Advertisement

മഞ്ഞപ്പടയുടെ വെളിച്ചം മങ്ങുന്നു; സെമി സാധ്യതകള്‍ അകലെ

February 24, 2018
Google News 1 minute Read
blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ ഐഎസ്എല്‍ മത്സരങ്ങളില്‍ നിര്‍ഭാഗ്യങ്ങളുടെ പിടിയിലാണ്. പോരാട്ടം പ്ലേഓഫിനരികില്‍ എത്തിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള പാതയിലാണ്. ഇനി അത്ഭുതങ്ങള്‍ നടന്നാല്‍ മാത്രമേ കേരളത്തിന്റെ മഞ്ഞപ്പടയ്ക്കു സാധ്യതകള്‍ ഉള്ളൂ. ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത് നിര്‍ഭാഗ്യമാണെന്ന് പറയുന്നതാകും ഉചിതം.
ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പരാജയ തുല്ല്യമായ സമനില കുരുക്ക് വീണതോടെയാണ് മുന്നോട്ടുള്ള യാത്രക്ക് വഴിയടഞ്ഞത്. പെനല്‍റ്റിയിലൂടെ ഗോള്‍ അവസരം തുറന്ന് കിട്ടിയിട്ടും മഞ്ഞപ്പടയ്ക്ക് അത് മുതലെടുക്കാനായില്ല. 52-ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റി അവസരം പെക്കുസണ്‍ ലക്ഷ്യത്തിലെത്തിക്കാതിരുന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യചരിതം എഴുതപ്പെടുകയായിരുന്നു. ജീവന്മരണ പോരാട്ടത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ പലവട്ടം ബ്ലാസ്റ്റേഴ്‌സ് വരിഞ്ഞുമുറുക്കിയെങ്കിലും ഗോള്‍ പിറക്കാതായതോടെ കളിയുടെ ഒഴുക്ക് കുറഞ്ഞു. സെമി സാധ്യത ഏറെകുറെ ഉറപ്പിച്ച ചെന്നൈയിന് സമനില പോലും നിര്‍ണായകമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് അങ്ങനെയായിരുന്നില്ല. വിജയത്തിനപ്പുറം ഒന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ചിരുന്നില്ല.

17 കളികളില്‍ നിന്ന് 25 പോയന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്. അവസാന നാല് ടീമില്‍ ഇടംപിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനി സാധ്യതകള്‍ കുറവാണ്. പകുതി സാധ്യത പോലും ബ്ലാസ്റ്റേഴ്‌സിന് ഇനി കല്‍പ്പിക്കപ്പെടുന്നില്ല. ആരാധകര്‍ നിരാശയിലാണെങ്കിലും അവരുടെ മഞ്ഞപ്പടയെ തള്ളിപറയാനും പാതിയില്‍ ഉപേക്ഷിക്കാനും അവര്‍ തയ്യാറല്ല. അവസാന വിസില്‍ മുഴങ്ങും വരെ അവര്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെയായിരിക്കും. മാര്‍ച്ച് ഒന്നിന് ബംഗളൂരുവിനെതിരെയാണ് മഞ്ഞപ്പടയുടെ അവസാന മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here