Advertisement

ജെ.സി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

March 28, 2018
Google News 1 minute Read
Sreekumaran Thambi

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.

നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here