Advertisement

ഗോവയിലേക്ക് ഒരു യാത്ര

May 11, 2018
Google News 1 minute Read

ഷിഹാബുദ്ദീന്‍ കരീം 

കിഴക്കിന്റെ റോം എന്ന് വിശേഷണം ഉള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. എന്നിരുന്നാലും ബീച്ച് ടൂറിസത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണിത്. വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്നതും ഈ കുഞ്ഞന്‍ സംസ്ഥാനമാണ്. പ്രശസ്തമായ ഗോവന്‍ കടല്‍ തീരങ്ങളും ചരിത്രമുറങ്ങുന്ന ഗോവന്‍ തീരങ്ങളും ആയിരക്കണക്കിന് സ്വദേശി-വിദേശി ടൂറിസ്റ്റുകളെ എല്ലാ വര്‍ഷവും ഗോവയിലേക്ക് ആകര്‍ഷിക്കുന്നു.
ബീച്ചുകളുടെ പേരുകേട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഗോവ. ആഴമുള്ള നീലക്കടല്‍, മൃദു മണല്‍, രുചികരമായ കടല്‍ വിഭവങ്ങള്‍, ജല വിനോദങ്ങള്‍, ഗോവന്‍ ബീച്ചുകളിലെ നൈറ്റ് ലൈഫ് എന്നിവ ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി ഗോവയെ മാറ്റുന്നു. ഗോവന്‍ തീരത്തിന്റെ 83ശതമാനവും മനോഹരങ്ങളായ കടല്‍തീരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

Goa
ചരിത്രം

ബിസി മൂന്നാംശതകത്തില്‍ ഇന്ത്യയില്‍ നിലനിന്ന മൗര്യ സാമ്രാജ്യ കാലത്തോളം ഗോവയുടെ ചരിത്രം നീണ്ടുകിടക്കുന്നുണ്ട്. 1510നവംബര്‍ 25ന് പോര്‍ച്ചുഗീസ് സാഹസികനായ അല്‍ഫോണ്‍സോ ദേ ആല്‍ബുക്കര്‍ക് ഇവിടെ എത്തിയതിന് ശേഷം ഗോവ പോര്‍ച്ചൂഗീസിന്റെ കയ്യില്‍ അകപ്പെട്ടു. 18ശതകത്തോടെ ഗോവ പൂര്‍ണ്ണമായും പോര്‍ച്ചുഗീസ് ഭരണത്തിലായി കഴിഞ്ഞു. 1961ല്‍ ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുന്നത് വരെ ഏതാണ്ട് 450വര്‍ഷത്തോളം ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം നീണ്ട് നിന്ന കോളനി കാലഘട്ടമാകുന്നു.

നമുക്ക് പോയാലോ ഗോവയിലേക്ക്
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസണ്‍. ഓണ്‍ലൈന്‍ വഴി നമുക്ക് ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ ലോഡ്ജുകളും ഹോസ്റ്റലുകളും ലഭ്യമാണ്. ഗോവയിലേക്ക് പോകാന്‍ നമുക്ക് ഏറ്റവും ലാഭം ട്രെയിനാണ്. എറണാകുളത്ത് നിന്ന് പ്രതിവാര പ്രതിദിന ട്രെയിനുകള്‍ ലഭ്യമാണ്. പോര്‍ച്ചുഗീസ് അടയാളങ്ങളുള്ള ഒരു നഗരമായി അവശേഷിക്കുന്ന മഡ്ഗാവാണ് നമുക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍. ഗോവയില്‍ ചെന്നാല്‍ അവിടെ ചുറ്റിക്കറങ്ങാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം സ്ക്കൂട്ടര്‍ അല്ലെങ്കില്‍ കാറ് വാടകയ്ക്ക് എടുക്കുകയാണ്. ഒരു ദിവസം സ്ക്കൂട്ടറിന് 250മുതല്‍ 300വരെയും കാറിന് 800മുതല്‍ 1000വരെയുമാണ് വാടക.

Goa

മഡ്ഗാവ്
ഗോവയിലെ കൊങ്കണ്‍ റെയില്‍വേയിലെ കാര്‍വാര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ ബീച്ചുകളിലെ പ്രധാന സ്ഥലമാണ് മ‍ഡ്ഗാവ്. സാല്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗോവയിലെ ഏറ്റവും പഴക്കം ചെന്ന ടൗണുകളിലൊന്നാണിത്. മഡ്ഗാവില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയുള്ള ബെനൗലിം ബീച്ചാണ് ഇവിടുന്ന പ്രധാന ആകര്‍ഷണം. 1565ല്‍ സ്ഥാപിതമായ ഹോളി സ്പിരിറ്റ് ചര്‍ച്ചും സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. മ‍ഡ്ഗാവ് റെയില്‍വേ സ്റ്റേഷന് അടുത്ത് നിന്നും കദംബ ബസ് സ്റ്റാന്റിലേക്ക് ലോക്കല്‍ ബസ് ലഭിക്കും. കദംബയില്‍ നിന്ന് പനാജിയിലേക്ക് ബസ് പിടിക്കാം. ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്.

Goa
പനാജി

ഗോവയുടെ തലസ്ഥാനമായ പനാജി ചെറിയ ഒരു ടൗണാണ്. ഗോവയുടെ ജീവന്‍ രേഖ എന്നറിയപ്പെടുന്ന മണ്ഡോവി നദീ തീരത്താണ് പനാജി സ്ഥിതി ചെയ്യുന്നത്. സലിം അലി ബേര്‍ഡ് സാഞ്ച്വറി പക്ഷി സങ്കേതം പനാജിയ്ക്ക് അടുത്തുള്ള ചോറ ഗ്രാമത്തിലാണ്. അപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷി വര്‍ഗ്ഗമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. മിറാമ, ബംബോലിം, ഡോണാ പൗലാ എന്നിവ പനാജിയ്ക്ക് സമീപത്തുള്ള മൂന്ന് ബീച്ചുകളാണ്. പനാജിയിലെ ബീച്ചിലെ സൗന്ദര്യം ആസ്വദിച്ച ശേഷം 16കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ട് അഗ്വാഡയിലേക്ക് യാത്ര തുടരാം.
Goa
ഫോര്‍ട്ട് അഗ്വാഡ
ഡച്ചുകാര്‍ക്കും മറാഠികള്‍ക്കും എതിരായി പോര്‍ച്ച്ഗീസുകാരാണ് ഈ കോട്ട പണികഴിപ്പിച്ചത്. മണ്ഡോവി നദീ തീരത്തുള്ള കണ്ഡോലിമിന്റെ തെക്ക് കടല്‍ തീരത്താണ് ഈ പഴയ പോര്‍ച്ചുഗീസ് കോട്ട സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട് അഗ്വാഡയും അതിന്റെ വിളക്ക് മാടവും സഞ്ചാരികള്‍ക്കെന്നും സഞ്ചാരികള്‍ക്കെന്നുിം കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഒരു കാലത്ത് ഈ കോട്ട പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് സുരക്ഷിതമായ ബര്‍ത്തായി പ്രവര്‍ത്തിച്ചിരുന്നു.
Goa
ഓള്‍ഡ് ഗോവ
ടിഷ്യൂവറി ദ്വീപിലാണ് ഈ പഴയ നഗരം. വെള്ള പൂശിയ പള്ളികള്‍ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓള്‍ഡ് ഗോവയില്‍ ഇന്നും നിലനില്‍ക്കുന്നു. പക്ഷേ അള്‍ബുക്കര്‍ക്കിന്റെ കൊട്ടാരമടക്കമുള്ള കോട്ടകളും മറ്റ് കെട്ടിടങ്ങളും നാശത്തിന്റെ പാതയിലാണ്. ജെസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസഫ്രൊപ്പാസ ബോം ജീസസ് എന്ന കത്രീഡല്‍ ഇവിടെ കാണാം. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കത്രീഡലായി അറിയപ്പെടുന്ന സേ കത്രീഡല്‍ ബോം ജീസസിന് തൊട്ടടുത്ത് തന്നെയാണ്. കാതറിന്‍ പുണ്യവതിയുടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം മണ്ഡോവി നദിയിലൂടെ ഒരു യാത്ര പോകാം. മണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഗോവന്‍ സഞ്ചാരികളുണ്ടാവില്ല.

Goa

അഞ്ജുന ബീച്ച്

വടക്കന്‍ ഗോവയ്ക്ക് പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ അകലെ  അഞ്ജുന ബീച്ച് 30കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്നു. അറബിക്കടലിനും കടല്‍തീരത്തുള്ള മലകള്‍ക്കും ഇടയില്‍ വളഞ്ഞ് കിടക്കുന്ന ഈ ബിച്ച് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കടല്‍ തീരത്ത് കറുത്ത മണലിന്റേയും അസാധാരണമായ പാറക്കെട്ടുകളുടേയും സാന്നിധ്യമുള്ളത് കൊണ്ട് ഈ കടല്‍ തീരം അഞ്ജുന അഥവാ ഓസ്റാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

Goa

ബാഗാ ബീച്ച്

പനാജിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെയാണ് ബാഗാ ബീച്ച്. ബാഗാ നദിയുടെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിക്കുന്നത്. നദിയും കടലും ചേരുന്ന അപൂര്‍വ്വ കാഴ്ചകളും ഈ ബീച്ചില്‍ നമുക്ക് കാണാം. ബാഗാ ബീച്ചിലെ വാട്ടര്‍ സ്പോര്‍ട്സ് സന്ദര്‍ശകരുടെ പ്രീയപ്പെട്ട വിനോദമാണ്. ജറ്റ് സിക്സില്‍ പാരാസെയിലിംഗ് വിന്റ് സര്‍ഫിംഗ് വേക്ക് ബോര്‍ഡിംഗ് ബൈക്ക് സര്‍ഫിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബോട്ട് ട്രിപ്പുകളും ദ്വീപ് യാത്രകളും ഡോള്‍ഫിന്‍ ചാട്ടവും കണ്ട് മടങ്ങാം.

Goa
ഗോവയിലെത്തിയാല്‍ ഒരു മസാജും ടാറ്റുവും നിര്‍ബന്ധമാണ്. മസാജ്, സ്പാ പോലുള്ള സുഖ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പാര്‍ലറുകളും ടാറ്റു പാര്‍ലറുകളും ഇവിടെ കുടില്‍ വ്യവസായം പോലെ വഴിയോരങ്ങളില്‍ നിരന്ന് കാണാം. ഫെനിയാണ് ഗോവയുടെ ഇഷ്ടപാനീയം. കശുവണ്ടി ഇട്ട് വാറ്റിയ ഫെനി നാളികേരം കൊണ്ടുള്ള ഫെനി ഇങ്ങനെ തെരഞ്ഞെടുക്കാന്‍ നിരവധി വകഭേദങ്ങള്‍ ഉണ്ട്. ഗോവയ്ക്ക് പോകാന്‍ തോന്നുന്നുണ്ടോ എന്നാല്‍ വേഗം അടുത്ത സീസണിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളൂ…

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here