Advertisement

സഞ്ചാരികള്‍ അറിഞ്ഞിരിക്കണം മിഠായിത്തെരുവിലെ പരിഷ്‌കാരങ്ങള്‍

March 17, 2018
Google News 0 minutes Read
sm street kozikkode

കോഴിക്കോട് നഗരത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് മിഠായിത്തെരുവ്. ചരിത്രമുറങ്ങുന്ന മിഠായിത്തെരുവിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. എന്നാല്‍, നവീകരിച്ച മിഠായിത്തെരുവ് കൂടുതല്‍ മനോഹരമായി കാത്തുസൂക്ഷിക്കാന്‍ സന്ദര്‍ശകര്‍ ശ്രമിക്കണം. അതിന്റെ ഭാഗമായി മിഠായിത്തെരുവില്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു.

ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി പാളയത്ത് നിന്ന് എംപി റോഡ് (മൊയ്തീന്‍ പള്ളി ജംഗ്ഷന്‍) വഴി ലാന്‍ഡ് വേള്‍ഡ് സെന്ററിലേക്ക് വാഹനങ്ങളെ കടന്നു പോകാന്‍ അനുവദിക്കാന്‍ തീരുമാനമായി. നേരത്തേ ഈ വഴി പ്രവേശനം അനുവദിച്ചിരുന്നില്ല. ഗതാഗതം സുഗമമാക്കാന്‍ വേണ്ടിയാണ് ഈ നിയമത്തില്‍ മാറ്റം വരുത്തിയത്. ലാന്‍ഡ് വേള്‍ഡ് സെന്ററില്‍ ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉള്ളതിനാലാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ മറ്റ് റോഡുകളില്‍ നിന്ന് ഇവിടേക്ക് പ്രവേശനമുണ്ടാകില്ല.

വ്യാപാരികളുടെയും തൊഴിലാളികളുടെയും സൗകര്യാര്‍ഥം ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ രണ്ട് ഓട്ടോറിക്ഷകള്‍ക്ക് മിഠായിത്തെരുവിലേക്ക് പ്രവേശനം അനുവദിക്കും. ഈ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. താജ് റോഡിലും കോര്‍ട്ട് റോഡിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പാര്‍ക്കിംഗ് കര്‍ശനമായി നിയന്ത്രിക്കും. പാര്‍ക്കിംഗിന് നിയന്ത്രണമില്ലാത്തതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതോടെ കാല്‍നടയാത്രക്കാര്‍ക്കും ഈ റോഡുകളിലേക്ക് പ്രവേശിക്കാം.

മറ്റൊരു പ്രധാന പരിഷ്‌കരണം എസ്‌കെ പൊറ്റെക്കാട്ട് സ്‌ക്വയറിലാണ് നടത്തിയിരിക്കുന്നത്. കോര്‍പറേഷന്‍ അനുമതിയില്ലാതെ എസ്‌കെ പൊറ്റെക്കാട്ട് സ്‌ക്വയറില്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. ചെറിയ പരിപാടികള്‍ക്ക് മാത്രമേ ഇവിടെ ഇനിമുതല്‍ അനുമതി നല്‍കൂ. ചെറിയ പരിപാടികള്‍ക്ക് ആവശ്യമായ മൈക്ക് സെറ്റ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഇവിടെ സജ്ജീകരിച്ച് നല്‍കും. പൊറ്റെക്കാട്ട് സ്‌ക്വയറില്‍ ഒരു സ്ട്രീറ്റ് മാനേജറെ മുഴുവന്‍ സമയം കോര്‍പറേഷന്‍ നിയമിക്കും. പല പരിപാടികളും അനുമതിയില്ലാതെ നടത്തുന്നതിനാലും പരിപാടികളുടെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നതിനാലുമാണ് പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്ക് പൊലീസിന്റെ നിര്‍ദേശം എപ്പോഴും ഉണ്ടായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here