Advertisement

അബ്രഹാമിന്റെ സന്തതികൾ; മമ്മൂട്ടിയിലെ നടനെ പരീക്ഷിക്കുന്ന സിനിമ

June 20, 2018
Google News 1 minute Read
abrahaminte santhathikal

21 വർഷത്തെ പരിചയ സമ്പത്തുള്ള, മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രം താരത്തിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. പ്രഖ്യാപിക്കപ്പെട്ട ദിവസം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികൾ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന നിലയിൽ കൂടിയാണ് ശ്രദ്ധേയമായത്.

abrahaminte santhathikalമമ്മൂട്ടി എന്ന നടനിൽ നിന്നും താരത്തിലേക്കുള്ള വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവയാണ് പല കാലങ്ങളിൽ അദ്ദേഹം പകർന്നാടിയ പോലീസ് കഥാപാത്രങ്ങൾ. പരുക്കനായ ബൽറാം മുതൽ താന്തോന്നിയായ രാജൻ സക്കറിയ വരെ ഉൾപ്പെടുന്ന ആ നിരയിലെ പുതിയ സാന്നിധ്യമാണ് അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം.

സിനിമയിലേക്ക്

നഗരത്തിൽ നടക്കുന്ന ഒരേ സ്വഭാവമുള്ള പല കൊലപാതകങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. മഴയുള്ള രാത്രികൾ കൊലപാതകത്തിന് തിരഞ്ഞെടുക്കുന്ന പത്ത് കൊലപാതകം നടത്തും എന്ന് മുന്നേ അറിയിക്കുന്ന കൊലപാതക സ്ഥലങ്ങളിൽ ബൈബിൾ വാക്യങ്ങൾ രേഖപ്പെടുത്തുന്ന സീരിയൽ കില്ലറെ തേടിയാണ് ഡെറിക് അബ്രഹാം എന്ന ബുദ്ധിമാനായ പോലീസ് ഓഫീസർ സ്‌ക്രീനിൽ എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമയുമായി ഏറെ സാദൃശ്യമുണ്ട് സിനിമയുടെ ആദ്യ അര മണിക്കൂറിന്. മലയാള സിനിമ സമീപ കാലത്തായി ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളിൽ പിന്തുടർന്ന്

abrahaminte santhathikal

 

പോരുന്ന ക്രിസ്ത്യൻ പശ്ചാത്തലം അബ്രഹാമിന്റെ സന്തതികളും കൈവിടുന്നില്ല. ത്രില്ലർ സിനിമകളിലെ ക്ലിഷേ കാഴ്ചകൾ സൃഷ്ടിക്കുന്ന ആവർത്തന വിരസത ഒരു പരിധി വരെ മറികടക്കുന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കൊണ്ടാണ്. എന്നാൽ അന്വേഷണം ആദ്യ അര മണിക്കൂറിൽ തന്നെ പൂർത്തിയാക്കി വളരെ വേഗം സിനിമ മറ്റൊരു ട്രാക്കിലേക്ക് കയറുകയാണ്. അതിന് ശേഷം ഡെറിക് അബ്രഹാമിന്റെ ഒദ്യോഗിക ജീവിതത്തിലെയും, വ്യക്തി ജീവിതത്തിലെയും തിരിച്ചടികളാണ് സിനിമയുടെ ഭാഗമാവുന്നത്. മാസ്സ് ത്രില്ലറിൽ നിന്നും ഇമോഷണൽ ത്രില്ലറിലേക്ക് രൂപ പരിണാമം സംഭവിക്കുന്ന സിനിമക്ക് ആദ്യ പകുതിയിൽ വേണ്ടത്ര ത്രില്ല് നൽകാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ മമ്മൂട്ടി എന്ന നടന്റെ വികാര പ്രകടനങ്ങൾ ത്രില്ലില്ലാത്തിടങ്ങളിലും സിനിമയെ രക്ഷിച്ചു നിർത്തുന്നുണ്ട്.

രണ്ടാം പകുതിയിൽ പക്ഷേ മമ്മൂട്ടിയുടെ അനിയൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻസൺ പോളും മമ്മൂട്ടിയും തമ്മിലുള്ള മത്സരങ്ങൾ സിനിമയെ വീണ്ടും ത്രില്ലിംഗ് ട്രാക്കിലേക്ക് തിരികെയെത്തിക്കുന്നു. ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനിറ്റ് തന്നെയാണ് ശരാശരിയിൽ ഒതുങ്ങുമായിരുന്ന സിനിമയെ രക്ഷിച്ചെടുക്കുന്നത്. ട്വിസ്റ്റുകളും അത് വരെയുള്ള സംശയങ്ങൾക്ക് ഒരു പരിധി വരെ ഉത്തരം നൽകുന്നതുമായ ഉപസംഹാര ഭാഗം തൃപ്തികരമായ ഒരു സിനിമാനുഭവത്തിലേക്ക് എത്തിക്കുന്നുണ്ട്.

abrahaminte santhathikal

അരങ്ങിൽ

ഏറെ കാലത്തിന് ശേഷം മമ്മൂട്ടി എന്ന നടനേയും താരത്തിനേയും ഒരു പോലെ പരിഗണിക്കപ്പെട്ട സിനിമ കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. കഴിഞ്ഞ കുറച്ച് മമ്മൂട്ടി സിനിമകളെ അപേക്ഷിച്ച് സിനിമകളെ അപേക്ഷിച്ച് സംഘട്ടന രംഗങ്ങളിലെ മിതത്വം ഏറെ ആശ്വാസകരമാണ്. ആൻസൺ പോൾ, ഷാജോൺ, സിദ്ദീഖ്, രഞ്ജി പണിക്കർ, കനിഹ തുടങ്ങി വലിയ താര നിരയുള്ള സിനിമയിൽ സോഹൻ സീനുലാലിന്റെ മടുപ്പൻ തമാശകൾ ഒഴിവാക്കിയാൽ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തൃപ്തികരമാണ്.

അണിയറയിൽ

21 വർഷത്തെ അനുഭവസമ്പത്ത് തന്റെ ആദ്യ സിനിമയ്ക്കായി വൃത്തിയായി ഉപയോഗിച്ചിട്ടുണ്ട് ഷാജി പാടൂർ എന്ന സംവിധായകൻ. ഹനീഫ് അദേനിയുടെ തിരക്കഥ ശരാശരിയിൽ ഒതുങ്ങുന്നു. മഹേഷ് നാരായണന്റെ എഡിറ്റിംഗും ആൽബിയുടെ ക്യാമറയും നിലവാരം പുലർത്തുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ത്രില്ലിംഗ് നഷ്ടപ്പെട്ടു പോകുന്ന സമയങ്ങളിൽ പോലും സിനിമയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്.

അവസാന വാക്ക്

നിരവധി ചോദ്യങ്ങൾ ബാക്കി നിൽക്കുമ്പോഴും അമിത പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ ഒരു തവണ കാണാവുന്ന സിനിമാ അനുഭവമാണ് അബ്രഹാമിന്റെ സന്തതികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here