Advertisement

ഇടതുപക്ഷം ശക്തിപ്പെടുത്തും, കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമുണ്ടാകില്ല; കോടിയേരി

February 25, 2018
Google News 1 minute Read
Kodiyeri Balakrishnann

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. എന്നാല്‍, അതിനുവേണ്ടി കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും സിപിഎം തയ്യാറല്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ കൃത്യമായ അറിവോടെയായിരിക്കണം വ്യാഖ്യാനിക്കേണ്ടത്. കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ രഹസ്യ അജണ്ട പുലര്‍ത്തുന്നുണ്ടെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും മുതിരില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതായിരുന്നു കോടിയേരിയുടെ വിശദീകരണം.

സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും കോടിയേരി സംസാരിച്ചു. രണ്ട് പാര്‍ട്ടികള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. ഇരുവരും അത് തുറന്നുപറയുന്നു. അതിന്റെ പേരില്‍ സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള കാര്യങ്ങളില്‍ ചര്‍ച്ച വേണം. അതിനെ കുറിച്ച് രണ്ട് പാര്‍ട്ടികളും ചര്‍ച്ച ചെയ്യും. സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഇടതുപക്ഷം പിളരുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും കോടിയേരി വിമര്‍ശനമുന്നയിച്ചു. മന്ത്രിസഭയില്‍ പുനഃസംഘടന നടക്കും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെയും കോടിയേരി നിഷേധിച്ചു.

കണ്ണൂരില്‍ നടന്ന ശുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നതായും കോടിയേരി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും കൊലപാതകത്തില്‍ കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here