Advertisement

നഴ്‌സുമാരുടെ വേതന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി

April 23, 2018
Google News 0 minutes Read
Nurses strike kerala

നഴ്‌സുമാരുടെ ശമ്പളത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇനി 20,000 രൂപയാകും. നിയമ സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം തൊഴില്‍ വകുപ്പിന് കൈമാറി. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരിക്കുന്നത്. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നാണ് നഴ്‌സുമാരുടെ സംഘടനാ നേതൃത്വം അറിയിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തില്‍ നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്ന അലവന്‍സ് നിരക്കുകളില്‍ മാറ്റം വന്നിട്ടുണ്ടോ എന്നതാണ് നഴ്‌സുമാരുടെ ആശങ്ക. കരട് വിജ്ഞാപനത്തിലെ അലവന്‍സ് നിരക്കുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍ അത് നഴ്‌സുമാര്‍ അംഗീകരിക്കില്ലെന്നാണ് നേരത്തേ അറിയിച്ചിട്ടുള്ളത്.

അതേ സമയം, സര്‍ക്കാര്‍ പുറത്തിറക്കിയ വേതന വിജ്ഞാപനത്തില്‍ ആശുപത്രി മാനേജുമെന്റുകള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിയമപരമായി വിജ്ഞാപനത്തിനെതിരെ മുന്നോട്ട് പോകുമെന്നാണ് ആശുപത്രി മാനേജുമെന്റുകള്‍ പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here