Advertisement

‘ശത്രുക്കള്‍ ക്ഷീണത്തിലാണ്‌’;പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടികയറിയ പിണറായിയുടെ പ്രസംഗം

February 25, 2018
Google News 1 minute Read
Pinarayi vijayann

തൃശൂരില്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ സഖാവ്. മാമക്കുട്ടി നഗറില്‍ ലക്ഷകണക്കിന് വരുന്ന കമ്യൂണിസ്റ്റ് സഹയാത്രികര്‍ കാത്തുനിന്നത് സഖാവ്. പിണറായി വിജയന്റെ വാക്കുകള്‍ കേള്‍ക്കാനായിരുന്നിരിക്കണം. അത്രയേറെ ഹര്‍ഷാരവത്തോടെയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ജനങ്ങള്‍ എതിരേറ്റത്. പൊതുസമ്മേളന വേദിയില്‍ ഉദ്ഘാടകനായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിനുശേഷം പ്രസംഗപീഠത്തിലെത്തിയത് പിണറായി വിജയനായിരുന്നു.

പാര്‍ട്ടി അണികളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. തന്റെ ചിത്രം ആലേഖനം ചെയ്ത ചുവന്ന പതാക സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പിണറായി വിജയന്‍ തിരുത്തി. താന്‍ പാര്‍ട്ടിയുടെ അനുയായി മാത്രമാണെന്നും ഇത്തരത്തിലുള്ള പ്രവണത നന്നല്ലെന്നും പിണറായി വിജയന്‍ പരസ്യമായി അറിയിച്ചു. പാര്‍ട്ടി നേതാക്കള്‍ ആരാധിക്കപ്പെടുന്നത് നന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നര്‍മ്മബോധം കൈവിടാതെയാണ് പിണറായി പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനിടയില്‍ നടന്ന കരിമരുന്ന് പ്രയോഗത്തെ കുറിച്ച് തമാശരൂപേണ പിണറായി പരാമര്‍ശിച്ചു. ‘തൃശൂരല്ലേ, അപ്പോ ഇത്തിരി പടക്കമൊക്കെ ഉണ്ടാകും’ എന്ന് സ്വതസിദ്ധമായ ശൈലിയില്‍ പിണറായി പറഞ്ഞപ്പോള്‍ സദസ്സിലുള്ളവര്‍ ചിരിച്ചു, സമ്മേളന നഗരിയില്‍ ചുവന്ന പതാകയേന്തിയവര്‍ ആവേശപൂര്‍വ്വം ഹര്‍ഷാരവം മുഴക്കി.

എന്നാല്‍, പിന്നിടങ്ങോട്ട് പിണറായി വിജയന്‍ പാര്‍ട്ടി രാഷ്ട്രീയത്തെ കുറിച്ചും സംസ്ഥാനത്തെ കുറിച്ചും വ്യക്തമായി സംസാരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിണറായി വിജയനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമായി സംസാരിച്ചു. കാലാകാലങ്ങളായി വിഭാഗീയത തളംകെട്ടി നിന്നിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇന്ന് യാതൊരു വിധത്തിലുള്ള വിഭാഗീയതയും ഇല്ലെന്ന് പിണറായി പറഞ്ഞു. എതിരാളികള്‍ക്ക് പോലും അത്തരത്തിലൊരു രാഷ്ട്രീയ വിഭാഗീയതയെ കുറിച്ച് വിമര്‍ശിക്കാന്‍ കഴിയാത്ത വിധം പാര്‍ട്ടിയില്‍ നിന്ന് വിഭാഗീയത തുടച്ചുനീക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഒരു വിധത്തിലുള്ള വിഭാഗീയതയും ഇല്ലാതെയാണ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ കൊടി താഴുന്നതെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.

തന്റെ പ്രസംഗത്തില്‍ ചില മാധ്യമങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. വസ്തുതകള്‍ ഇല്ലാത്ത റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്ന് പിണറായി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ പൊറാട്ടുനാടകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങളൊന്നും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച പോലും ചെയ്യാത്ത കാര്യങ്ങളായിരുന്നു. ഇതില്‍ നിന്നെല്ലാം ചില മാധ്യമങ്ങള്‍ക്കുള്ള രഹസ്യ അജണ്ട പുറത്തുവരുന്നുണ്ട്. പറയാത്തതും ചര്‍ച്ച ചെയ്യാത്തതുമായ കാര്യങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വായില്‍ കുത്തികയറ്റി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ടെന്നും പിണറായി വിജയന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെ കുറിച്ചും പിണറായി വിജയന്‍ തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. കേരളത്തില്‍ കാലാകാലങ്ങളായി ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ സജ്ജമായി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് ദുര്‍ബലമായിരിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും ഇന്ന് ക്ഷീണത്തിലാണ്. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു കഴിഞ്ഞു. മുന്നണിയുടെ അടിത്തറ ഇളകികൊണ്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസും ജനതാദളും മുന്നണി വിട്ടു. കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണ് ഇന്ന് അവരുടെ മുന്നണി. കണ്ണൂരില്‍ നടന്ന ഷുഹൈബിന്റെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. അതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവിന്റെ സമ്മതത്തോടു കൂടിയാണ് സമാധാന ചര്‍ച്ച നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത സമാധാനയോഗത്തെ പോലും വഷളാക്കുന്നതിലേക്ക് എത്തിച്ചു.

സംസ്ഥാനത്തില്‍ വലിയ മുന്നേറ്റമുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ അവസ്ഥയും അതുതന്നെയാണ്. മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന ബിജെപിക്കെതിരെ ശക്തമായി പോരാടാന്‍ ഇടതുപക്ഷം തയ്യാറാണ്.കോണ്‍ഗ്രസിന്റെ വെച്ചുമാറല്‍ കൊണ്ടുമാത്രമാണ് കേരളത്തില്‍ അവര്‍ക്ക് ഒരു സീറ്റ് കിട്ടിയത്. ന്യൂനപക്ഷങ്ങളെ വെല്ലുവിളിച്ച് ഫാസിസ്റ്റ് നയങ്ങളുമായി ബിജെപി മുന്നേറിയാല്‍ അതിനെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിലെ ജനകീയ സര്‍ക്കാര്‍ തയ്യാറാണ്. നിയമസംവിധാനം തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലായിരുന്നു പിണറായി വിജയന്‍ നിലവിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് കാച്ചികുറുക്കിയ പ്രസംഗം നടത്തിയത്. നാല് ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ സമാപനമായി. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായി തുടച്ചുനീക്കിയുള്ള സമ്മേളനമാണ് ഇത്തവണ നടന്നതെന്നാണ് പാര്‍ട്ടി നേതാക്കളും കമ്മിറ്റി അംഗങ്ങളും ആവര്‍ത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here