Advertisement

യുപിയില്‍ എസ്പി, ബീഹാറില്‍ ആര്‍ജെഡി; അടിതെറ്റിയത് ബിജെപിക്ക്

March 14, 2018
Google News 3 minutes Read
by election

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആശ്വസിക്കാന്‍ വകയില്ലാതെ ബിജെപി. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും ബിജെപിക്ക് അടിതെറ്റി. പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി രണ്ടിടത്തും വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ് സമാജവാദി പാര്‍ട്ടി നേടിയെടുത്തത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കെ.പി. മൗര്യയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളായ ഗോരഖ്പൂരും ഫുല്‍പൂരുമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നേരിട്ടത്. ഫുല്‍പൂരില്‍ 59613 വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 22954 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. പ്രവീണ്‍ കുമാര്‍ വിജയം ഉറപ്പിച്ചെങ്കിലും അന്തിമ വിധി പുറത്തുവന്നിട്ടില്ല. ബിജെപി പരാജയപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മാധ്യമങ്ങളെ പുറത്തിറക്കിയത് ഗോരഖ്പൂരില്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു.

മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍, ഫലങ്ങള്‍ പുറത്തുവന്നതോടെ വിജയിക്കുമെന്ന അമിത പ്രതീക്ഷയാണ് തോല്‍വിക്ക് കാരണമെന്ന് യോഗി മാധ്യമങ്ങളോട് പറഞ്ഞു.

മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എസ്പിയെ പിന്തുണച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്പി, ബിഎസ്പി സഖ്യം ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍. തങ്ങളുടെ സഖ്യം ഇനിയും തുടരാനാണ് താല്‍പര്യമെന്ന് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണച്ച കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മത്സരിച്ചപ്പോള്‍ ശിഥിലമായ കാഴ്ചയും കണ്ടു. യുപിയിലെ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ഉത്തര്‍പ്രദേശിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ ലോക്‌സഭാ മണ്ഡലത്തിലും ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായ അരാരിയ മണ്ഡലം അവര്‍ നിലനിര്‍ത്തി. 61988 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം അരാരിയയില്‍ വിജയം സ്വന്തമാക്കി. ഒരു ലോക്‌സഭാ മണ്ഡലം കൂടാതെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ബീഹാറില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബബുവ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണെ പാണ്ഡ വിജയിച്ചപ്പോള്‍ ജെഹനാബാദില്‍ ആര്‍ജെഡിയുടെ മോഹന്‍ യാദവ് വിജയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here