17
Jan 2019
Thursday
Save Alappad

വല്ലാതെ മിസ്സ് ചെയ്യുമ്പോൾ രണ്ട് ദിവസത്തേക്ക് ഞങ്ങൾ ഹോട്ടലിൽ മുറിയെടുക്കും; അതിനുള്ള വരുമാനമേയുള്ളു

love story of bling rehana and firoj gmb akash

പ്രണയം അന്ധമാണെന്നാണ് പറയുന്നത്. എന്നാൽ രെഹനയുടേയും ഫിറോജിന്റെയും അന്ധതയുടെ ലോകത്ത് പ്രണയം വെളിച്ചമാണ്. ആ വെളിച്ചമാണ് ഇരുവരെയും മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. രഹനയും ഫിറോജും ദരിദ്രരാണ്. ഒരുമിച്ച് ജീവിക്കാനുള്ള ചുറ്റുപാട് പോലും ഇരുവർക്കുമില്ല. വിവാഹം കഴിഞ്ഞിട്ടും പിരിഞ്ഞ് താമസിക്കേണ്ടി വരുന്ന ഇവർ പരസ്പരം കാണുവാനായി വല്ലപ്പോഴും ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിക്കും. രണ്ട് ദിവസത്തിൽകൂടുതൽ താമസിക്കാൻ ഇരുവരുടേയും വരുമാനം അനുവദിക്കില്ല. പ്രശസ്ത ഫോട്ടോഗ്രാഫർ ജിഎംബി ആകാശിന്റെ ഫേസ്ബുക്ക് പേജീലൂടെയാണ് രെഹനയുടേയും ഫിറോജിന്റെയും കഥ പുറംലോകം അറിയുന്നത്.

മൂന്നാം വയസ്സിൽ ടൈഫോയിഡ് ബാധിച്ചതോടെയാണ് രഹനയുടെ കാഴ്ച്ച ശക്തി പോയത്. ആ വർഷം തന്നെ രഹനയുടെ അച്ഛനും മരിച്ചു. അമ്മയല്ലാതെ വേറെയാരും രഹനയോട് സംസാരിക്കാറുണ്ടായിരുന്നില്ല. രഹനയെകുറിച്ചും രഹനയെ കളിയാക്കിയുമാണ് ബാക്കിയെല്ലാവരും സംസാരിച്ചിരുന്നത്. എന്തിനേറെ രഹനയുടെ സ്വന്തം സഹോദരി പോലും രഹനയെ കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കുമായിരുന്നു. രഹനയ്കക്ൊരിക്കലും സ്വന്തമായി വീടോ കുടംബമോ ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു. ചെറുപ്പം മുതൽ തന്നെ ഇരുട്ടിന്റെ ലോകത്ത് എന്നും ഒറ്റക്കായിരുന്നു അവൾ.

അമ്മയുണ്ട് എന്ന ഒറ്റക്കാരണത്താലാണ് രഹന പലപ്പോഴും ആത്മഹത്യ ചെയ്യാതിരുന്നത്. അമ്മയിലൂടെയാണ് രഹന പുറംലോകത്തെ അറിഞ്ഞത്. അമ്മയായിരുന്നു രഹനയുടെ പ്രതീക്ഷയും വെളിച്ചവും. വീട്ടുജോലി ചെയ്താണ് രഹനയെ അമ്മ വളർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം രഹനയുടെ അമ്മ മരിച്ചു. ഇതോടെ രഹന പൂർണമായും ഒറ്റക്കായി.

അങ്ങനെയെിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് വഴി രഹന ഫിറോജ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. പാർക്കിൽവെച്ച് രഹന ആദ്യമായി ഫിറോജിനെ കണ്ട് സംസാരിക്കുമ്പോൾ ആദ്യമായി കാണുന്ന വ്യക്തികൾ സംസാരിക്കുന്നത് പോലെയായിരുന്നില്ല. യുഗാന്തരങ്ങളായി അറിയാവുന്ന രണ്ട് പേർ ഒത്തുചേർന്നതുപോലായായിരുന്നു അത്. പരിചയപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ അവർ അടുത്തു. അന്ധത ഇരുവരുടേയും ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ച് പരസ്പരം പറഞ്ഞ് അവർ ദുഃഖങ്ങൾ കരഞ്ഞു തീർത്തു. ആ സമയങ്ങളിലെല്ലാം ഫിറോജിന്റെ കൈപിടിച്ചിരിക്കുകയായിരുന്നു രഹന. അന്ന് വൈകീട്ട് തന്നെ ഫിറോജ് രഹനയോടെ വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞ് ജനിച്ചാൽ സ്‌നേഹ എന്ന് പേര് നൽകണമെന്നും തീരുമാനിച്ചു.

ഏപ്രിൽ 17 നാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ ഇരുവർക്കും ഒരുമിച്ച് താമസിക്കാൻ സ്ഥലമില്ല. ഒരു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് രഹന താമസിക്കുന്നത്. ഫിറോജ് തന്റെ കുടുംബത്തിനൊപ്പമാണ് താമസം. വല്ലാതെ മിസ്സ് ചെയ്യുമ്പോൾ ഇരവരും ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കും. രണ്ട് ദിവസത്തേക്കാണ് മുറിയെടുക്കുക. കാരണം ഫിറോജിന്റെ ചെറിയ വരുമാനം രണ്ട് ദിവസത്തിൽക്കൂടുതൽ മുറിയെടുത്ത് താമസിക്കാൻ ഇരുവരെയും അനുവദിക്കാറില്ല. പൊതുനിരത്തിൽ പുസ്തകങ്ങൾ വിറ്റാണ് ഫിറോജ് ജീവിക്കുവാനുള്ള പണം കണ്ടെത്തുന്നത്. ആയിരം താക ലോണെടുത്താണ് ഫിറോജ് രെഹനയ്ക്ക് വിവാഹസമ്മാനമായി ഒരു സ്വർണ മൂക്കുത്തി നൽകുന്നത്.

രഹന അന്ധയായതുകൊണ്ടുതന്നെ രഹനയെ ഫിറോജിന്റെ വീട്ടുകാർ അംഗീകരിക്കില്ല. കാഴ്ച്ചയുള്ള വ്യക്തിയുടെ സഹായമില്ലാതെ എങ്ങനെയാണ് അന്ധനായ വ്യക്തിക്ക് ജീവിക്കാൻ കഴിയുക എന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ അന്ധനായ ഒരു വ്യക്തിയ മനസ്സിലാക്കാൻ മറ്റൊരു അന്ധനായ വ്യക്തിക്ക് മാത്രമേ സാധിക്കൂ എന്നാണ് ഫിറോജിന്റെ നിലപാട്. രഹനയെ അംഗീകരിക്കുന്ന ദിനത്തിനായി ഫിറോജ് ഇന്ന് കാത്തിരിക്കുകയാണ്. അന്ന് അവർക്കുണ്ടാകും…രഹനയ്‌ക്കൊരിക്കലും ലഭിക്കില്ലെന്ന് സമൂഹം പറഞ്ഞ സ്വന്തമായി ഒരു വീടും…സ്വന്തമായി ഒരു കുടുംബവും !

life story of rehana and firoj gmb akash

Top