Advertisement

വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ല; ഹൈക്കോടതി

May 16, 2018
Google News 0 minutes Read

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്ന് കാട്ടി കേസെടുത്തതിനെതിരെ കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുക്കാറുള്ളത്. ഇത്തരം കേസുകളില്‍ 1000 രൂപ പിഴയാണ് പൊലീസ് ഈടാക്കിയിരുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പൊലീസ് നടപടി സാധ്യമാകൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മാത്രമല്ല, നിലവിലെ പൊലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയുമില്ല. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തിയെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ അതാത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here