Advertisement

‘രണ്ട് വൈറസുകള്‍; മരണഭീതിയിലും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍’: എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

May 22, 2018
Google News 1 minute Read
mb rajesh

നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍ മറ്റൊരു വൈറസ് ആണെന്നും എം.ബി. രാജേഷ് എംപി. നിപ വൈറസിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അത്തരക്കാരെ വിമര്‍ശിച്ച് എം.ബി. രാജേഷ് തുറന്നടിച്ചത്.

നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയില്‍ മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി വെറും മാലാഖയല്ലെന്നും, മാലാഖമാര്‍ക്കിടയിലെ നക്ഷത്രമാണെന്നും എംബി രാജേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെല്ലാം ഇടയിലും ചിലര്‍ ദുരന്തങ്ങളില്‍ നിന്ന് വിളവെടുപ്പ് നടത്തുകയാണെന്നും മരണത്തില്‍ നിന്ന് പോലും ലാഭം തിരയുകയാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിപ വൈറസില്‍ രാഷ്ട്രീയം കലര്‍ത്താന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രമം നടക്കുന്നുണ്ട്. അതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എംബി രാജേഷ് പ്രതികരിച്ചിരിക്കുന്നത്.

എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം…

“രണ്ടു വൈറസുകൾ
——————-
ലിനി വെറും മാലാഖയല്ല. മാലാഖമാർക്കിടയിലെ നക്ഷത്രമാണ്. താൻ പരിചരിക്കുന്ന രോഗിക്ക് മാരകമായ എന്തോ അസുഖമാണെന്ന് തിരിച്ചറിഞ്ഞിട്ടും കയ്യൊഴിയാതെ കരുതൽ കൊടുത്തതിന് ലിനി സ്വന്തം ജീവൻ തന്നെയാണ് വിലയായി നൽകിയത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഇനി തീവ്രപരിചരണ വാർഡിൽ കയറി തന്നെ കാണരുതെന്നും തന്റെ മക്കളെ പൊന്നുപോലെ നോക്കണമെന്നുമുള്ള മരണക്കുറിപ്പ് വിറയാർന്ന കൈകളാൽ ഭർത്താവിനെഴുതി വച്ച് അകാലത്തിൽ പൊലിഞ്ഞ സ്‌നേഹനക്ഷത്രമാണ് ലിനി. അവരുടെ രണ്ടു വയസ്സുകാരനായ മകന്റെ അമ്പരപ്പാർന്ന അമ്മയെ തേടുന്ന മുഖം മനുഷ്യപ്പറ്റും മന:സാക്ഷിയുമുള്ള ആരെയാണ് വേദനകളാൽ വേട്ടയാടാതിരിക്കുക. ആ ജീവത്യാഗത്തിനു മുന്നിൽ ആരാണ് ആദരാശ്രുക്കളാൽ തലകുനിക്കാതിരിക്കുക? പക്ഷേ, അതെല്ലാം മനുഷ്യപ്പറ്റും മന:സാക്ഷിയും ഉള്ളവരുടെ കാര്യം. ദുരന്തങ്ങളിൽ നിന്ന് വിളവെടുപ്പു നടത്തുന്നവർ, മരണങ്ങളിലും ആർത്തിയോടെ ലാഭം തിരയുന്നവർ എവിടെയും എക്കാലത്തുമുണ്ടായിട്ടുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് മനുഷ്യർ മരിച്ചു വീഴുന്നു. ലാഭമുള്ള ഏക കച്ചവടം ശവപ്പെട്ടിയുടേതാണ്. ശവപ്പെട്ടി കച്ചവടത്തിലെ മൽസരത്തിൽ മുന്നിലെത്തി ലാഭം പരമാവധി ഉറപ്പിക്കാൻ ചിലർ ഇങ്ങനെ പരസ്യം ചെയ്തു. ‘രണ്ടു വലിയ ശവപ്പെട്ടി വാങ്ങിയാൽ ഒരു ചെറിയ ശവപ്പെട്ടി ഫ്രീ!’ ലാഭാർത്തിപൂണ്ട മരണവ്യാപാരികൾ ഇവിടെ നമുക്കിടയിലുണ്ട്. നിപാ വൈറസ് സൃഷ്ടിക്കുന്ന മരണഭീതിയിൽ വർഗീയ-രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവർ. അത് മുളപൊട്ടി വളർന്നാൽ ദുരന്തത്തിൽ നിന്ന് വിളകൊയ്യാം എന്ന ദുർമോഹം പേറുന്നവർ. ട്വീറ്റായി, വാട്‌സാപ്പ് സന്ദേശമായി വിഷവിത്ത് വിതച്ചു തുടങ്ങിയിരിക്കുന്നു. ആദ്യ വിത്തിടൽ നിർവ്വഹിച്ചു കൊണ്ട് ഭാ.ജ. പ.യുടെ സംസ്ഥാന മീഡിയാ കോർഡിനേറ്ററും കുമ്മനത്തിന്റെ സെക്രട്ടറിയായുമറിയപ്പെടുന്നയാളുടെ ഞെട്ടിക്കുന്ന പോസ്റ്റ് ഉടൻ വന്നു കഴിഞ്ഞു. നിപാ വൈറസ് ആശങ്കയുളവാക്കുന്നതു തന്നെ. എന്നാൽ അതിനേക്കാൾ വലിയ കൂട്ടക്കൊലകൾക്കു ശേഷിയുള്ള, ഏറെ മാരകമാണ് ഭാജപ വൈറസ്. നമുക്കിപ്പോൾ രണ്ടിനേയും ഒരുമിച്ച് ചെറുക്കേണ്ട കാലമാണ്.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here