Advertisement

‘മഴ’ കളിയില്‍ പഞ്ചാബ്; ‘എബിഡി’ കരുത്തില്‍ ബാംഗ്ലൂര്‍

April 22, 2018
Google News 1 minute Read

ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ആദ്യ മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ ഒന്‍പത് വിക്കറ്റിനാണ് പഞ്ചാബ് വിജയികളായത്. മഴ നിയമ പ്രകാരമാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 74 റണ്‍സ് നേടിയ ക്രിസ് ലിന്‍, 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് എന്നിവരുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മറുപടി ബാറ്റിംഗില്‍ ഗംഭീര തിരിച്ചടിയാണ് നല്‍കിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 11.1 ഓവറില്‍ 126 റണ്‍സ് നേടിയാണ് മഴ നിയമത്തിന്റെ ആനുകൂല്യത്തില്‍ പഞ്ചാബ് വിജയികളായത്. പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ തകര്‍ത്തടിച്ചു. രാഹുല്‍ 27 പന്തുകള്‍ മാത്രം നേരിട്ട് 60 റണ്‍സ് നേടി പുറത്തായപ്പോള്‍ ഐപിഎല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന ക്രിസ് ഗെയ്ല്‍ 38 പന്തുകളില്‍ നിന്ന് 62 രണ്‍സ് നേടി പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ വിജയത്തോടെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

മറ്റൊരു മത്സരത്തില്‍, റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 6 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ വിജയം കണ്ടു. 39 പന്തുകളില്‍ നിന്ന് 90 റണ്‍സ് നേടി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്‌സിന്റെ പ്രഹരമാണ് ഡല്‍ഹിക്ക് വിനയായത്. 10 ഫോറുകളും അഞ്ച് സിക്‌സറുകളുമായി എബി ഡല്‍ഹിയുടെ പന്തുകളെ കണക്കിന് പ്രഹരിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 30 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

ഡല്‍ഹിക്ക് വേണ്ടി റിഷബ് പന്ത് 48 പന്തുകളില്‍ നിന്ന് 85 റണ്‍സും ശ്രേയസ് അയ്യര്‍ 31 പന്തുകളില്‍ നിന്ന് 52 റണ്‍സും നേടിയിരുന്നു.

വിജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here