ല്‍ ആ റെക്കോര്‍ഡ് അതിവേഗം തകര്‍ക്കപ്പെട്ടു. ആ റെക്കോര്‍ഡ് തകര്‍ത്തതും യുവി തന്നെയാണ്. 2014ലെ മികച്ച പ്രകടനം യുവരാജിനെ 2015ലും പൊന്നും വിലയുള്ള താരമാക്കി. 2015ല്‍ 16 കോടിയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിന് വേണ്ടി ചെലവഴിച്ചത്.
എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ യുവരാജിന്റെ അക്കൗണ്ട് ശുഷ്‌ക്കിച്ചു. മോശം പ്രകടനം യുവരാജിനെ പിന്നിലാക്കി.

2016ല്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സനായിരുന്നു ഏറ്റവും വിലയേറിയ താരം. 9.5 കോടിയാണ് വാട്‌സണ്‍ എന്ന ഓസീസ് ഓള്‍റൗണ്ടര്‍ക്കായ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ചെലവഴിച്ചത്.

2017ല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയോടെയായിരുന്നു ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആ വര്‍ഷത്തെ താരമായത്. 14.5 കോടി രൂപയ്ക്ക് പൂണെയാണ് സ്റ്റോക്‌സിനെ സ്വന്തമാക്കിയത്. യുവരാജ് 2015ല്‍ നേടിയ 16 കോടിയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്ത് 2017ല്‍ ബെന്‍ സ്റ്റോക്‌സ് എത്തി.
കഴിഞ്ഞ വര്‍ഷത്തെ മികവുറ്റ പ്രകടനം ഈ വര്‍ഷവും സ്റ്റോക്‌സിനെ മൂല്യമേറിയ താരമാക്കി. 12.50 കോടി രൂപയ്ക്ക് ഇത്തവണ രാജസ്ഥാന്‍ റോയല്‍സാണ് സ്റ്റോക്‌സിനെ നേടിയെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here