Advertisement

യെച്ചൂരിയുടെ കൈവിടാതെ രാഹുല്‍

May 23, 2018
Google News 1 minute Read
yechuri

കര്‍ണ്ണാടക ഇലക്ഷനില്‍ കോൺഗ്രസ്-ജെഡിഎസ് ബാന്ധവത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതി‍ജ്ഞാ ചടങ്ങിലും ഈ ബന്ധത്തിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ ഒപ്പിയെടുത്തത്. സത്യപ്രതിജ്ഞ പൂര്‍ത്തിയായ ഉടനെ കുമാര സ്വാമിയെ അഭിനന്ദിക്കാന്‍ വേദിയിലേക്ക് രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും എത്തിയത് കൈകള്‍ ചേര്‍ത്ത് പിടിച്ചാണ്.  ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് കുമാരസ്വാമി സീതാറാം യെച്ചൂരിയെ നേരിട്ട് ക്ഷണിച്ചിരുന്നു .
ബിജെപി വിരുദ്ധ പാർട്ടികളുടെ ദേശീയ സംഗമവേദി തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വിധാന്‍ സൗധയ്ക്ക് മുന്നിലെ സത്യപ്രതിജ്ഞാ വേദി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ , മമതാ ബാനർജി ,  യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, കുഞ്ഞാലിക്കുട്ടി, മാത്യു ടി തോമസ് തുടങ്ങിയവരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞാ  ചടങ്ങിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് നീങ്ങി നിന്ന്  ഈ രാഷ്ട്രീയ നേതാക്കളെല്ലാം ചേര്‍ന്ന് കൈകള്‍ ചേര്‍ത്ത് പിടിച്ച കൈകള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

കര്‍ണ്ണാടകയില്‍ വോട്ടെണ്ണൽ നടക്കുന്നതിന്റെ തലേദിവസം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായും യെച്ചൂരി നടത്തിയ ചര്‍ച്ചയാണ്  ഈ ‘മഹാസഖ്യ’ത്തിന് അടിത്തറ പാകിയത്. ജെഡിഎസ് ബിജെപിക്ക് ഒപ്പം പോകാനുളള സാധ്യത മുന്നില്‍ കണ്ടാണ് യെച്ചൂരി ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതും.  വോട്ടെണ്ണലിന് മുൻപ് തന്നെ കോൺഗ്രസ് നേതൃത്വം ദേവഗൗഡയുമായി ചർച്ച നടത്തിയതിന് പിന്നിലും യെച്ചൂരിയുടെ ബുദ്ധി തന്നെയായിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുമായും ഗൗഡയുടെ മറ്റൊരു മകനായ രേവണ്ണയുമായും സംസാരിച്ച യെച്ചൂരി സോണിയ ഗാന്ധിയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സോണിയ ഗാന്ധി തന്നെ നേരിട്ട് ദേവഗൗഡയെ വിളിച്ച് സംസാരിച്ചതോടെയാണ് ചരിത്രത്തില്‍ ഇടം നേടിയ ഈ സംഖ്യം ഉണ്ടായത്.

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here