Advertisement

കരുനീക്കം ബീഹാറിലേക്കും; അധികാരം പിടിക്കാന്‍ ആര്‍ജെഡി

May 17, 2018
Google News 6 minutes Read

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്തെ മുഴുവന്‍ സ്വാധീനിച്ചിരിക്കുന്നു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുണ്ടായിരിക്കെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡത്തില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് സ്വാഗതം ചെയ്ത കര്‍ണാടക ഗവര്‍ണറുടെ നടപടിയാണ് മറ്റ് സംസ്ഥാനങ്ങളിലും ചര്‍ച്ചയാകുന്നു.

ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) – ബിജെപി സഖ്യമാണ് നിലവില്‍ ഭരണം നടത്തുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്നായിരുന്നു ജെഡിയു 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതേ സഖ്യമാണ് സര്‍ക്കാരിന് രൂപം നല്‍കി അധികാരത്തിലേറിയതും. എന്നാല്‍, പിന്നീട് ജെഡിയു ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുച്ചേരുകയായിരുന്നു. ബിജെപിയുമായുള്ള സഖ്യത്തിലും 122 എന്ന കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ താഴെ വീണില്ല.

2005ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡി ആയിരുന്നു. 80 സീറ്റുകളാണ് ആര്‍ജെഡി സ്വന്തമാക്കിയത്. രണ്ടാമതുള്ള ജെഡിയു 71 സീറ്റുകളാണ് സ്വന്തമാക്കിയത്. കര്‍ണാടകത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സ്വാഗതം ചെയ്തതോടെ രാഷ്ട്രീയ പോരിന് ഇറങ്ങുകയാണ് ആര്‍ജെഡിയും. ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം നാളെ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോവയിലും സമാന ആവശ്യം ഉന്നയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here