Advertisement

മൂന്നാറില്‍ വീണ്ടും സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതായി പരാതി

April 28, 2018
Google News 1 minute Read
കോടതി ഉത്തരവിന്റെ മറവില്‍ മൂന്നാറില്‍ സര്‍ക്കാരിന്റെ ഭൂമികള്‍ വ്യാപകമായി കൈയ്യേറുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ബോട്ടാണിക്ക് ഗാര്‍ഡന് സമീപത്തെ ഏക്കറുകണക്കിന് ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യേറി കാടുകള്‍ വെട്ടിത്തെളിച്ച് ഷെഡ്ഡുകള്‍ സ്ഥാപിക്കുന്നത്.
രാത്രിയുടെ മറവില്‍ ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിച്ച് പഴയ തകരഷീറ്റുകള്‍ ഉപയോഗപ്പെടുത്തി ഷെഡ്ഡുകള്‍ സ്ഥാപിക്കും. ഷെഡ്ഡുകളില്‍ പാത്രങ്ങളെത്തിച്ച് രണ്ടുദിവസം പാചകം ചെയ്തതിനുശേഷം ചിത്രങ്ങള്‍ പകര്‍ത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റോപ്പ് മെമ്മോ കരസ്ഥമാക്കുകയാണ് കയ്യേറ്റക്കാര്‍ ചെയ്യുന്നത്. രാഷ്ട്രീയക്കാരുടെ പിന്‍തുണയോടെ കോടതി ഉത്തരവിന്റെ മറവില്‍ പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പറും വൈദ്യുതിയും എത്തുന്നതോടെ ഷെഡ്ഡുകള്‍ പൊളിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുമെന്ന് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശ്രീകുമാര്‍ പറയുന്നു. കോടികള്‍ വിലമതിക്കുന്ന ഭൂമികളാണ്  ഇത്തരക്കാര്‍ വ്യാപകമായി കയ്യേറുന്നത്. കാടുകള്‍ വെട്ടിത്തെളിച്ച് ചിലര്‍ പ്ലോട്ടുകളാക്കുന്നു. ചിലര്‍ ഭൂമികളില്‍ ഷെഡ്ഡുകള്‍ സ്ഥാപിച്ച് കോടികള്‍ക്ക് മറിച്ചുവില്‍ക്കുന്നു.
നിരവധിപ്രാവശ്യം ഒഴിപ്പിച്ച ഭൂമിയിലാണ് വീണ്ടും ഷെഡുകള്‍ നിര്‍മ്മിച്ച് കൈയ്യേറ്റം നടക്കുന്നത്. ചിലരുടെ ഭൂമിയ്ക്ക് പട്ടയമുള്ളതായി പറയപ്പെടുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ശ്രീറാം വെങ്കിട്ടരാമന്‍ സബ് കളക്ടറായിരിക്കെ ഇവരുടെ രേഖകള്‍ പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം കുത്തകപ്പാട്ട നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം റവന്യുവകുപ്പ് ഏറ്റെടുത്ത് മൂന്നാര്‍ വില്ലേജാക്കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here