Advertisement

മാതൃദിനത്തിൽ അമ്മയുടെ വരികൾക്ക് ദൃശ്യങ്ങളിൽ ജീവൻ പകർന്ന് മകൾ

May 13, 2018
Google News 1 minute Read

ഇന്ന് ലോക മാതൃദിനം. ഫെയ്സ് ബുക്കിലും അല്ലാതെയും എല്ലാവരും മാതൃ വാത്സല്യത്തെ പുകഴ്ത്ത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തപ്പോൾ സ്വന്തം അമ്മയ്ക്ക് വേറിട്ടൊരു സമ്മാനം നൽകിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി ലീന വിശ്വംഭരൻ  . അമ്മ  സുഷമ എന്നോ എഴുതി മറന്ന് വച്ച വരികൾക്ക് ദൃശ്യങ്ങളിലൂടെ പുതുജീവൻ നൽകുകയായിരുന്നു ഈ മകൾ.  ഈ മാതൃദിനത്തില്‍ ഒരു അമ്മയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ സമ്മാനമാണിത്. അമ്മയുടെ വരികളുടെ  ആത്മാവ് ചോരാതെ അവയെ ദൃശ്യങ്ങളായി പുനര്‍നിര്‍മ്മിക്കുകയായിരുന്നു ലീന.


എന്റെ അമ്മ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ജനനത്തെ കുറിച്ച് ലീനയുടെ വാക്കുകൾ ഇങ്ങനെ

യാദൃച്ഛികമായാണ് അമ്മ എഴുതിയ ആ കവിത എന്റെ കയ്യിലെത്തുന്നത്. ജീവിതത്തിലെ തന്നെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് അ ആ കവിത എന്റെ കയ്യിൽ കിട്ടുന്നതെന്നതാണ് യാഥാർത്ഥ്യം. അച്ഛന്റെ അപ്രതീക്ഷിതമായ മരണവും, അച്ഛന്റെ മരണത്തിന് കാരണമായ രോഗത്തിന്റെ ലക്ഷണങ്ങൾ അമ്മയിലും തലപൊക്കി തുടങ്ങുകയും ചെയ്ത സമയം. നവംബർ മാസത്തിലായിരുന്നു അച്ഛന്റെ മരണം.ആ മരണം കഴിഞ്ഞ് നാല്പത് ദിവസം തികയും മുമ്പ് തന്നെ അമ്മയ്ക്ക് ഓപ്പറേഷൻ കഴിഞ്ഞു. തുടർന്ന്   അമ്മയെ തിരുവനന്തപുരത്ത് നിന്ന് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്യാനായി പാക്ക് ചെയ്യുമ്പോഴാണ് ആ കവിത എന്റെ കയ്യിൽ കിട്ടുന്നത്.

ente amma
ആ വരികൾ എന്നെ മനസിനെ വല്ലാതെ സ്വാധീനിച്ചു.  അത് കൊണ്ട് തന്നെ ആ കവിത ഞാൻ സൂക്ഷിച്ച് വച്ചു. അമ്മ ആദ്യം എഴുതിയ കവിതയായിരുന്നു അത്. കൊച്ചിയിലെത്തി അതിന് മ്യൂസിക് നൽകി വരികളായി പുറത്തിറക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രയാസഘട്ടങ്ങളിലൂടെ പോകുന്ന അമ്മയ്ക്ക് അതൊരു ആശ്വാസമായെങ്കിലോ എന്ന ചിന്തയാണ് അതിന് പ്രേരിപ്പിച്ചതും. കൊച്ചിയിലെത്തിയ ശേഷം ആദ്യം ചെയ്തത് അതിന് മ്യൂസിക്ക് നൽകുകയാണ്. സുഹൃത്തായ സൗമ്യ സനാതനാണ്  അതിന് സഹായിച്ചത്. പിന്നീട് അത് മ്യൂസിക്കൽ ആൽബമാക്കാം എന്ന ചിന്ത വന്നു. എന്ത് തന്നെയായാലും ഈ മാതൃ ദിനത്തിൽ തന്നെ  അത് പുറത്തിറക്കണമെന്ന് നിശ്ചയിച്ചിരുന്നു. പിന്നീട് അതിന് പിന്നാലെയുള്ള യാത്രകളായിരുന്നു.

ente amma
നൃത്തം തീമായി എടുത്തത്?

ബേസിക്കലി ഞാൻ ഒരു നർത്തകിയാണ് അതിനേക്കാളേറെ നൃത്തത്തിന്റെ ആരാധികയാണ്. അത് കൊണ്ട് തന്നെ ഞാനറിയാതെ തന്നെയാണ് ഈ തീം ഇതിലേക്ക് കടന്ന് വന്നത് എന്ന് പറയാം.

ആൽബത്തിനായുള്ള തയ്യാറെടുപ്പുകൾ?

മാതൃത്വം ഉള്ള മുഖം തന്നെ വേണമെന്ന് ഉണ്ടായിരുന്നു. പിന്നെ ഡാൻസ് തീം ആയതിനാൽ നർത്തകി തന്നെയായാൽ ഈ ആൽബത്തിന്റെ ആത്മാവിനോട് ഏറെ ചേർന്ന് നിൽക്കും എന്ന് തോന്നി. അങ്ങനെയാണ് മീര നായരെ കേന്ദ്ര കഥാപാത്രത്തിലേക്ക് ക്ഷണിക്കുന്നത്. അതിലെ മുതിർന്ന കുട്ടിയായി വേഷമിട്ടത് എന്റെ മൂത്ത മകൾ തന്നെയാണ്. നക്ഷത്ര എൽ വിശ്വം. കൊച്ചി ഭവൻസ് ആദർശയിലെ പത്താം ക്ലാസിൽ പഠിക്കുകയാണ് അവൾ. അഭിനയിക്കാൻ അവൾക്ക് ടാലന്റുണ്ട് എന്ന് തോന്നി. അതുകൊണ്ടാണ് ആ റോളിലേക്ക് അവളെ കാസ്റ്റ് ചെയ്തത്. ആളൊരുക്കം എന്ന സിനിമയിലെ ബാലതാരവും,എന്റെ ഡാൻസ് സ്ക്കൂളിലെ കാതറിൻ എന്ന വിദ്യാർത്ഥിനിയുമാണ് മറ്റ് വേഷങ്ങൾ ചെയ്തത്. സംസ്ഥാന പുരസ്കാര ജേതാവായ സിതാരകൃഷ്ണകുമാറാണ് യാണ് ഗാനം ആലപിച്ചത്.

ente amma

ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ ലീന?

അത് വർഷങ്ങൾക്ക് മുമ്പാണ്. രാജീവ് അഞ്ചൽ അങ്കിളിന്റെ ഋഷിവംശം എന്ന ചിത്രത്തിലായിരുന്നു അത്. ഞങ്ങളുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു അങ്കിൽ. അന്ന് അങ്കിളിന്റെ നിർബന്ധത്തിലാണ് അഭിനയിച്ചത്. ചിത്രത്തിലെ തന്നെ ഒരു കേന്ദ്ര കഥാപാത്രത്തെയാണ് അന്ന് അവതരിപ്പിച്ചത്.


പിന്നീട് അവസരങ്ങൾ വന്നെങ്കിലും മറ്റൊന്നും തെരഞ്ഞെടുത്തില്ല. പഠനം, വിവാഹം അങ്ങനെ മുന്നോട്ട് പോയി. ഭർത്താവ് തന്ന സപ്പോർട്ട് കൂടിയുണ്ട് ഇപ്പോൾ ഈ പ്രയത്നത്തിന് പിന്നിൽ. പിന്നെ ഇതിന്റെ ക്യാമറമാൻ ശ്രീകുമാർ ശാസ്തയുടെ എഫോർട്ട് പറയാതിരിക്കാൻ ആകില്ല. എന്റെ മനസിൽ കണ്ട വിഷ്വലുകളെ അതേപടി പകർത്തി തരികയായിരുന്നു ശ്രീകുമാർ. എന്റെ കൂട്ടുകാർ, കുടുംബം, പ്രൊഡ്യൂസേഴ്സ്  ഇവരെല്ലാം ഒരേ മനസോടെ തന്ന സപ്പോർട്ട് തന്നെയായിരുന്നു കരുത്ത്. ഞാനീ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നപ്പോൾ എന്നോട് സഹകരിച്ച ഇളയമകൾക്ക് സംഘമിത്രയ്ക്കും കൂടിയുള്ളതാണ് ഈ ക്രെഡിറ്റ്.

എന്താണ് എന്റെ അമ്മയ്ക്ക് ശേഷം അടുത്ത പ്രോജക്റ്റ്?

ലീ വേഡാൻസ് അക്കാദമിയുടെ തിരക്കുകളിലാണ് ഞാൻ ഇപ്പോൾ. എന്റെ അമ്മ ഒരു നിയോഗം പോലെ നടന്നതാണ്. ഇനിയും ഇത്തരത്തിൽ എന്തെങ്കിലും പ്രോഡക്റ്റ് ഉണ്ടാകുമോ എന്ന് ചോദിച്ചാൽ അറിയില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് എന്റെ അമ്മ ജന്മം കൊണ്ടത്. അത് പോലെ ഇനി ഒന്നു കൂടി അറിയില്ല, സംഭവിക്കാം.. സംഭവിക്കാതിരിക്കാം..

കൊച്ചിയിലെ ലീ-വേ ഡാന്‍സ് അക്കാദമിയിലെ ക്രിയേറ്റീവ് ഡയറക്ടറാണ് ലീന. കൊച്ചിൻ ഷിപ് യാർഡിലെ ഉദ്യോഗസ്ഥനാണ് ലീനയുടെ ഭർത്താവ് അനീഷ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here