Advertisement

‘തിരിച്ചടിക്കും, ജര്‍മനിയോട് പലിശ സഹിതം പകരം വീട്ടും’; റഷ്യന്‍ ലോകകപ്പിനെ കുറിച്ച് ഫുട്‌ബോള്‍ താരം കെ.പി. രാഹുല്‍ മനസ് തുറക്കുന്നു…

June 13, 2018
Google News 2 minutes Read
kp rahul

നെല്‍വിന്‍ വില്‍സണ്‍

ലോകകപ്പിന് കിക്കോഫ് മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ റഷ്യന്‍ ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് ഫുട്‌ബോള്‍ താരം കെ.പി. രാഹുല്‍. ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പില്‍ രാജ്യത്തിന് വേണ്ടി മൂന്ന് കളികളില്‍ ബൂട്ടണിഞ്ഞ താരമാണ് തൃശൂര്‍ ഒല്ലൂക്കര സ്വദേശിയായ രാഹുല്‍. നിലവില്‍ ഇന്ത്യന്‍ ആരോസ് ക്ലബിനുവേണ്ടിയാണ് താരം കളിക്കുന്നത്. ലോകകപ്പിന്റെ ആവേശത്തിലാണ് ഇപ്പോള്‍ രാഹുല്‍. റഷ്യന്‍ ലോകകപ്പിനെ കുറിച്ചും ലോക ഫുട്‌ബോളിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ചും 24 ന്യൂസിനോട് പങ്കുവെക്കുകയാണ് താരം…

– 21-ാം ലോകകപ്പിന് റഷ്യയില്‍ നാളെ കിക്കോഫ് മുഴങ്ങും. റഷ്യയില്‍ ആരെയാണ് രാഹുല്‍ പിന്തുണക്കുന്നത്?

ഫുട്‌ബോള്‍ കാണുന്ന നാള്‍ മുതലേ ബ്രസീലിന്റെ മഞ്ഞ ജഴ്‌സിയോടാണ് പ്രിയം. അന്നും ഇന്നും ബ്രസീല്‍ തന്നെ ലോകകിരീടത്തില്‍ മുത്തമിടണമെന്നാണ് ആഗ്രഹം. ഇത്തവണ വളരെ മികച്ച ടീമാണ് ബ്രസീലിനുള്ളത്. ടീം ഗെയിമിലൂടെ റഷ്യയില്‍ കിരീടം നേടാന്‍ ബ്രസീലിന് കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്ട്.

– ബ്രസീലിനോടുള്ള ഇഷ്ടം ആരംഭിക്കുന്നത് എങ്ങനെയാണ്?

ചെറുപ്പം മുതലേ ബ്രസീലിനോടാണ് ഇഷ്ടം. ഫുട്‌ബോള്‍ ലോകത്തേക്ക് ഞാന്‍ എത്താന്‍ കാരണം പാപ്പനാണ്. പ്രദീപ് എന്നാണ് പാപ്പന്റെ പേര്. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുക പാപ്പനൊപ്പം ഇരുന്നാണ്. പാപ്പനാണ് ബ്രസീല്‍ ടീമിന്റെ കളിമികവിനെ കുറിച്ച് പറഞ്ഞുതന്നത്. പിന്നീട്, ഓരോ തവണ ബ്രസീലിന്റെ കളി കാണുമ്പോഴും അവരോടുള്ള ഇഷ്ടം വര്‍ധിച്ചു. മുടി നീട്ടിവളര്‍ത്തി പന്തുമായി കുതിക്കുന്ന റൊണാള്‍ഡിന്യോയെ കാണുമ്പോള്‍ പ്രത്യേക ആവേശമാണ്. വളരും തോറും ബ്രസീലിനോടുള്ള ഇഷ്ടം കൂടുകയായിരുന്നു.

brazil team

– ഇന്ന് കളിക്കുന്ന താരങ്ങളില്‍ ആരോടാണ് കൂടുതല്‍ ആരാധന?

ബ്രസീല്‍ ആരാധകനാണെങ്കിലും ഇപ്പോള്‍ ഉള്ള കളിക്കാരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് കൂടുതല്‍ ഇഷ്ടം. ബ്രസീലിന്റെ ടീം ഗെയിം ആണ് താല്‍പര്യം. ആ ടീമിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമാണ്. ആരോടും പ്രത്യേക താല്‍പര്യങ്ങളില്ല. എന്നാല്‍, റൊണോയോട് അങ്ങനെയല്ല. വല്ലാത്തൊരു ഇഷ്ടമാണ് റോണോയുടെ ഏഴാം നമ്പര്‍ ജഴ്‌സിയോട്.

– ഇത്ര വലിയ റൊണാള്‍ഡോ ആരാധകന്‍ എന്തുകൊണ്ട് ലോകകപ്പില്‍ പോര്‍ച്ചുഗലിനെ പിന്തുണക്കുന്നില്ല?

പോര്‍ച്ചുഗലില്‍ റൊണാള്‍ഡോ മാത്രം നന്നായി കളിച്ചിട്ട് കാര്യമുണ്ടോ? ഫുട്‌ബോള്‍ ഒരു ടീം ഗെയിം ആണ്. അങ്ങനെ വരുമ്പോള്‍ റൊണാള്‍ഡോയുടെ മാത്രം മികവില്‍ പോര്‍ച്ചുഗലിന് മുന്നേറാന്‍ സാധിക്കില്ല. ആദ്യമേ പറഞ്ഞില്ലേ, ബ്രസീലിന്റെ ടീം ഗെയിം മികവാണ് ആ ടീമിനെ പിന്തുണക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ക്ലബ് ഫുട്‌ബോളില്‍ ഞാനൊരു റയല്‍ ആരാധകനാണ്.

– ഒരു ബ്രസീല്‍ ആരാധകനെ സംബന്ധിച്ചിടുത്തോളം 2014 ലോകകപ്പിലെ ജര്‍മനി- ബ്രസീല്‍ മത്സരം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇത്തവണയും അതുപോലൊരു പോരാട്ടം നടക്കാന്‍ സാധ്യതയുണ്ട്. ജര്‍മനി- ബ്രസീല്‍ മത്സരം വന്നാല്‍ അതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് കനത്ത പരാജയമായിരുന്നു ഞങ്ങള്‍ ഏറ്റുവാങ്ങിയത്. 7-1 എന്ന വലിയ മാര്‍ജിനിലായിരുന്നു അന്ന് ജര്‍മനി ഞങ്ങളെ പരാജയപ്പെടുത്തിയത്. എന്നാല്‍, അന്ന് തോറ്റ് പുറത്തായ ബ്രസീല്‍ ടീമല്ല റഷ്യയില്‍ കളിക്കാനെത്തിയിരിക്കുന്നത്. ഈ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമാണ് ഞങ്ങളുടേത്. കളിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഒരുപക്ഷേ, ഇത്തവണയും ബ്രസീല്‍ – ജര്‍മനി പോരാട്ടത്തിന് ഏറെ സാധ്യതകളുണ്ട്. അങ്ങനെ ഒരു അവസരം വന്നാല്‍ അത് ഞങ്ങള്‍ക്ക് തിരിച്ചടിക്കാനുള്ള അവസരമാണ്. തിരിച്ചടിക്കുക തന്നെ ചെയ്യും. ജര്‍മനിയോട് നെയ്മറിന്റെ പട പലിശസഹിതം പകരം വീട്ടും. കാരണം, അത്ര മികച്ച ടീം ഫോര്‍മാറ്റാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്.

– ബ്രസീലിനോട് എറ്റവും ഇഷ്ടമെന്ന് പറഞ്ഞുവെങ്കിലും റഷ്യയില്‍ കിരീടം ചൂടാന്‍ കൂടുതല്‍ സാധ്യതകളുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണ്?

ബ്രസീല്‍ ആരാധകനായതിനാല്‍ ആദ്യ സാധ്യത ബ്രസീലിന് തന്നെയാണ് ഞാന്‍ നല്‍കുക. ഫ്രാന്‍സും ജര്‍മനിയുമാണ് രണ്ടും മൂന്ന് സ്ഥാനത്ത്. ഫ്രാന്‍സിനും ജര്‍മനിക്കും മികച്ച ടീം ലൈനപ്പ് ഉണ്ട്. അര്‍ജന്റീനയും പോര്‍ച്ചുഗലും ഒറ്റയാള്‍ പ്രകടനങ്ങളില്‍ ആശ്രയിച്ചേ മുന്നോട്ട് പോകൂ.

– ചെറുപ്പം മുതലേ ഫുട്‌ബോള്‍ കാണുന്ന വ്യക്തിയാണ് രാഹുല്‍. ഓര്‍മ്മവെച്ച നാള്‍ മുതലുള്ള ലോകകപ്പ് മത്സരങ്ങളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു രംഗം പറയാമോ?

2006 ലെ ലോകകപ്പ് നടക്കുമ്പോള്‍ എനിക്ക് ആറ് വയസേ ഉള്ളൂ. പക്ഷേ, ആ സമയത്തും ഞാന്‍ ഫുട്‌ബോള്‍ കാണാറുണ്ടായിരുന്നു. ഓരോ ടീമിലെയും പ്രധാന കളിക്കാരെ കുറിച്ച് പാപ്പന്‍ പറഞ്ഞുതന്നിരുന്നു. 2006 ലോകകപ്പ് ഫൈനല്‍ ഇന്നും മനസിലുണ്ട്. ഫ്രാന്‍സ് – ഇറ്റലി മത്സരത്തില്‍ ഇറ്റലിയുടെ മറ്റൊരാസിയെ തലകൊണ്ട് ഇടിച്ച് ഫ്രാന്‍സിന്റെ സിനദീന്‍ സിദാന്‍ പുറത്തായ രംഗങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒടുവില്‍, ഫ്രാന്‍സിന് ആ ലോകകപ്പ് നഷ്ടപ്പെടുകയും ചെയ്തു. ചെറിയ കുട്ടിയായിരുന്നെങ്കിലും 2006 ലോകകപ്പിലെ ആ രംഗങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

– രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞതിന്റെ ത്രില്ലിലാണ് രാഹുല്‍. ഫുട്‌ബോളിനെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. എപ്പോഴെങ്കിലും നമ്മുടെ രാജ്യം ലോകകപ്പിന് സാധ്യത നേടുമെന്ന് രാഹുല്‍ വിശ്വസിക്കുന്നുണ്ടോ?

സ്വന്തം രാജ്യം ലോകകപ്പ് കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്. 2015 ല്‍ ഫിഫ റാങ്കിംഗില്‍ 166-ാം സ്ഥാനത്തായിരുന്നു ഇന്ത്യ നിന്നിരുന്നത്. ഇന്ന് ഇന്ത്യ 97-ാം റാങ്കിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ കളിയില്‍ വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. റാങ്കിംഗ് ഉയര്‍ന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഫിഫ ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ വന്നാല്‍ എന്ത് സന്തോഷമായിരിക്കുമെന്നോ…രാഹുല്‍ പറഞ്ഞ് നിര്‍ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here