Advertisement

കോട്ടയത്തെ അപസര്‍പ്പക തമ്പുരാന്‍

May 2, 2018
Google News 5 minutes Read
pushpanath

ഉന്മേഷ് ശിവരാമന്‍
1960-കളുടെ അന്ത്യപാദം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ മനോരാജ്യം’ വാരിക പ്രതിസന്ധി നേരിടുന്ന കാലം. വായനക്കാരെ ആകര്‍ഷിക്കാന്‍ എന്തു ചെയ്യുമെന്നായി ആലോചന. ഒടുവില്‍, പുതുതായി ഒരു അപസര്‍പ്പക നോവല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നോവല്‍ എഴുതാന്‍ ആരെ ഏല്‍പ്പിക്കുമെന്ന അന്വേഷണത്തിന് ഒടുവിലാണ് കോട്ടയം സ്വദേശിയായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയത്. ഒരു പ്രാദേശിക മാസികയില്‍ തുടര്‍ച്ചയായി ഡിറ്റക്ടീവ് നോവല്‍ എഴുതിയിരുന്നു അയാള്‍.

നോവല്‍ ആവശ്യപ്പെട്ടു വന്ന ‘മനോരാജ്യം’ മാസികയുടെ നടത്തിപ്പുകാര്‍ക്ക് അന്നുതന്നെ നോവലിന്റെ പേരും നല്‍കിയാണ് അയാള്‍ യാത്രയാക്കിയത് . അങ്ങനെ 1968-ല്‍ കോട്ടയം പുഷ്പനാഥിന്റെ ‘ ചുവന്ന മനുഷ്യന്‍ ‘ എന്ന ഡിറ്റക്ടീവ് നോവലാണ് മനോരാജ്യം മാസികയ്ക്ക് പുതുജീവന്‍ നല്‍കിയത്. എണ്ണൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട് കോട്ടയം പുഷ്പനാഥ്. പക്ഷേ, മരണവാര്‍ത്ത അറിഞ്ഞ് , ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഒരു നല്ല ഫോട്ടോ പോലുമില്ല. അതങ്ങനെയാണ്, മുഖ്യധാരയ്ക്കു പുറത്തായിരുന്നു മലയാളത്തിലെ അപസര്‍പ്പക സാഹിത്യം.

മലയാളത്തിലെ അപസര്‍പ്പക ചരിത്രം

അപ്പന്‍ തമ്പുരാന്റെ ‘ഭാസ്‌കര മേനോനാണ് ‘(1904) മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എന്നാണ് കരുതപ്പെടുന്നത്. അതിനു വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 1913-ല്‍ ചമ്പത്തില്‍ ചിന്നമ്മ അമ്മ ‘ഒരു കൊലക്കേസ് കഥ’ എന്ന പേരില്‍ അപസര്‍പ്പക കഥ പ്രസിദ്ധീകരിച്ചു. 1914-ല്‍ തരവത്ത് അമ്മാളുവമ്മയുടെ ‘ കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം ‘ എന്ന അപസര്‍പ്പക നോവലും പുറത്തിറങ്ങി. തുടര്‍ന്ന് , 1940-വരെ വിരലിലെണ്ണാവുന്ന അപസര്‍പ്പക നോവലുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിമര്‍ശനരംഗത്ത് പ്രമുഖനായിരുന്ന എം പി പോളിന്റെ ‘ഒളിച്ചുപോയ സ്ത്രീ’, ‘രത്‌നാംഗുലീയം ‘ എന്നീ അപസര്‍പ്പക നോവലുകളും ഇക്കാലത്താണ് ഇറങ്ങിയത്. 1970-കളോടെയാണ് മലയാളത്തിലെ അപസര്‍പ്പക നോവലുകളുടെ സുവര്‍ണ്ണകാലം തുടങ്ങുന്നത്.

ഡിറ്റക്ടീവ് പുഷ്പരാജും മാര്‍ക്‌സിനും

‘ചുവന്ന മനുഷ്യന് ‘ ശേഷം മനോരമ ആഴ്ചപ്പതിപ്പിലും ജനയുഗത്തിലുമാണ് കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകള്‍ പ്രസിദ്ധീകരിച്ചത്. ‘പാരലല്‍ റോഡ്’ ( മനോരമ), ‘ ഡയല്‍ 00003’ (ജനയുഗം) എന്നീ നോവലുകള്‍ കോട്ടയം പുഷ്പനാഥിനെ ജനപ്രിയനാക്കി. മലയാളിയുടെ അപസര്‍പ്പക ഭാവനകള്‍ പിന്നീട് ഏറെക്കാലം പുഷ്പനാഥിനൊപ്പമാണ് സഞ്ചരിച്ചത്.

‘ഡ്രാക്കുളയുടെ മകള്‍’, ‘ഡെവിള്‍’ ,’ ഓവര്‍ ബ്രിഡ്ജ്’ , ‘ ലെവല്‍ ക്രോസ് ‘ ,’ ദി മര്‍ഡര്‍ ‘ , ‘ദി ബ്ലേഡ്’ എന്നീ നോവലുകള്‍ കൂടി പുറത്തിറങ്ങിയതോടെ പുഷ്പനാഥ് സൃഷ്ടിച്ച ഡിറ്റക്ടീവ് പുഷ്പരാജും ഡിറ്റക്ടീവ് മാര്‍ക്‌സിനും മലയാളിക്ക് ചിരപരിചിതരായി. അക്കാലത്ത് വലിച്ചിരുന്ന ഓരോ സിഗരറ്റും/ ബീഡിയും ‘എഫ് എ കൊറോണ’ യുടെ പുകച്ചുരുളുകളായിരുന്നു യുവാക്കള്‍ക്ക്. ഷെര്‍ലക് ഹോംസിന്റെ മലയാള തര്‍ജ്ജമകള്‍ സുലഭമായിരുന്ന കാലത്തും കോട്ടയം പുഷ്‌നാഥിന്റെ ജനപ്രിയത ചോദ്യം ചെയ്യപ്പെട്ടില്ല. തോമസ് ടി അമ്പാട്ട്, ബാറ്റണ്‍ബോസ്, പ്രണാബ് എന്നീ സമകാലികരുടെ കാലത്തും കോട്ടയം പുഷ്പനാഥിന്റെ നോവലുകളായിരുന്നു ജനപ്രിയതയില്‍ മുന്നില്‍. 1980-കളുടെ മധ്യത്തോടെ പുഷ്പനാഥ് മാന്ത്രിക നോവലുകളിലേക്ക് തിരിഞ്ഞപ്പോഴും ആ ജനപ്രിയതയ്ക്ക് കോട്ടം തട്ടിയില്ല.

‘ജനപ്രിയത ഒരു മോശം വാക്ക്’

കേരളത്തിലെ ഗ്രാമീണ വായനശാലകള്‍ ജനകീയമാക്കുന്നതില്‍ അപസര്‍പ്പക നോവലുകള്‍ വഹിച്ച പങ്ക് ചെറുതല്ല. 1970-1990 കാലഘട്ടത്തില്‍ യുവാക്കളുടെ ഗൗരവ വായനകള്‍ തുടങ്ങിയത് ഇത്തരം നോവലുകളിലൂടെയായിരുന്നു. ആനുകാലികങ്ങളുടെ പ്രചാരം വര്‍ദ്ധിക്കാന്‍ കാരണമായതും ഡിറ്റക്ടീവ്,മാന്ത്രിക നോവലുകളായിരുന്നു. എന്നാല്‍ ‘മാ’ പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ മുഖ്യധാരയ്ക്ക് പുറത്തായിരുന്നു ഇത്തരം ആനുകാലികങ്ങളും നോവലുകളും. മനോരമ, മംഗളം ആഴ്ചപ്പതിപ്പുകള്‍ ഒരുകാലത്ത് പലലക്ഷം കോപ്പികള്‍ പുറത്തിറങ്ങിയത് ഡിറ്റക്ടീവ്-മാന്ത്രിക നോവലുകളുടെ ജനപ്രിയതയുടെ കൂടി അടിസ്ഥാനത്തിലാണ്. പക്ഷേ, മുഖ്യധാരയുടെ വിനിമയങ്ങളില്‍ അത്തരം നോവലുകള്‍ ഇടംപിടിച്ചില്ല.അതുകൊണ്ടു തന്നെ സാഹിത്യചരിത്രമെഴുത്തിന്റെ യുക്തികളില്‍ നിന്നും അവ പുറത്തായി. ഒന്നോ രണ്ടോ നല്ല ലേഖനങ്ങളല്ലാതെ, മലയാളത്തിലെ അപസര്‍പ്പക സാഹിത്യത്തെ കുറിച്ച് നല്ല പഠനങ്ങള്‍ പോലുമുണ്ടാകാതെ പോയത് ജനപ്രിയത മുഖ്യധാരയ്ക്ക് പുറത്തായതു കൊണ്ടാണ്.


പുതുതലമുറയില്‍ പലര്‍ക്കും കോട്ടയം പുഷ്പനാഥ് അജ്ഞാതനാകുന്നത് സാഹിത്യചരിത്രത്തിന്റെയും സാമൂഹ്യബോധത്തിന്റെയും യുക്തികള്‍ ഇപ്പോഴും വരേണ്യമാണ് എന്നതു കൊണ്ടാണ്. പക്ഷേ, കേരളത്തിലെ ഗ്രാമീണ വായനയുടെ വസന്തമറിഞ്ഞവര്‍ക്ക് കോട്ടയം പുഷ്പനാഥ് മരിക്കാത്ത ഓര്‍മ്മയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here