Advertisement

എല്ലാ വോട്ടും ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്ന് കോടിയേരി; ചെങ്ങന്നൂര്‍ ചൂടുപിടിക്കുന്നു

April 27, 2018
Google News 1 minute Read

ചെങ്ങന്നൂരില്‍ രാഷ്ട്രീയ പോര്‍ക്കളം ചൂടുപിടിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തോടുള്ള അതൃപ്തി അടിക്കടി തുറന്ന് പറയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.

കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് മയപ്പെടുത്താതെയാണ് കാനം സംസാരിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ലഭിച്ചിട്ട് വേണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. കേരള കോണ്‍ഗ്രസിന്റെ വോട്ട് ലഭിച്ചിട്ടല്ല ചെങ്ങന്നൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇത്തവണയും അവരുടെ വോട്ട് ഇല്ലാതെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കും എന്നാണ് ഇന്നലെ കാനം പറഞ്ഞത്.

അതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കരുതെന്നാണ് കാനം ആഗ്രഹിക്കുന്നതെന്ന് കെ.എം. മാണി പ്രതികരിച്ചു. ‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്നതാണ് കാനത്തിന്റെ മനസില്‍. സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെയാണ്. തോറ്റാലും കാനത്തിന് നഷ്ടമില്ലല്ലോ. അതിനാലാണ് കേരള കോണ്‍ഗ്രസിന്റെ വോട്ട് എല്‍ഡിഎഫിന് വേണ്ട എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറയുന്നതെന്നായിരുന്നു കാനത്തിന് മാണി നല്‍കിയ മറുപടി. കേരള കോണ്‍ഗ്രസിന്റെ വോട്ട് ഇല്ലാതെ ചെങ്ങന്നൂരില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയില്ലെന്നും കെ.എം. മാണി പറഞ്ഞു.

അതിന് പിന്നാലെയാണ് ചെങ്ങന്നൂരില്‍ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോര്‍ക്കളത്തിലെത്തിയത്. ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ക്കെതിരെ വോട്ട് ചെയ്യണമെന്നുള്ളവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യും. ആരുടെ വോട്ടും വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. യുഡിഎഫിനെതിരെ കേരള കോണ്‍ഗ്രസിന് വികാരമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. അത്തരം വോട്ടുകള്‍ ആവശ്യമില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. അത് മുന്നണിയുടെ തീരുമാനമാണ്. ഏതെങ്കിലും വോട്ട് സ്വീകരിക്കില്ല എന്ന് പറയേണ്ടത് മുന്നണിയിലെ ഘടകക്ഷികളല്ല എന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

മണ്ഡലത്തില്‍ വിജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here