Advertisement

വൃദ്ധരില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയതിങ്ങനെ

May 6, 2018
Google News 1 minute Read
mustafa

പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. നീലയാണ് തന്റെ ഭാഗ്യം എന്ന് വിശ്വസിച്ച മുസ്തഫ നീല വസ്ത്രം ധരിച്ചാണ് എല്ലാ മോഷണങ്ങള്‍ക്കും ഇറങ്ങാറുണ്ടായിരുന്നത്. ഇത് തന്നെയാണ് ഇയാളെ കുടുക്കാന്‍ സഹായിച്ചതും. രോഗങ്ങളും ദാരിദ്ര്യവും കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയിരുന്നത്. അവരെ ആശ്വസിപ്പിച്ച് അടുത്ത് കൂടി സഹായിക്കാനായി വന്നയാളെന്നും പണം തന്ന് സഹായിക്കാന്‍ തന്റെ അടുത്ത് ആളുണ്ടെന്നും വിശ്വസിപ്പിക്കും. സഹായിക്കാന്‍ വരുന്ന ആള്‍ക്ക് ദയ തോന്നണമെങ്കില്‍  ദേഹത്തുള്ള ആഭരണം ഊരിവെച്ചു വേണം പോകാൻ എന്ന് പറഞ്ഞശേഷം, അവര്‍ ഊരിക്കൊടുക്കുന്ന ആഭരണങ്ങള്‍ കൊണ്ട് മുങ്ങും.

കഴിഞ്ഞ ഫെബ്രുവരി 22നു പയ്യന്നൂരിലാണ് ആദ്യം ഇത്തരത്തിൽ കബളിപ്പിക്കൽ കവർച്ച നടന്നത്. നാലര പവനാണ് നഷ്ടപ്പെട്ടത്. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, പഴയങ്ങാടി ഭാഗങ്ങളിൽനിന്നെല്ലാം സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇയാളുടെ ഒരു സിസിടിവി ദൃശ്യവും ലഭിച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് പിന്നാലെ ഈ വീഡിയോയിലെ ആളുടെ ഫോട്ടോ വച്ച് പോലീസുകാര്‍ ട്രോളും ഇറക്കി. ഇതു കണ്ട് കണ്ണൂരിലെ ഒരു റിട്ട. എഎസ്ഐയാണ് 2008ൽ കൊയിലാണ്ടി ആശുപത്രി പരിസരത്ത് ഇതേ രൂപത്തിലുള്ള ഒരാൾ ഒരു വൃദ്ധനെ പറ്റിച്ച് 1500രൂപ തട്ടിയ കേസ് സൂചിപ്പിച്ചത്. അതോടെ അന്വേഷണം കൂടുതല്‍ എളുപ്പമായി. എന്നാല്‍ ക്ലീൻഷേവ് ചെയ്ത്, മുടി സ്ട്രെയിറ്റൻ ചെയ്ത് രൂപം മാറി മുസ്തഫ അടുത്ത അടവ് എടുത്തു. ഫോൺ പിന്തുടർന്ന് മുസ്തഫയുടെ സ്ഥലം മനസ്സിലാക്കിയ പോലീസ് മുസ്തഫയ്ക്കായി വീട്ടിലേക്ക് പാഴ്സല്‍ വന്നിട്ടുണ്ടെന്ന് കാണിച്ച് വിളിച്ചു. എന്നാല്‍ ആള്‍ സ്ഥലത്ത് ഇല്ലെന്നാണ് മറുപടി ലഭിച്ചത്.  അല്‍പം കഴിഞ്ഞ് ആ നമ്പറിലേക്ക് വേറൊരാള്‍ വിളിച്ച് മുഹമ്മദിന്റെ ഭാര്യയുടെ സഹോദരനാണെന്നും പാഴ്സൽ തനിക്കു തന്നാൽ മതിയെന്നും അറിയിച്ചു. ഒന്നു കൂടി അതേ നമ്പറില്‍ നിന്ന് കോള്‍ എത്തിയപ്പോള്‍ പോലീസ് ഉറപ്പിച്ചു വിളിക്കുന്നത് മുസ്തഫയാണെന്ന്. കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് വന്ന് പാഴ്സല്‍ കൈപ്പറ്റാന്‍ നിര്‍ദേശവും നല്‍കി. തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. സമർഥമായ രീതിയിൽ അന്വേഷണം നടത്തിയതിനു ഡിവൈഎസ്പി വേണുഗോപാലിന്റെയും എസ്ഐ ബിനുമോഹന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

mustafa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here