Advertisement

പ്രസവം പുഷ്പം പോലെയാകാന്‍ ഹിപ്‌നോ ബര്‍ത്തിങ്

April 24, 2018
Google News 2 minutes Read
all about hypnobirthing

സുഖ പ്രസവമെന്ന് പേരുണ്ടായാല്‍ പോലും അനുഭവിച്ചവരോട് ചോദിച്ചാല്‍ ഓ..അത്ര സുഖമൊന്നുമല്ലാരുന്നെന്ന മറുപടിയാണ് ലഭിക്കുക. മാത്രവുമല്ല പ്രസവത്തിന് മുന്‍പും ശേഷവുമുള്ള മാനസീക-ശാരീരിക വൈഷമ്യങ്ങളും ഭീതിയും വേറെ. ഇവിടെയാണ് ദിവസേന ചെയ്യുന്ന ഏതൊരു ലഘു പ്രവര്‍ത്തിയേയും പോലെ പ്രസവവും ആയാസ രഹിതമാക്കുന്ന ഹിപ്‌നോ ബര്‍ത്തിങ്ങിന്റെ പ്രസക്തി. സ്വാഭാവിക രീതിയായ ഹിപ്‌നോ ബര്‍ത്തിങ് വാര്‍ത്തകളില്‍ നിറഞ്ഞത് ബ്രിട്ടീഷ് രാജകുമാരിയുടെ പ്രസവത്തോടൊപ്പമാണ്.

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മണിക്കൂറുകള്‍ക്കകം പുഞ്ചിരിയോടെ കുഞ്ഞിനേയുമെടുത്ത് ആശുപത്രി വിട്ട് പൊതുജനത്തിന് മുന്നിലെത്തിയ കെയ്റ്റ് മിഡില്‍ട്ടന്റെ ചിത്രം അദ്ഭുതത്തോടെയാണ് പലരും നോക്കിക്കണ്ടത്. അമ്മയായതിന്റെ സകലമാന വൈഷമ്യങ്ങളും അനുഭവിച്ചിട്ടുള്ള തരുണീമണികളുടെ മനസില്‍ അമാനുഷിക പരിവേഷമാവാം കെയ്റ്റിന് ലഭിച്ചിരിക്കുക. എന്നാല്‍ ഹിപ്‌നോ ബര്‍ത്തിങ് എന്ന വിദ്യയാണ് കെയ്റ്റിനെ ഇത്രയും സന്തോഷവതിയും, പ്രസരിപ്പുള്ളവളുമായി പ്രസവമുറി വിടാന്‍ സഹായിച്ചതെന്ന് ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു.

എന്താണ് ഹിപ്‌നോ ബര്‍ത്തിങ് ? വളരെ സമാധാനപരവും, സന്തുഷ്ടമായ അന്തരീക്ഷത്തില്‍ അതേ മനോഭാവത്തോടെ ജന്മം നല്‍കല്‍ പ്രക്രിയയ്ക്ക് സഹായിക്കുന്ന രീതിയാണ് ഹിപ്‌നോ ബര്‍ത്തിങ്. മാതാവിന്റെയും, പിതാവിന്റെയും, കുഞ്ഞിന്റയും മാനസീക-ശാരീരിക അസ്വസ്ഥതകള്‍ തീര്‍ത്തും ഇല്ലാതാക്കി ജന്മം നല്‍കല്‍ ഒരു പൂവിരിയും പോലെയാക്കാന്‍ ഹിപ്‌നോ ബര്‍ത്തിങ്ങിലൂടെ കഴിയുന്നു. അതുകൊണ്ടു തന്നെ ഒരു വിദ്യാഭ്യാസ പദ്ധതി പോലെയാണ് ഹിപ്‌നോ ബര്‍ത്തിങ്ങും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

പ്രത്യേക ശ്വസന പരിശീലനങ്ങള്‍, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, ധ്യാനം, പോഷകാഹാര രീതികള്‍, ശരിയായ ബോഡി ടോണിങ് തുടങ്ങിയവയിലൂടെയാണ് മാതാവാകാനുള്ള തയാറെപ്പുകാലത്ത് ഹിപ്‌നോബര്‍ത്തിങ് തെരഞ്ഞെടുക്കുന്ന സ്ത്രീ കടന്നു പോകുന്നത്. പുതുതായി വരുന്ന അതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന കുടുംബാംഗങ്ങളില്‍ പരസ്പര ബഹുമാനം വളര്‍ത്താനും ഈ രീതി സഹായിക്കുന്നുണ്ട്.

തനിക്ക് മുന്‍പ് പ്രസവിച്ച സ്ത്രീകളുടെ പ്രസവസംബന്ധിയായ ഭീകരവിവരണങ്ങളുടെ ഇരയായാവും ഓരോ വനിതയും തങ്ങളുടെ മനോഭാവവും വളര്‍ത്തുന്നത്. പ്രസവമെന്ന ഭീകരാനുഭവത്തോടടുക്കുന്തോറും ഭയത്തിന്റെ പിടിയിലമര്‍ന്നാണ് ഭൂരിപക്ഷം സ്ത്രീകളും ലേബര്‍ റൂമുകളിലേക്കെത്തുന്നത്. ഇതിനപവാദമായാണ് പുഞ്ചിരിയോടെ എത്തി പുഞ്ചിരിയോടെ ലേബര്‍ റൂമിന് പുറത്തെത്തുന്ന സെല്‍ഫ് ഹിപ്‌നോസിസ് മോഡല്‍. 1987 ല്‍ മിഷേല്‍ ലെക്ലെയര്‍ ഓ’നീല്‍ ആണ് ആദ്യമായി ഹിപ്‌നോബര്‍ത്തിങ് എന്ന ആശയം അവതരിപ്പിച്ചത്. ഹിപ്‌നോബര്‍ത്തിങ് ദി ഒറിജിനല്‍ മെതേഡ് എന്ന പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

FIRST HYPNO BIRTHING

Saloni

പല ഹോളിവുഡ് സെലിബ്രിറ്റികളും ഈ രീതി അവലംബിച്ചിട്ടുണ്ട്. 2008 നവംബറില്‍ ഹിപ്‌നോ ബര്‍ത്തിങ് തെരഞ്ഞെടുത്ത ദില്ലിക്കാരിയായ സലോനി സുത്ഷി പറഞ്ഞത് വീണ്ടും വീണ്ടും പ്രസവിക്കാന്‍ തനിക്ക് കൊതിയാകുന്നെന്നാണ്. ഇന്ത്യയിലെ ആദ്യ ഹിപനോ ബര്‍ത്തിങ്ങും ഇതു തന്നെയാണെന്നാണ് സൂചന. രാജ്യത്ത് അധികം വ്യാപകമല്ലാത്ത ഹിപ്‌നോ ബര്‍ത്തിങിന് കെയ്റ്റിന്റെ പ്രസവത്തിലൂടെ കൂടുതല്‍ ആരാധകരുണ്ടായേക്കും. പ്രസവിക്കുവാണെങ്കില്‍ കെയ്റ്റിനെപ്പോലെ വേണമെന്നൊരു ചൊല്ലുണ്ടാകാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here