Advertisement

റെന്റിങ് സാധ്യതകള്‍ മിന്നുന്നു

May 27, 2018
Google News 0 minutes Read
rent
ക്രിസ്റ്റീന ചെറിയാന്‍

വാടകയ്ക്ക് കൊടുത്തു വരുമാനം നേടല്‍ പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നു. വീടുകളും , ഫ്ളാറ്റുകളും, വാണിജ്യ സമുച്ചയങ്ങളും ,വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ കൂടുതല്‍ വസ്തുക്കള്‍ വാടകയ്ക്ക് നല്‍കി വരുമാനം നേടുന്ന രീതി രാജ്യത്ത് വ്യാപകമാകുന്നു. ഫര്‍ണിച്ചറുകള്‍, തുണികള്‍ തുടങ്ങിയവയും വാടകയ്ക്ക് കൊടുക്കുന്ന പ്രവണത ശക്തമാകുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നഗരപ്രദേശങ്ങളില്‍ ജോലിയുള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായ പുരുഷന്മാരാണ് ഇത്തരം വാടക ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍.
വാടക നല്‍കി ജീവിക്കുന്നവരെ പൊതുവേ മോശം സാമ്പത്തിക കാഴ്ചപ്പാടുള്ളവരായാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്‍ നിര്‍ത്തി സൗജന്യ അധികസേവനങ്ങളും ,സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുക, കാലാകാലങ്ങളില്‍ മെയിന്റന്‍സ് നല്‍കുക തുടങ്ങിയ സേവനങ്ങളും റെന്റല്‍ ഗ്രൂപ്പുകള്‍ നല്‍കുന്നത് ഉടമസ്ഥാവകാശത്തേക്കാള്‍ വാടകയ്‌ക്കെടുക്കലാണ് നല്ലതെന്ന ആശയത്തിന് പ്രാധാന്യം നല്‍കുന്നു. ഫര്‍ണിച്ചറുകള്‍ വാടകയ്ക്ക് നല്‍കുന്ന റെന്റോമോജോയുടേയും, ഫര്‍ലെന്‍സോയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ ഈ ആശയത്തിന്റെ വ്യാപനമാണ്. ഹാവ് എവരിതിങ് , ബൈ നതിങ് എന്നാണ് ഫര്‍ലെന്‍സോയുടെ സ്ലോഗന്‍ പോലും.

ഉടമസ്ഥതയുടെ ഭാരമില്ലാതെ സാധനങ്ങളുപയോഗിക്കുന്നതിന്റെ സൗകര്യത്തിന് വന്‍ പ്രാധാന്യം വരും കാല വിപണിയിലുണ്ടായേക്കാം. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അടച്ചു പൂട്ടിയ ഐ റെന്റ് ഷെയര്‍ ആശയത്തിന് തിരിച്ചടികളുണ്ടെന്നും സൂചിപ്പിക്കുന്നു. വസ്തുക്കളുടെ സുരക്ഷയും വാടകയ്‌ക്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പ്രശ്‌നങ്ങളും ഇത്തരം കമ്പനികള്‍ക്ക് കീറാമുട്ടിയാകും. യുഎസ്എ.യുകെ തുടങ്ങിയ വമ്പന്‍ സമ്പദ് വ്യവസ്ഥകളില്‍ റെന്റല്‍ സംരംഭങ്ങള്‍ കുറവാണെങ്കിലും, രാജ്യാന്തര തലത്തില്‍ വിചിത്രമെന്ന് തോന്നുന്ന തരത്തിലുള്ള റെന്റല്‍ കമ്പനികളുണ്ട്. പപ്പീസ് ഫോര്‍ റെന്റ് എന്ന കമ്പനി മണിക്കൂറൊന്നിന് 15 ഡോളര്‍ വാടകയില്‍ സുന്ദരന്‍ പട്ടിക്കുട്ടികളെ വാടകയ്ക്ക് നല്‍കും.

മറ്റൊരു രസകരമായ സംരംഭമാണ് റെന്റ് എ പില്‍ഗ്രിം. പോര്‍ട്ടുഗീസുകാരനായ കാര്‍ലോസ് ഗില്‍ ആണ് ഇതിന്റെ സ്ഥാപകന്‍. പ്രായാധിക്യം കൊണ്ടോ , രോഗങ്ങള്‍ കൊണ്ടോ മറ്റ് പ്രശ്‌നങ്ങളാലോ തീര്‍ത്ഥാടനങ്ങള്‍ക്കു പോകാനാവാത്തവര്‍ക്കു വേണ്ടി മറ്റുള്ളവരെ
അയക്കുകയാണ് കമ്പനി. പോകാനാഗ്രഹിക്കുന്നവരുടെ പ്രതിനിധിയായി മറ്റൊരാളിനെ വിടുന്നതിന് ചാര്‍ജ് ചെയ്യുന്നത് 2,500 ഡോളറാണ്. ധാരാളം കത്തോലിക്കര്‍ ഈ സൗകര്യം ഉപയോഗിക്കുന്നതായാണ് വിവരം. പാപരാസി സേവനങ്ങള്‍ നല്‍കി ഒരാളെ സെലിബ്രിറ്റിയെന്ന തോന്നലുയര്‍ത്തുന്ന കമ്പനികള്‍ ഉള്ളത് ഓസ്‌ട്രേലിയയിലാണ്. ഇനി ഒരു സുഹൃത്തിനെ വിഐപി പദവിയിലേക്കുയര്‍ത്തണമെങ്കില്‍ ആളുടെ ബര്‍ത്ത് ഡേയ്കക് ഈ സേവനം ബുക്ക് ചെയ്താല്‍ മതി. പാപരാസി ചമഞ്ഞ് ആളെ അടിമുടി സെലിബ്രിറ്റിയാക്കിക്കളയും ഇവര്‍. സ്വന്തമായി തള്ളണ്ടാ തള്ളാന്‍ ആളെ റെന്റിനെടുക്കാമെന്ന് ചുരുക്കം.

ജോലിയും, സ്റ്റാറ്റസുമൊക്കെ ഹൈ ഫൈ ആയതോടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ കരയാന്‍ പോലും ആള്‍ക്കാര്‍ക്ക് മടിയായിത്തുടങ്ങി. ഇവിടെയാണ് പ്രൊഫഷനല്‍ കരച്ചില്‍ തൊഴിലാളികളെ വാടകയ്ക്ക് നല്‍കുന്ന കമ്പനികളുള്ളത്. യുകെയുടെ പല ഭാഗങ്ങളിലും ഈ സേവനം നല്‍കുന്ന എസക്‌സ് ബേസ്ഡ് കമ്പനിയുണ്ട്.

വീടുകളില്‍ ഹ്രസ്വകാലത്തേക്ക് അതിഥികളെത്തുമ്പോള്‍ മാത്രം വാടകയ്ക്ക് ഫര്‍ണിച്ചറുകളെടുക്കുന്നവരുടെ എണ്ണവും പല നഗരങ്ങളിലും കൂടി വരുന്നു. വീടുകളില്‍ പാര്‍ട്ടികളും മറ്റും നടക്കുമ്പോള്‍ അക്വേറിയവും മീനുകളും വാടകയ്ക്ക് നല്‍കുന്ന ഷോപ്പ് കൊച്ചിയില്‍ തന്നെയുണ്ട്.  ഇങ്ങനെ സ്വന്തമാക്കലിനേക്കാള്‍ വാടകയ്‌ക്കെടുക്കലാണ് നല്ലതെന്ന് കൂടുതല്‍ പേര്‍ ചിന്തിക്കുമ്പോള്‍ തുറക്കുന്നത് പുതിയൊരു വിപണി സാധ്യത തന്നെ. അതുകൊണ്ടു തന്നെ റെന്‍ോമോജോ സ്ഥാപകന്‍ ഗീതാംശ് ബാമനിയ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കണക്കുകൂട്ടുന്നത് 1000 ഡോളറിന്റെ വിപണിയാണ്.

അവലംബം:റാങ്കര്‍.കോം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here