23
Sep 2018
Sunday
phenix kerala

കര്‍ണാടകത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഎസ്പിക്കും മന്ത്രി

കര്‍ണാടകത്തില്‍ 23 മന്ത്രിമാരെ ഉള്‍പ്പെടുത്തി എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭാ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് 15 പേരും ജെഡിഎസില്‍ നിന്ന് എട്ട് പേരും മന്ത്രിസഭയിലേക്കെത്തി. ബിഎസ്പി എംഎല്‍എ എന്‍. മഹേഷ് മന്ത്രിസ്ഥാനത്തെത്തി. യുപിക്ക് പുറത്ത് ആദ്യമായാണ് ഒരു ബിഎസ്പി മന്ത്രിയെ ലഭിക്കുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.

മുഖ്യമന്ത്രിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി. രേവണ്ണയാണു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയുമാണ് മേയ് 23ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റെല്ലാ വകുപ്പിലേക്കുമുള്ള മന്ത്രിമാര്‍ ഇന്ന് അധികാരമേറ്റു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനുള്ള നീക്കങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മന്ത്രിസ്ഥാനത്തെത്തി.

കെജെ ജോര്‍ജ്, ആര്‍വി ദേശ്പാണ്ഡെ, യുടി ഖാദര്‍, കൃഷ്ണബൈര ഗൗഡ, ഷാമന്നൂര്‍ ശിവശങ്കരപ്പ എന്നവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലെത്തിയ പ്രമുഖര്‍. ദളില്‍ നിന്ന് എച്ച്ഡി രേവണ്ണ, ജിടി ദേവഗൗഡ, സിഎസ് പുട്ടരാജു, ബണ്ടപ്പ കാശെപൂര്‍ എന്നിവരാണ് മന്ത്രിസഭയില്‍ അംഗങ്ങളായ പ്രമുഖര്‍.

Top