Advertisement

കൊല്ലത്തെ സ്ക്കൈ വാക്ക്; ആശയം ആദ്യം മുന്നോട്ട് വച്ചത് ഈ വിദ്യാര്‍ത്ഥികള്‍

March 21, 2018
Google News 1 minute Read

സംസ്ഥാനത്തെ ആദ്യ സ്ക്കൈ വാക്ക് കൊല്ലം നഗരത്തില്‍ വരുന്നു.  ഈ വാര്‍ത്ത കൊല്ലം ചിന്നക്കട റൗണ്ടില്‍ നട്ടം തിരിഞ്ഞ എല്ലാ കാല്‍നടയാത്രക്കാര്‍ക്കും ഒരു ആശ്വാസ വാര്‍ത്ത തന്നെയായിരുന്നു. സ്ക്കൈ വാക്കിന് പ്രാഥമിക നടപടികള്‍ ഇപ്പോള്‍ ആരംഭിച്ച് കഴിഞ്ഞു.  എന്നാല്‍ ഇന്ത്യയിലെ തന്നെ ചില മെട്രോപൊളിറ്റന്‍ സിറ്റികളില്‍ മാത്രമുള്ള ഈ പദ്ധതി സംസ്ഥാനത്തേക്ക് ആദ്യം കൊണ്ട് വരണമെന്ന് സ്വപ്നം കണ്ടതും അതിനായി വിയര്‍പ്പൊഴുക്കിയതും കാരുവേലില്‍ ടികെഎം എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2016ല്‍. അന്ന് ജൂണ്‍ മാസത്തില്‍ പത്രങ്ങളില്‍ ഈ ആശയത്തെ പുകഴ്ത്തി വാര്‍ത്തകളും വന്നിരുന്നു. പത്രങ്ങളില്‍ ഇതിന്റെ രൂപരേഖയും മറ്റുമാണ് പ്രസിദ്ധീകരിച്ചത്.  2012-2016 കാലയളവിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കരുവേലിൽ എഞ്ചിനീയറിംഗ് കോളേജിലെ  സിവിൽ എഞ്ചിനീയറിംഗ് വിദ്യാർഥികളായിരിക്കെയാണ്   ഗൈഡ് എ ഷംനയുടെ മേല്‍നോട്ടത്തില്‍ ഗോപിക കലാധരന്‍, എംഎസ് ഗ്രീഷ്മ, ആര്‍ വി കിരണ്‍ കൃഷ്ണന്‍, സനൂബ് സജീര്‍, ജെ ഊര്‍മ്മിള എന്നിവരുള്‍പ്പെടുന്ന സംഘം ഈ പ്രോജക്റ്റ് തയ്യാറാക്കിയത്. ഇവരുടെ അവസാന വര്‍ഷ പ്രോജക്റ്റായിരുന്നു ഇത്.

പത്രവാര്‍ത്തകള്‍ മുന്‍ നിര്‍ത്തി ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാരുവേലിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡേവിഡ് കെ ഡാനിയേലിനെ കൊല്ലം മേയർ അന്ന് ബന്ധപ്പെട്ടു. തുടര്‍ന്ന്  ഈ പ്രോജെക്ടുമായി വിദ്യാര്‍ത്ഥികള്‍ കോർപ്പറേഷനെ സമീപിക്കുകയും മേയർ,നഗരവികസന കാര്യചെയർമാൻ, എന്‍ജിനീയേഴ്സ് എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്ന് ചിന്നകടയിൽ സ്ക്കൈവാക്ക് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരം പദ്ധതി അവിടെ നടപ്പിലാക്കുവാൻ പര്യാപ്തമായ വിധം പ്രൊജക്റ്റ് വിദ്യാര്‍ത്ഥികള്‍ തന്നെ വിപുലീകരിച്ചു. അനുബന്ധ രേഖകളായ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വെ, പെടസ്ട്രിയന്‍ കൗണ്ട്, സര്‍വ്വെ, അക്സിഡന്റ് റിപ്പോര്‍ട്ട് എന്നിവ അടക്കം സജ്ജമാക്കിയാണ് ഇവര്‍  പദ്ധതി രേഖ വിപുലീകരിച്ചത്. അതിന് വേണ്ടി ചെലവായ വന്ന തുക വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പങ്കിട്ട് എടുത്തത്. 

ഡീറ്റെയ്ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്  മേയറുടെയും മറ്റു കൗണ്‍സിലര്‍മാരുടേയും സാന്നിധ്യത്തിൽ കോർപ്പറേഷൻ കൗൺസിൽ മുമ്പാകെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിക്കുകയും ചെയ്തു. 2017 ഓഗസ്റ്റ് നാലിനാണ്  വിദ്യാര്‍ത്ഥികള്‍ കോര്‍പ്പറേഷന്‍ മുമ്പാകെ ഇത് അവതരിപ്പിച്ചത്. ഇതിന് ശേഷം പ്രൊജക്റ്റ് റിപ്പോര്‍ട്ട് കോര്‍പ്പറേഷന് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കോര്‍പ്പറേഷനോട് ഇതെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാറ്റര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന കമ്പനിക്ക് സ്ക്കൈവാക്കിന്റെ  ടെൻഡർ കൊടുക്കാൻ പോകുന്നു എന്നാണ്  അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയും ചെയ്ത.   തങ്ങളേയും കൂടി ഈ പ്രോജക്റ്റിന്റെ ഭാഗമാക്കാം എന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രൊജക്റ്റിന്റെ റിപ്പോര്‍ട്ട് ഈ കമ്പനി അധികൃതര്‍ക്കും ഇവര്‍ കൈമാറി. എന്നാല്‍ പിന്നീട് ബഡ്ജറ്റില്‍ ചിന്നക്കടയിലെ സ്ക്കൈവാക്ക് പദ്ധതി ഉള്‍പ്പെടുത്തിയെന്നാണ് തങ്ങള്‍ അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.  സ്ക്കൈവാക്ക് എന്ന ആശയവും,അനുബന്ധ പ്രവർത്തനങ്ങളുംപൂർണമായും ആ കമ്പനിക്കും ഡിസൈനർ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളജിലെ ആർച്ചിട്ടക്ടര്‍ മേധാവിയായ ഡോ ആര്‍ജോത്സന റാഫേലിന്റെയും നേതൃത്വത്തിൽ ആണ് ചെയ്തതെന്നാണ് പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍. രണ്ടര വര്‍ഷത്തോളം ഇതിന് പിന്നാലെ നടന്ന വിദ്യാര്‍ത്ഥികള്‍ പത്രവാര്‍ത്തകളിലൂടെയാണ് ഇത് അറിയുന്നത് പോലും. ഇത് സംബന്ധിച്ച് നഗര വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നു. എന്നാല്‍  ഇവരെ മടക്കി അയക്കുകയാണ് ചെയ്തത്. തുടര്‍ന്ന്  കുട്ടികളുടെ രണ്ട് വര്‍ഷത്തിന്റെ അധ്വാനം കണക്കാക്കി മേയറുടെ ഫെയ്സ് ബുക്ക് പേജില്‍ ഒരു പോസ്റ്റിട്ടു.
 ഇതായിരുന്നു ആ പോസ്റ്റ്. എന്നാല്‍ നൂതനമായ ആശയവുമായി എത്തിയ എന്‍ജീനീയര്‍മാരില്‍ നിന്ന് ആശയം നേടിയെടുത്തിന് ശേഷം ഒഴിവാക്കികളയുന്ന ഭരണാധികാരികളുടെ സമീപനം തികച്ചും വേദനാജനകമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പഠനം കഴിഞ്ഞ് പ്രൊജക്റ്റിലുള്‍പ്പെട്ടവര്‍ പലയിടത്തായി ജോലി നോക്കുകയാണ് ഇപ്പോള്‍. പഠനത്തിന്റെ ഭാഗമായി കൊണ്ട് വന്ന ഒരു ആശയം നഗരത്തിന്റെ മുഖം മാറ്റുന്നത് കാണാന്‍ കൊതിച്ച് ഇരുന്നപ്പോഴാണ് ഇരുട്ടടിപോലെ എല്ലാം മാറി മറിഞ്ഞത്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ ചില മെട്രോ പൊളിറ്റന്‍ സിറ്റികളിലും മാത്രമാണ് സ്ക്കൈവാക്ക് സംവിധാനം ഉള്ളത്. ഒരു നാട് സ്വപ്നം പോലും കാണാത്ത അതിനൂതനമായ സംവിധാനത്തെ കുറിച്ച് നഗര പിതാവടക്കമുള്ളവര്‍ക്ക് ബോധവത്കരണം നല്‍കുകയും എന്നാല്‍ പദ്ധതി നടപ്പാകുമ്പോള്‍ തഴയുകയും ചെയ്യുന്ന അധികൃത നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം. വാക്കാലുള്ള ഇത്തരം ഉറപ്പുകള്‍ പോര മറിച്ച് തങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിന്റെ വില അധികൃതര്‍ തിരിച്ചറിയണം. ഒരു കണ്‍സള്‍ട്ടന്‍സി പോലെയെങ്കിലും തങ്ങളെ ഉള്‍പ്പെടുത്തി അത് രേഖാമൂലം എഴുതി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here