Advertisement

നിർമ്മാതാവ് സന്തോഷിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യം; പിന്നിൽ ദുബായ് കുബേര മാഫിയ

February 5, 2018
Google News 2 minutes Read

ദുബായ് കേന്ദ്രീകരിച്ച് ബിസ്സിനസ്സ് നടത്തി വന്ന സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിന് പിന്നിൽ ബ്ലേഡ് പലിശയ്ക്ക് പണം നൽകി സ്വത്തുക്കൾ അപ്പാടെ തട്ടിയെടുക്കുന്ന മാഫിയ സംഘമാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ദുബായ് പോലീസ് ആലോചിക്കുന്നു. ചില നിർണായക തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് സന്തോഷിന്റേയും കുടുംബത്തിന്റെയും ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണ സാധ്യത ഏറുന്നത് . 2014 ജൂലൈ 15 ചൊവ്വാഴ്ചയാണ് സിനിമാനിര്‍മാതാവും ബിസിനസ്സുകാരനുമായ സന്തോഷ് കുമാറിനെയും (45) ഭാര്യ മഞ്ജുളയെയും (37) മകള്‍ ഗൗരിയെയും (9) ദുബായ് അല്‍നഹ്ദയിലെ ഫ്‌ളാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗൗരിയുടെ മൃതദേഹം തലയണകൊണ്ട് ശ്വാസംമുട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇരുകൈകളുടെയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ മൃതദേഹം. ശരീരത്തിൽ മറ്റു മുറിപ്പാടുകളും ഉണ്ടായിരുന്നു.

ബിസ്സിനസ്സ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണമുള്ള ആത്മഹത്യ ആണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക വിജയം നേടിയ നീലത്താമര രതിനിർവേദം പോലുള്ള സിനിമകളുടെ സഹനിർമ്മാതാവായിരുന്ന സന്തോഷ് ഇത്രയും വലിയ കടക്കെണിയിൽ പെട്ടതെങ്ങനെ എന്ന ചോദ്യം സുഹൃത്തുക്കളുടെ മനസ്സിൽ ഉയർന്നിരുന്നുവെങ്കിലും അന്യ രാജ്യമായതിനാൽ നിശബ്ദത പാലിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഭയന്ന് മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പോലും ആളുണ്ടായില്ല.

ഞെട്ടിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു ?

santhosh-1

കുബേര മാഫിയയുടെ സ്നേഹം നിറഞ്ഞ പിടിയിൽ ഞെരിഞ്ഞമർന്ന സന്തോഷ് തന്റെ ഈ വിധമുള്ള അധഃപതനം സ്വപനത്തിൽ പോലും കണ്ടിരുന്നില്ല. നിരവധി തവണ സാമ്പത്തിക ഞെരുക്കം ഉണ്ടായിട്ടുണ്ടെങ്കിലും തനിക്കും കുടുംബത്തിനും ഉണ്ടാകാൻ പോകുന്ന വിധിയെ ഒരിക്കലും മുൻകൂട്ടികാണാൻ സന്തോഷിന് കഴിഞ്ഞിരുന്നില്ല. എന്നാൽ സന്തോഷിന്റെ ഭാര്യ മഞ്ജു അങ്ങനെ ആയിരുന്നില്ല. തങ്ങളെ വരിഞ്ഞു മുറുക്കാൻ പോന്ന വഞ്ചനയും ചതിയും പിന്നിലൊളിപ്പിച്ചാണ് പഞ്ചാര വർത്തമാനവും പുഞ്ചിരിയുമായി കുബേര മാഫിയ തന്റെ ഭർത്താവിന്റെ തോളിൽ കയ്യിട്ടു നടക്കുന്നതെന്ന് മഞ്ജു പലതവണ ഭർത്താവിനെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ചില ഫോൺ സംഭാഷണങ്ങൾ മഞ്ജു തന്റെ ചില സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളിൽ ചിലതിനു പിന്നാലെ പോലീസ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് സൂചന.

ആ പകലിൽ ആ കുടുംബം പേടിച്ചു വിറച്ചു പോയി

santhosh death 2

ലോകത്തിലെ ഏറ്റവും മികച്ച അച്ഛൻ തന്റേതാണ് എന്ന കാര്യത്തിൽ ഗൗരിക്ക് സംശയം ഇല്ല. അവൾ അക്കാര്യം മനോഹരമായി വരച്ചുണ്ടാക്കി അച്ഛന് സമ്മാനിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. ജൂൺ 17 ; ഫാദേഴ്‌സ് ഡേക്ക് ഗൗരി വരച്ചൊരു ചിത്രമുണ്ട്. അച്ഛന്‍ സന്തോഷിന് ആ ചിത്രം സമ്മാനിച്ചിട്ട് അവൾ പറഞ്ഞിരുന്നു ”എന്റെ അച്ഛനാണ് ലോകത്തിലെ ഏറ്റവും മികച്ച അച്ഛൻ”. അവൾ തന്നെയാണ് ചിത്രത്തിന് കാപ്‌ഷനും നൽകിയത് – ‘ബെസ്റ്റ് ഡാഡ്’. ആ ചിത്രത്തിലേക്ക് കൂടുതൽ നോക്കാനായികാണില്ല സന്തോഷിന്. എങ്കിൽ പിന്നെ മനസ്സിൽ രൂപപ്പെടുത്തിയ ‘ചെകുത്താൻ’ പതറിപ്പോയേനെ. അവളെ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ ജീവന്റെ അവസാന ശ്വാസം പോലും ഇല്ല എന്നുറപ്പു വരുത്തണം. അത്രയും സമയം പോരാ. പിന്നെ അവൾ മരിച്ച ദുഃഖം അനുഭവിക്കവേ തന്നെ സ്വയം ജീവനൊടുക്കാനുള്ള ശക്തിയും വേണം. മഞ്ജു താൻ മുൻകൂട്ടി കണ്ട വിധിയെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കണം. ശരീരത്തിൽ ഇരു കൈകളിലും രക്തം ചീറിപ്പോകാൻ പാകത്തിന് വടുക്കളുണ്ടാക്കി മരണം കാത്ത് കിടക്കാൻ മഞ്ജുവിന് അപാരധൈര്യം തന്നെ വേണ്ടി വന്നിരിക്കണം.

ആ തീരുമാനം എടുത്ത രാത്രിയ്ക്ക് മുന്നേ പകലിൽ സംഭവിച്ചതെന്ത് ?

ഏതാണ്ട് ഒരു കോടിയിലധികം രൂപയുടെ തീർക്കാനാവാത്ത ബാധ്യതയാണ് ഏറ്റവുമൊടുവിൽ സന്തോഷിനെ അലട്ടിയിരുന്നത്. അവധി പലതു കഴിഞ്ഞതോടെ ഈടിനായി ഒരു ചെക്ക് കൂടി വേണമെന്നായി ‘കുബേര’. അതും ഭാര്യ മഞ്ജുവിന്റെ ചെക്ക് വേണം. മാത്രം പോരാ; നാട്ടിൽ മഞ്ജുവിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള വസ്തുവിന്റെ പവർ ഓഫ് അറ്റോർണിയും ബ്ലാങ്ക് മുദ്രപത്രം ഒപ്പിട്ടതും നൽകണം. ഇത് കയ്യിലിരിക്കുന്ന ഷൈലോക്കിന്റെ ഭീഷണി പലതവണ എത്തിയതോടെ സന്തോഷ് സമ്മർദ്ദത്തിലായി. ഒടുവിൽ ഭീഷണി ചെക്ക് ഉടമയായ മഞ്ജുവിന് നേർക്കായി.

കുടുംബം തന്നെ അപ്പാടെ ഇല്ലാതാവാൻ തീരുമാനിക്കുന്നത്തിനും മണിക്കൂറുകൾക്ക് മുൻപ് ഭീഷണിയുടെ അവസാന സ്വരവും എത്തി. മഞ്ജുവിനായിരുന്നു സന്ദേശം. ഇനി പിടിച്ചു നിൽക്കാനാവില്ല. അത്ര ശക്തരാണ് എതിരാളികൾ എന്ന് അവർക്ക് നന്നായറിയാം. ഒരു മനസും ശരീരവുമായി ഉല്ലസിച്ച കാലത്തു കുബേരകൾ തങ്ങളുടെ ഇറക്ക് മുതൽ തിരിച്ചു പിടിക്കുന്ന രീതി അടുത്തു നിന്ന് കണ്ടിട്ടുണ്ട്; ഭയന്ന് പോയിട്ടുണ്ടെന്ന് സന്തോഷ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുമുണ്ട്. അവർ ഇപ്പോൾ തന്റെ നേർക്കാണ്.

ആത്മഹത്യയോ കൊലപാതകമോ ?

സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ആത്മഹത്യ ആണെന്ന നിഗമനം പുനഃപരിശോധിക്കുകയാണ് ദുബായ് പോലീസിന്റെ ലക്‌ഷ്യം എന്നാണ് സൂചന.

പണം പലിശയ്ക്ക് നൽകുന്നവർ നേരിട്ടോ മറ്റേതെങ്കിലും തരത്തിലോ സന്തോഷ് കുമാറിന്റെ ഫ്‌ളാറ്റിൽ സംഭവത്തിനും മുൻപ് എത്തിയിട്ടുണ്ടോ ? പണം ആവശ്യപ്പെട്ടയച്ച ഭീഷണി സന്ദേശങ്ങളിൽ സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ജീവന് നേർക്ക് ഭീഷണി അടങ്ങിയിരുന്നോ ? പലിശയ്ക്ക് നൽകുന്നവർക്ക് ഇത്രയും പണം എവിടെ നിന്നും ലഭിക്കുന്നു ? ദുബായിയിൽ ഇക്കൂട്ടർ നടത്തുന്ന ബിസിനസ്സുകൾ എന്തൊക്കെയാണ് ? ചോദ്യങ്ങൾ നിരവധിയാണ്. ഇനിയും ഞെട്ടിക്കുന്ന നിരവധി വിവരങ്ങൾ പുറത്തുവന്നേക്കും.

Is Dubai economic mafia behind producer Santhosh’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here