Advertisement

അവിഹിത ബന്ധത്തിന് മാതാപിതാക്കളും മകളും തടസ്സമാകും; ചുരുളഴിഞ്ഞത് സൗമ്യയുടെ ക്രൂരമുഖം

April 25, 2018
Google News 0 minutes Read
soumya

കണ്ണൂര്‍ പിണറായിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകമെന്ന് തെളിഞ്ഞു. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല ചെറുമകള്‍ ഐശ്വര്യ എന്നിവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരണം. സംഭവത്തില്‍ കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 11മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലില്‍ മൂവരേയും കൊന്നതാണെന്ന് സൗമ്യ സമ്മതിച്ചു. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മാസം മുമ്പ് മരിച്ച സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഈ കുഞ്ഞിന്റെ മരണത്തിന് ശേഷം മാസങ്ങളുടെ ഇടവേളയിലാണ് സൗമ്യയുടെ അച്ഛനും അമ്മയും ഛര്‍ദ്ദി പിടിപെട്ട് മരിക്കുന്നത്. ഇതോടെ നാട്ടുകാരില്‍ സംശയം വര്‍ദ്ധിച്ചു. സംഭവം അന്വേഷിക്കാന്‍ തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രനെ വകുപ്പ് ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ഇന്നലെ ഛര്‍ദ്ദി പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തലശേരി റസ്റ്റ്ഹൌസിലെത്തിച്ച സൗമ്യയെ എ.എസ്.പി ചൈത്ര മരിയ തെരസയും അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനും ചേര്‍ന്നാണ്  ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയോടെ അന്വേഷണത്തിന്റെ  മേല്‍നോട്ടം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി രഘുരാമന്റെ  നേതൃത്വത്തിലുളള സംഘം തലശേരി റസ്റ്റ് ഹൌസിലെത്തി. ഇവര്‍ക്കൊപ്പം കണ്ണൂര്‍ ഡിവൈഎസ്‍പി പി.പി സദാനന്ദനും ചേര്‍ന്ന്  സൗമ്യയെ വീണ്ടും ചോദ്യം ചെയ്തു. ഈ ഘട്ടത്തിലാണ് സൗമ്യ കുറ്റം സമ്മതിക്കുന്നത്. വാട്ട്സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കാമുകനൊപ്പം ജീവിക്കുന്നതിന് മാതാപിതാക്കളും കുഞ്ഞും തടസ്സമാകും എന്ന് തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പോലീസിനോട് സമ്മതിച്ചത്. ആറ് വര്‍ഷം മുമ്പ് സൗമ്യയുടെ ഒന്നരവയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരിയില്‍ ഒരു ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സൗമ്യ കൊല്ലം സ്വദേശിയായ ഒരാളുമായി അടുപ്പത്തിലായിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ച് ഇരുന്ന സമയത്ത് ഈ ബന്ധം പിരിഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഐശ്വര്യയെ സൗമ്യ കൊലപ്പെടുത്തുന്നത്. വറുത്ത മീനില്‍ എലിവിഷം ചേര്‍ത്താണ് നല്‍കിയത്.

ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെയാണ് അവരെയും വക വരുത്താന്‍ സൗമ്യ തീരുമാനിക്കുന്നത്. മകളുടെ മരണം കഴിഞ്ഞ്
രണ്ട് മാസം കഴിഞ്ഞ് അമ്മയ്ക്ക് മീന്‍കറിയില്‍ വിഷം ചേര്‍ത്ത് നല്‍കി. ഐശ്വര്യയുടെ മരണകാരണങ്ങള്‍ തന്നെ അമ്മയിലും കണ്ടതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഈ സംശയം മാറാനായി കിണറില്‍ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞ് പരത്തി. വെള്ളം പരിശോധിക്കാനും നല്‍കി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ഈ റിപ്പോര്‍ട്ട് സൗമ്യ അറിഞ്ഞിരുന്നില്ല. അതിനിടെയാണ് രസത്തില്‍ വിഷം ചേര്‍ത്ത് നല്‍കി സ്വന്തം അച്ഛനേയും സൗമ്യ കൊല്ലുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here