Advertisement

മമതയെയും മായാവതിയെയും പുണര്‍ന്ന് സോണിയ; മായാവതിയെ സ്‌നേഹിച്ച് മമത

May 23, 2018
Google News 1 minute Read
msm

എച്ച്.ഡി. കുമാരസ്വാമി കര്‍ണാടകത്തിന്റെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കുമാരസ്വാമി മാത്രമായിരുന്നില്ല ശ്രദ്ധാകേന്ദ്രം. സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി ക്യാമ്പില്‍ വലിയ അസ്വസ്ഥതകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ കാതല്‍. കര്‍ണാടക മാത്രമല്ല, രാജ്യം മുഴുവനും ഇന്ന് വിധാന്‍ സൗധയിലേക്ക് ആകാംക്ഷയോടെ നോക്കി. ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ വേദിയില്‍ അണിനിരന്നപ്പോള്‍ അത് രാജ്യത്തിന്റെ ഭാവി രാഷ്ട്രീയത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് ഓരോ സാധാരണക്കാരനും ചിന്തിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രഗത്ഭരായ നേതാക്കള്‍ അണിനിരന്ന വേദിയിലേക്ക് നോക്കിയപ്പോള്‍ മൂന്ന് പെണ്‍കരുത്തുകള്‍ കണ്ണിലുടക്കി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി എന്നിവരാണ് സത്യപ്രതിജ്ഞ വേദിയിലെ മൂന്ന് പെണ്‍കരുത്തുകള്‍. ഒരിക്കല്‍ ആശയങ്ങളിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും പരസ്പരം വെല്ലുവിളിച്ചവര്‍ ഒന്നിച്ച് നില്‍ക്കുന്ന കാഴ്ചയായിരുന്നു അത്.

സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ സോണിയ ഗാന്ധി വേദിയിലുള്ള ബിഎസ്പി അധ്യക്ഷ മായാവതിക്കരികിലേക്ക് എത്തിയതും ഇരുവരും ചേര്‍ന്നുള്ള സൗഹൃദ സംഭാഷണവും ദേശീയ മാധ്യമങ്ങള്‍ ഏറെ കാര്യമായി തന്നെ ഒപ്പിയെടുത്തു. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി. നാല് തവണയാണ് മായാവതി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടുള്ളത്. 2002 മുതല്‍ 2003 വരെയുള്ള ഒരു വര്‍ഷക്കാലം മായാവതി മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് ബിജെപി പിന്തുണയോടെയാണെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം. അതേ മായാവതിയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും ഇപ്പോഴത്തെ യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയുമായി ഇത്രയും വലിയ സൗഹൃദ സംഭാഷണം നടത്തിയതും സ്‌നേഹലാളനങ്ങള്‍ വര്‍ഷിച്ചതും. രാജ്യത്ത് ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന വിശാലമുന്നണി പഴയകാല രാഷ്ട്രീയ പാര്‍ട്ടികളുടെ പടലപിണക്കവും ചേരിതിരിവും മറന്നുകൊണ്ടാണെന്ന് മായാവതിയുടെയും സോണിയ ഗാന്ധിയുടെയും സ്‌നേഹപ്രകടനങ്ങളില്‍ നിന്ന് സുവ്യക്തമായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം താരമായത് ബംഗാള്‍ മുഖ്യമന്ത്രിയും പെണ്‍കരുത്തുമായ മമത ബാനര്‍ജിയായിരുന്നു. മമതയും സോണിയ ഗാന്ധിയും തമ്മിലുള്ള സൗഹൃദസംഭാഷണവും ഏറെ ശ്രദ്ധേയമായി. 1997 ല്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയ വ്യക്തിയാണ് മമത ബാനര്‍ജി. മമതയും സോണിയയും ചിരി കലര്‍ന്ന മുഖത്തോടെ കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ ‘കൈ’ കോര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പും തൃണമൂല്‍ ക്യാമ്പും അതിശയിച്ച് കാണും.

ഇന്ന് ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തട്ടകമാണ്. കോണ്‍ഗ്രസ് ബംഗാളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി തൃണമൂലിന് ജന്മം നല്‍കിയ മമത കൂടുതല്‍ വളര്‍ന്നു. ഇതില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടായി. എന്നാല്‍, എല്ലാ നഷ്ടങ്ങളെയും മറന്ന് ചേരിതിരിവിന് സ്ഥാനം നല്‍കാതെ മമതയെ ആശ്ലേഷിക്കുന്ന സോണിയ ഗാന്ധിയെയായിരുന്നു വിധാന്‍ സൗധയില്‍ കണ്ടത്.

ഏറ്റവും കരുത്തരായ രണ്ട് പ്രാദേശിക നേതാക്കളാണ് മമതയും മായാവതിയും. ഇവര്‍ രണ്ട് പേരുടെയും സൗഹൃദത്തിനും വിധാന്‍ സൗധ സാക്ഷ്യം വഹിച്ചു. പരസ്പരം ഇരുവരും ആശ്ലേഷിച്ചതും സംസാരിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാന നിമിഷമായിരുന്നു. പ്രാദേശിക നേതാക്കളുടെ ഐക്യമാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന വിശാല ഐക്യമുന്നണിയുടെ പ്രധാനഘടകം എന്നതിനാല്‍ മമതയുടെയും മായാവതിയുടെയും സ്‌നേഹപ്രകടനം ഏറെ ശ്രദ്ധേയമാണ്.

ഈ മൂവരും നാളെ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ നിയന്ത്രിക്കാല്‍ കെല്‍പ്പുള്ളവരാണെന്നതില്‍ സംശയമില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറണമെങ്കില്‍ സോണിയ ഗാന്ധി കരുതലോടെ ചേര്‍ത്ത് പിടിക്കേണ്ട മറ്റ് രണ്ട് ‘പെണ്‍കരങ്ങളാണ്’ മമതയുടെയും മായാവതിയുടെയും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് 40 ശതമാനം വോട്ടുകള്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഉത്തര്‍പ്രദേശിലാകട്ടെ മായാവതിയുടെ ബിഎസ്പി 20 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ഇക്കാരണത്താല്‍ തന്നെ സോണിയ ഗാന്ധിക്കൊപ്പം മമതയും മായാവതിയും ശ്രദ്ധേയരാകുന്നു. ഇവര്‍ മൂവരും നാളെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റത്തിന്റെ തലപ്പത്ത് ഉണ്ടായിരിക്കുമെന്നാണ് കര്‍ണാടക വിധാന്‍ സൗധയിലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വ്യക്തമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here