Advertisement

നെയ്മര്‍ ഗോളടിച്ചില്ലായിരുന്നെങ്കിലോ ? ( വീഡിയോ കാണാം )

June 23, 2018
Google News 2 minutes Read
neymer

കുക്കുടന്‍

ബ്രസീല്‍ – കോസ്റ്ററിക്ക മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമായി 7 മിനിറ്റ് റഫറി അനുവദിച്ചു. ബ്രസീല്‍ കുട്ടീന്യോയുടെ ഉജ്ജ്വല ഗോളില്‍ മുന്നിട്ടുനില്‍ക്കുന്നു. ബ്രസീലിന് ജയിക്കാന്‍ ആ ഒരൊറ്റ ഗോള്‍ മതിയായിരുന്നു. എങ്കിലും, ബ്രസീല്‍ ആരാധകരും കാല്‍പന്ത് ആരാധകരും പൂര്‍ണ തൃപ്തരായിരുന്നില്ല. ബ്രസീലിന് വേണ്ടി പന്ത് തട്ടുന്ന ആ പത്താം നമ്പര്‍ ജഴ്‌സിക്കാരന്റെ കാലില്‍ നിന്ന് ഒരു ഗോളെങ്കിലും പിറക്കാതെ കാല്‍പന്ത് ആരാധകര്‍ എങ്ങനെ തൃപ്തരാകും. ഒടുവില്‍, എകസ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ അത് സംഭവിച്ചു. ഡഗ്ലസ് കോസ്റ്റ നല്‍കിയ മികച്ച പാസ് പോസ്റ്റിന് മുന്നില്‍ നിന്ന് ഗോള്‍വലയിലേക്ക് തട്ടിയിടുക മാത്രമായിരുന്നു നെയ്മറിന്റെ ജോലി. ശ്വാസമടക്കി പിടിച്ചിരുന്ന എല്ലാ കാല്‍പന്ത് ആരാധകര്‍ക്കും അത് ആശ്വാസഗോളായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു; ‘മിഠായി എടുക്കൂ, ആഘോഷിക്കൂ…’

നെയ്മര്‍ ഗോളടിച്ചില്ലായിരുന്നെങ്കിലോ? നിസംശയം പറയാം, വലിയ വില കൊടുക്കേണ്ടി വന്നേനെ. റഷ്യന്‍ ലോകകപ്പ് ആരംഭിച്ച നാള്‍ മുതല്‍ അട്ടിമറികളാണ് കാല്‍പന്ത് പ്രേമികളെ തേടിയെത്തുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീലും അര്‍ജന്റീനയും ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി. സൂപ്പര്‍താരങ്ങളായ മെസിയും നെയ്മറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എല്ലാവരും കരുതി അടുത്ത മത്സരത്തില്‍ ‘എല്ലാം ശരിയാകുമെന്ന്’. അവിടെയും അര്‍ജന്റീനക്ക് തെറ്റിപ്പോയി. മെസി അങ്ങേയറ്റം ദുര്‍ബലനായ കാഴ്ച കാല്‍പന്ത് ആരാധകരെ നിരാശരാക്കി. അതിന് പിന്നാലെയാണ് ബ്രസീലും നെയ്മറും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ അവസാനം വരെ ഗോള്‍ നേടാന്‍ സാധിക്കാതെ നെയ്മര്‍ കുരുങ്ങി പോയി. കാല്‍പന്ത് ആരാധകര്‍ നിശബ്ദരായി. അങ്ങനെയിരിക്കെയാണ് മരുഭൂമിയിലെ മഴ പോലെ നെയ്മറിന്റെ ആ ഗോള്‍ കോസ്റ്ററിക്കയുടെ പോസ്റ്റിലേക്ക് തുളഞ്ഞുകയറിയത്.

ബ്രസീല്‍ ആരാധകര്‍ മാത്രമല്ല, എല്ലാ ഫുട്‌ബോള്‍ ആരാധകരും ആഘോഷിച്ച ഗോളായിരുന്നു അത്. ബ്രസീലും അര്‍ജന്റീനയും നിറം മങ്ങിയപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നിശ്ചലരായി. ആദ്യ കളികളില്‍ ആരാധകരെ നിരാശരാക്കിയ നെയ്മറിനും മെസിക്കും രണ്ടാം കളിയിലെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തണമായിരുന്നു. മെസി അതില്‍ പരാജയപ്പെട്ടു. പിന്നീട്, എല്ലാ കണ്ണുകളും നെയമറിലേക്ക്. നെയ്മറും നിരാശപ്പെടുത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആ ഗോള്‍ പിറന്നു!!! ലോകം മുഴുവനുള്ള ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും മലപ്പുറത്തെ കാല്‍പന്ത് ആരാധകരെങ്കിലും തൃപ്തിപ്പെടണമായിരുന്നു. എന്തായാലും നെയ്മറിന്റെ ബൂട്ടുകള്‍ അത് സാധ്യമാക്കി. മലപ്പുറം വീണ്ടും ഉണര്‍ന്നു. ആരാധകര്‍ ആനന്ദനൃത്തമാടി. കാരണം, ബ്രസീലും അര്‍ജന്റീനയും അതിവേഗം പുറത്താകുന്ന ലോകകപ്പുകളുടെ ഗ്രാഫ് കുത്തനെ ഇടിയുന്ന കാഴ്ച ചരിത്രതാളുകളിലുണ്ട്. അങ്ങനെയൊരു അവസ്ഥയില്‍ നിന്ന് കാല്‍പന്ത് ആരാധകരെ രക്ഷിച്ച നെയ്മറിന് സ്‌തോത്രം…

നെയ്മര്‍ ഗോള്‍ കണ്ടെത്താന്‍ പരാജയപ്പെടുകയും ബ്രസീല്‍ കഴിഞ്ഞ കളിയില്‍ തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ ഷൈജു ദാമോദരന്‍ നയിക്കുന്ന മലയാളം കമന്ററി ബോക്‌സിനുപോലും അത് വല്ലാത്തൊരു പ്രഹരമായി പോയേനെ… കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കാല്‍പന്ത് ആരാധകരും ബ്രസീലിനും അര്‍ജന്റീനക്കും ഒപ്പമാണെന്ന വസ്തുത പകല്‍ പോലെ സത്യമാണ്. അര്‍ജന്റീനയുടെ വഴിയേ ബ്രസീല്‍ കൂടി നിരാശപ്പെടുത്തിയാല്‍ മലയാളം കമന്ററി ബോക്‌സിനും അത് ക്ഷീണം ചെയ്യുമായിരുന്നു എന്നാണ് അണിയറ സംസാരം. ഫുട്‌ബോള്‍ ഭ്രമം മൂത്ത മലയാളി ആരാധകരെല്ലാം വലിയ വില കൊടുക്കേണ്ടി വന്നേനെ എന്ന് സാരം. എന്തായാലും നെയ്മറിന്റെ ഗോള്‍ ഒരു ആശ്വാസമാണ്.

പെലെയും മറഡോണയും പന്ത് തട്ടാന്‍ തുടങ്ങിയ നാള്‍ മുതല്‍ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ഒപ്പം കൂടിയവര്‍ നെയ്മറിന്റെ ഒരൊറ്റ ഗോളില്‍ ആശ്വസിക്കട്ടെ!!! മെസിയുടെ മുന്നിലുള്ള വാതിലുകള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെട്ടിട്ടില്ല. നൈജീരിയയുമായുള്ള മത്സരം എസ്എസ്എല്‍സി പരീക്ഷ പോലെ പ്രധാന്യമുള്ളതാണ് അര്‍ജന്റീനക്ക്. ‘നെയ്മര്‍ തിരുമ്പി വന്ന’ പോലെ മെസിക്ക് തിരുമ്പി വരാനുള്ള ഏക അവസരമാണ് നൈജീരിയക്കെതിരായ മത്സരം. അതിലും കൂടി പരാജയപ്പെട്ടാല്‍ ‘ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല’ എന്ന് ഓര്‍ത്താല്‍ നല്ലത്. കാവിലെ പാട്ട് മത്സരം കൂടി തോറ്റാല്‍ ഇനിയൊരു മത്സരത്തിന് സ്‌കോപ്പില്ലെന്ന് സാരം. ‘ഇടം കാലില്‍ ഒളിപ്പിച്ചിരിക്കുന്ന ഫുട്‌ബോള്‍ മാന്ത്രികത’ മലപ്പുറത്തെ ഫ്‌ളക്‌സുകളില്‍ മാത്രം ഒതുങ്ങി പോകാതിരിക്കിട്ടെ എന്നേ പറയാനുള്ളൂ!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here