Advertisement

എംഎല്‍എമാരുടെ അയോഗ്യത കേസ്; പളനിസ്വാമി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

June 14, 2018
Google News 0 minutes Read
ops eps

തമിഴ്‌നാട്ടിലെ 18 വിമതവിഭാഗം (ദിനകരപക്ഷം) എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി വിശാലബെഞ്ചിന് വിടാന്‍ തീരുമാനം. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചില്‍ ഇതേ കുറിച്ച് തര്‍ക്കമുണ്ടായതോടെയാണ് കേസ് വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. സ്പീക്കറുടെ അയോഗ്യതാ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവെച്ചു. എന്നാല്‍, ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുന്ദര്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ എതിര്‍ക്കുകയായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉരുതിരിഞ്ഞതോടെ കേസ് വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

വിശാല ബെഞ്ചിന് വിട്ടുനല്‍കിയതിനാല്‍ കേസ് പരിഗണിക്കാന്‍ സമയമെടുക്കും. ഇത്, എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഗുണം ചെയ്യും. കേസ് പരിഗണിക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സാധിക്കില്ല. എടപ്പാടി സര്‍ക്കാരിന് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പളനിസ്വാമി പക്ഷത്ത് നിന്ന് ടിടിവി ദിനകരന്‍ പക്ഷത്തേക്ക് കൂറുമാറിയ 18 എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയതിനെതിരേയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 18 എംഎല്‍എമാര്‍ അയോഗ്യരായതോടെ പളനിസ്വാമി സര്‍ക്കാരിന് തകര്‍ച്ചയെ അതീജീവിക്കാനായിരുന്നു. 18 പേര്‍ അയോഗ്യരായതോടെ ദിനകരന്‍ പക്ഷത്തിന്റെ സഭയിലെ അംഗബലം മൂന്നായി ചുരുങ്ങുകയായിരുന്നു.

അതേസമയം, ഹര്‍ജി പിന്‍വലിച്ച് വിമത എംഎല്‍എമാര്‍ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ പളനിസ്വാമി സര്‍ക്കാരിന് തിരിച്ചടിയാകും. രാജിവെക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വരും. വിമത എംഎല്‍എമാര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് പളനിസ്വാമി സര്‍ക്കാരിന്റെ അംഗബലം കുറക്കാന്‍ കാരണമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here