Advertisement

കുറ്റം ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ല; സര്‍ക്കാര്‍ കെവിന്റെ കുടുംബത്തിനോടൊപ്പം: മുഖ്യമന്ത്രി

May 30, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

കുറ്റം ചെയ്ത പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കെവിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അലംഭാവം സംഭവിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ പോലീസിന് വീഴ്ച സംഭവിച്ചു. സാധാരണക്കാരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കേണ്ടത്. അതില്‍, മുഖ്യമന്ത്രിയുടെ സുരക്ഷ ഒരു വിഷയമാകരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെവിനെ തട്ടികൊണ്ടുപോയത് പുലര്‍ച്ചെയാണ്. അതിനെ കുറിച്ച് ഗാന്ധിനഗര്‍ പോലീസിന് രാവിലെ തന്നെ പരാതി ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടി കോട്ടയത്ത് നടക്കുന്നത് അന്നേ ദിവസം വൈകീട്ടാണ്. കെവിനെ തട്ടികൊണ്ടുപോയത് അന്വേഷിക്കാന്‍ രാവിലെ തന്നെ സാധിക്കുമായിരുന്നു. അതില്‍, മുഖ്യമന്ത്രിയുടെ പരിപാടിയെ വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിനാല്‍ തന്നെ കര്‍ക്കശ നടപടി സ്വീകരിച്ചു കഴിഞ്ഞു. കെവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്ന് ഒറ്റപ്പെട്ട പല വീഴ്ചകളും സംഭവിക്കുന്നുണ്ട്. അത്തരം വീഴ്ചകളില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന് കഴിയുക. സര്‍ക്കാര്‍ അത് കൃത്യമായി ചെയ്യുന്നുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നുള്ള ഉപദേശം മാത്രമല്ല സര്‍ക്കാര്‍ നല്‍കുന്നത്. അതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. എങ്ങനെ ജനങ്ങളോട് സംവദിക്കണമെന്നതിനെ കുറിച്ച് പലപ്പോഴായി സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഇന്നേവരെ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. ഒറ്റപ്പെട്ട വിഷയങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവ് വിടുവായനാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പലപ്പോഴും വിടുവായിത്തങ്ങള്‍ മാത്രം പറയുന്ന പ്രതിപക്ഷ നേതാവ് സ്വന്തം ചുമതലയെ കുറിച്ച് മനസിലാക്കണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here