Advertisement

ബാലാരിഷ്ടതയിൽ ജിഎസ്ടി

July 1, 2018
Google News 1 minute Read

– ക്രിസ്റ്റീന ചെറിയാൻ

രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം. നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്രം അവകാശപ്പെടുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണുണ്ടായത്. കേരളത്തിന് മാത്രമുണ്ടായത് 600 കോടിയുടെ നഷ്ടമാണ്.

വളരെയധികം പ്രതീക്ഷകളോടെയാണ് വ്യാപാരികളും പൊതുജനവും വരവേറ്റത്. എന്നാല്‍ നടപ്പാക്കലിന് ശേഷം കടുത്ത ആശയക്കുഴപ്പത്തിലേക്കാണ് ജിഎസ്ടി ജനങ്ങളെ തള്ളിവിട്ടത്. മാസം തോറും ഫയല്‍ ചെയ്യേണ്ട റിട്ടേണുകളുടെ കാഠിന്യം ആദ്യമാസങ്ങളില്‍ വ്യാപാരികളെ വലച്ചു. അക്കൗണ്ടിങ് വിദഗ്ധര്‍ പോലും റിട്ടേണ്‍ ഫയലിങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ പാടുപെട്ടു. ചരക്ക് സേവനനികുതി സോഫ്റ്റ് വെയര്‍ തയാറാക്കിയ ഇന്‍ഫോസിസും വെട്ടിലായി. പരാതി ഉയരുമ്പോള്‍ സര്‍ക്കാര്‍ നികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തിയതോടെ ജിഎസ്ടിക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കേണ്ടതായി വന്നു.

റെസ്‌റ്റോറന്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും നികുതി സ്ലാബുകളേക്കുറിച്ചുള്ള സംശയം മൂലം തോന്നിയത് പോലെ വില കൂട്ടിയതും ആദ്യമാസങ്ങളിലെ പ്രശ്‌നങ്ങളില്‍പ്പെടുന്നു. പല തവണ സര്‍ക്കാര്‍ നികുതി സ്ലാബുകളിലും റിട്ടേണ്‍ ഫയലിങ്ങിലും മാറ്റം വരുത്തിയത് നടപ്പാക്കലിലെ പാളിച്ചകളുടെ തെളിവായി.  സംസ്ഥാനാനന്തര ചരക്ക് നീക്കത്തിലും ആശയക്കുഴപ്പങ്ങള്‍ സംഭവിച്ചു.

0 മുതല്‍ 28% വരെയാണ് ജിഎസ്ടി സ്ലാബുകള്‍. ആഢംബര വസ്തുക്കള്‍ മാത്രമാണ് ഉയര്‍ന്ന പരിധിയിലെന്ന് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും വീടു പണിക്കുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉയര്‍ന്ന നികുതി പരിധിയിലായിരുന്നു. ഇത് ബില്‍ഡര്‍മാരേയും ഗൃഹനിര്‍മ്മാണം ആരംഭിച്ചവരെയും വലച്ചു. ഉദ്ദേശിച്ച തുകയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവാതെ പല പദ്ധതികളും നിര്‍ത്തിവെക്കേണ്ടി വന്നു.

പൂജ്യം സ്ലാബില്‍ നിരവധി വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും വിലക്കയറ്റമല്ലാതെ വിലകുറയല്‍ ഉണ്ടായില്ല.

ഇന്‍പുട്ട് ക്ലെയിം നേടുന്നതിനും തടസം നേരിട്ടു. ആവേശപൂര്‍വ്വം ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നല്ലൊരു വിഭാഗവും തുടര്‍ന്നുള്ള മാസങ്ങളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പോലും തയാറായിട്ടില്ല. ജിഎസ്ടി വരുമാനം കുറഞ്ഞ മാസങ്ങളില്‍ ഇതുയര്‍ത്താനുള്ള സമ്മര്‍ദ്ദം നികുതിവകുപ്പിനു മേലുണ്ടായി.

ഇന്ന് ഒന്നാം ജിഎസ്ടി ദിനം ആഘോഷിക്കുമ്പോള്‍ പുതിയ നികുതി സംവിധാനം സമ്പദ് വ്യവസ്ഥയില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചതായി വിലയിരുത്താനാവില്ല. ചില്ലറ വില്‍പ്പന-റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ കടുത്ത മാന്ദ്യത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടും ഇല്ല. സ്വകാര്യ നിക്ഷേപത്തിന്റെ അപര്യാപ്തത സാമ്പത്തിക രംഗത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

രാജ്യത്തെ ഒറ്റ നികുതിക്കു കീഴില്‍ കൊണ്ടു വരികയെന്ന ആശയം മികച്ചതായിരുന്നെങ്കിലും വ്യക്തതയില്ലാതെയുള്ള നടപ്പാക്കലും ഉയര്‍ന്ന നികുതി പരിധിയും ഇന്ത്യ പോലൊരു രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കി. പല സമ്പന്ന രാജ്യങ്ങളും 1-15% വരെയെന്ന നികുതി പരിധി പിന്‍തുടരുമ്പോള്‍ 28% എന്ന നികുതി സ്ലാബ് കൈനനയാതെ മീന്‍ പിടിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരാതിരുന്നത് പൊതുവായ വിലക്കയറ്റത്തിലേക്കും നയിച്ചു. എന്തായാലും ആദ്യ വര്‍ഷത്തില്‍ ജനങ്ങള്‍ക്കുപകാരപ്പെട്ട നയമെന്ന് ജിഎസ്ടിയെ വിളിക്കാനാവില്ല. സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും 18 ശതമാനം സ്ലാബെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു കഴിഞ്ഞു. ബാലാരിഷ്ടതകള്‍ പിന്നിട്ട് ജിഎസ്ടി ജനോപകാരപ്രദമാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here