Advertisement

പന്ത്രണ്ടാം വയസ്സിൽ മകൾ ശിലയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം; അത്ഭുതം കാണാൻ ക്ഷേത്രനടയിൽ തടിച്ചുകൂടി ജനം

July 5, 2018
Google News 0 minutes Read
girl forced to wait for hours after foreteller telling girl will turn into stone

പന്ത്രണ്ട് വയസ്സായാൽ കുട്ടി ശിലയാകുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ച് വീട്ടുകാർ കുട്ടിയെ ക്ഷേത്രനടയിലിരുത്തിയത് മണിക്കൂറുകൾ. ഒടുവിൽ രാത്രി പതിനൊന്ന് മണിയായതോടെ പൂജാരി കുട്ടിയുടെ മാതാപിതാക്കളെ ശകാരിക്കുകയും ക്ഷേത്ര പരിസരത്തുനിന്നും പോകാൻ പറയുകയും ചെയ്തു. തമിഴ്‌നാട് പുതുക്കോട്ടൈ മണമേൽക്കുടിക്ക് സമീപം അമ്മാപട്ടണത്തിലാണ് സംഭവം.

ഉറക്കത്തിൽ പെൺകുട്ടി പാമ്പിനെയും പക്ഷികളെയും ദേവന്മാരെയും സ്വപ്നം കണ്ട് ഉണരാറുണ്ടെന്ന കാരണം പറഞ്ഞാണ് കുട്ടിയുടെ ജാതകവുമായി മാതാപിതാക്കൾ ജ്യോതിഷിയുടെ അടുത്തെത്തുന്നത്. ജാതകം പരിശോധിച്ച സ്വാമിജി കുട്ടി ദൈവത്തിൻറെ പ്രതിരൂപമാണെന്നും 12 വയസ്സാകുമ്പോൾ അവൾ ശിലയായി മാറുമെന്നും പ്രവചിക്കുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കൾ മറ്റ് പല സ്വാമിമാരെയും കാണുകയും പ്രവചനം സ്ഥിരീകരിക്കുകയും ചെയ്തു.

ജൂലായ് രണ്ടാം തീയതി പന്ത്രണ്ടാം ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഇവർ വീട്ടിൽ പ്രത്യേകം പൂജകൾ നടത്തി. വൈകുന്നേരം ആയപ്പോഴേക്കും പട്ടുസാരി ഉടുപ്പിച്ച് തലയിൽ മുല്ലപ്പൂ ചൂടി കയ്യിൽ നിറയെ വളകൾ അണിയിച്ച് കുട്ടിയെ ഒരുക്കി. തുടർന്ന്, മണമേൽക്കുടി വടക്കുർ അമ്മൻ ക്ഷേത്രത്തിലെത്തിയ ഇവർ കുട്ടിയെ ക്ഷേത്ര നടയിൽ ഇരുത്തി. മകൾ ദൈവമാകുന്നത് കാണാൻ മാതാപിതാക്കളും, ജീവനുള്ള കുട്ടി കല്ലായി മാറുന്ന അത്ഭുത കാഴ്ച കാണാൻ നാട്ടുകാരും കാത്തിരുന്നു. കാത്തിരിപ്പിനിടയിൽ ഭക്തി മൂത്ത ചില സ്ത്രീകൾ നൃത്തം ചെയ്യാൻ തുടങ്ങി.

കാത്തിരിപ്പ് ആറു മണിക്കൂറുകൾ നീണ്ടു. രാത്രി 11 മണിയായതോടെ ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി ശിലയാകുന്നില്ലെന്ന് കണ്ടതോടെ ക്ഷേത്രത്തിലെ പൂജാരി മാതാപിതാക്കളെ ശകാരിക്കുകയും ക്ഷേത്ര പരിസരത്ത് നിന്നും പോകാൻ പറയുകയും ചെയ്തു. ഇതോടെ, മാതാപിതാക്കൾ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കുട്ടിയുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് മാതാപിതാക്കൾ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ശിശു സംരക്ഷണ വിഭാഗം ഓഫീസർ ഇളയരാജ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here