Advertisement

കര്‍ണാടകത്തിലെ അനിശ്ചിതത്വത്തിന് വിരാമമിടേണ്ടത് എ.കെ. സിക്രി

May 17, 2018
Google News 0 minutes Read

എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്കാണ് കര്‍ണാടകത്തിലെ രാഷ്ട്രീയം ഇനി കേന്ദ്രീകൃതമാകുക. രണ്ട് ദിവസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് നാളെ വിരാമമാകുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

ബി.എസ്. യെദ്യൂരപ്പയെ കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പാതിരാത്രിയില്‍ തന്നെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

ജസ്റ്റിസ് എ.കെ. സിക്രി (അര്‍ജന്‍ കുമാര്‍ സിക്രി) അധ്യക്ഷനായ ബഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരാതി പരിഗണിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു ചീഫ് ജസ്റ്റിസ്.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍, ആ വിധി ബിജെപിക്ക് ചെറിയ ആശ്വാസം പകര്‍ന്നെങ്കിലും കോടതിയുടെ മറ്റ് നിബന്ധനകള്‍ അവരെ വരും ദിവസങ്ങളില്‍ ത്രിശങ്കുവിലാക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമായ രേഖകളുടെ വെളിച്ചത്തില്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അത്തരത്തില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെയാണ് കേസില്‍ തുടര്‍ന്നുള്ള വാദം കേള്‍ക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി ഇന്ന് പുലര്‍ച്ചെ വ്യക്തമാക്കിയിട്ടുള്ളതാണ്. നാളെ രാവിലെ 10.30 നാണ് കേസ് വീണ്ടും പരിഗണിക്കുക. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് കോടതി പറഞ്ഞത്. ഗവര്‍ണറുടെ നടപടി കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് നാളെ കേസ് പരിഗണിക്കുമ്പോള്‍ വീണ്ടും ഹാജരാക്കണം. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കലാകും നാളെ കോടതി ചെയ്യുക. എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചാണ് അതില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. കര്‍ണാടകത്തിലെ രാഷ്ട്രീയം നാളെ എങ്ങനെ മാറിമറിയും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ നിന്നുകൊണ്ട് എന്ത് വിധിയായിരിക്കും എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിക്കുക എന്നതിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ…

പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ശേഷമാണ് എ.കെ. സിക്രി സുപ്രീം കോടതിയിലേക്ക് എത്തുന്നത്. 2013 ലാണ് എ.കെ. സിക്രി സുപ്രീം കോടതി ജസ്റ്റിസായി ചുമതലയേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here