കട്ടിപ്പാറയിലെ ജല സംഭരണിയെ കുറിച്ച് അന്വേഷണം

കട്ടിപ്പാറയിലെ അനധികൃത ജല സംഭരണിയെ കുറിച്ച് അന്വേഷണം നടത്തും. ഉരുള്‍പ്പൊട്ടലിന്റെ ആഘാതം വര്‍ദ്ധിച്ചത് ജലസംഭരണി കാരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ജില്ലാ ഭരണകൂടമാണ് അന്വേഷണം നടത്തുക. പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടും.
അതേസമയം ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് തെരച്ചില്‍ തുടങ്ങിയ സംഘത്തിന് ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചിൽ നടത്തുന്നത്.