Advertisement

ഷുഹൈബ് വധക്കേസിൽ സർക്കാർ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

February 27, 2018
Google News 0 minutes Read

ഷുഹൈബ് വധക്കേസിൽ സർക്കാർ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി . ക്രൂരമായ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും എന്തുകൊണ്ട് ആയുധം കണ്ടെടുത്തില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

അന്വേഷണം തൃപ്പതികരമാണെന്ന സർക്കാർ അഭിഭാഷകന്റെ നിലപാടിൽ കോടതിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് ജസ്റ്റീസ് കമാൽ പാഷ പറഞ്ഞു. പൊലീസിൽ ചാരൻമാരുണ്ടെന്നും അന്വേഷണ വിവരങ്ങൾ ചോരുന്നുണ്ടെന്നും എസ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും കോടതി ചോദിച്ചു.

ഹര്‍ജി ഭാഗം അഭിഭാഷകൻ രാഷ്ടീയ പ്രസംഗം നടത്തുകയാണെന്ന്‌ സ്റ്റേറ്റ് അറ്റോർണി പറഞ്ഞതിനെ കോടതി എതിർത്തു. യുവാവ് കൊല്ലപ്പെട്ടു കിടക്കുന്ന ദാരുണ ചിത്രം ഉയർത്തിക്കാട്ടിയ കോടതി 15 ദിവസമായിട്ടും ആയുധം കണ്ടെടുത്തില്ലന്ന് ഓർമ്മിപ്പിച്ചു. കേസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം, കേസ് ഏറ്റെടുക്കണമോ എന്ന വിഷയത്തില്‍ നിലപാടറിയിക്കാൻ സിബിഐ സാവകാശം തേടി. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് ഏറ്റെടുക്കുമോ എന്നതിനെ കുറിച്ച് സിബിഐ കോടതിയെ അറിയിക്കും.

ഷുഹൈബിന്റെ കൊലപാതകം സി പി എം നടത്തിയ ഭീകര പ്രവർത്തനമാണെന് ഷുഹൈബിന്റെ
പിതാവിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ടിഎ ആസഫ് അലി ബോധിപ്പിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തതാണ് കൊലപാതകം.

ഗൂഡാലോചന നടന്നിട്ടുണ്ട്. പ്രതികളിൽ ഒരാൾ 11 കേസുകളിൽ പ്രതിയാണ്. സിബിഐ അന്വേഷണ ആവശ്യത്തിൽ സർക്കാർ തന്നെ രണ്ടു തട്ടിലാണെന്നും നിയമമന്ത്രി സിബിഐ അന്വേഷണം ആവാമെന്നു പറയുമ്പോൾ മുഖ്യമന്ത്രി എതിർക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്തന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.

പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റിലായവർ പ്രതികളല്ലന്ന് പരാതിയില്ലന്നും
അന്വേഷണത്തിൽ മറ്റ് ബാഹ്യ ഇടപെടൽ ഇല്ലന്നും അറ്റോർണി വ്യക്തമാക്കി.

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here