Advertisement

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് മോദിയുടെ പ്രയാണം: തോമസ് ഐസക്

July 10, 2018
Google News 0 minutes Read

റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ മോദിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് കേന്ദ്ര നയത്തിനെതിരെയും മോദിക്കെതിരെയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സ്വപ്നത്തിൽ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തിൽ നിന്നു രക്ഷപെടാൻ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടിൽകിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോടാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ മോദിയെ ഉപമിച്ചിരിക്കുന്നത്.

തറക്കല്ലുപോലുമിട്ടിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതിലൂടെ അത്തരം സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്ന 1000 കോടിയില്‍ നിന്ന് ഒരു വിഹിതം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും. അംബാനി മോഹിച്ചാല്‍ അമ്പിളിയമ്മാവനെ പോലും സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കാന്‍ ബാധ്യസ്ഥരാണ് കേന്ദ്ര ഭരണാധികാരികള്‍ എന്ന് തോമസ് ഐസക് പരിഹസിച്ചു. രാജ്യത്തെ മികച്ച അക്കാദമിക് നിലവാരമുള്ള കോളേജുകളെ ഒഴിവാക്കി തറക്കല്ലിടാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ചതിനൊപ്പം നരേന്ദ്ര മോദിയെ തുഗ്ലക്കിനോട് താരതമ്യപ്പെടുത്തുകയും ചെയ്താണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

“ഭൂമിയിൽ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നൽകാൻ തീരുമാനിച്ച നരേന്ദ്രമോദിയോടുപമിക്കാൻ ചരിത്രത്തിൽ ഒരു ഭരണാധികാരിയേ ഉള്ളൂ. സ്വപ്നത്തിൽ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തിൽ നിന്നു രക്ഷപെടാൻ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടിൽകിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോട്.

കേന്ദ്രസർക്കാർ ശ്രേഷ്ഠപദവി നൽകിയിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലുപോലുമിട്ടിട്ടില്ല. പക്ഷേ, അത്തരം സ്ഥാപനങ്ങൾക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയിൽ നിന്നു കനപ്പെട്ട ഒരു വിഹിതം കേന്ദ്രസർക്കാരിൽ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥൻ അംബാനിയാണ്. അദ്ദേഹം മോഹിച്ചാൽ അമ്പിളിയമ്മാവനെ സർക്കാർ ചെലവിൽ ആൾട്ട്മൌണ്ട് റോഡിലെ വീട്ടിലെത്തിക്കാൻ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികൾ.

ശ്രേഷ്ഠപദവിയ്ക്കു പരിഗണിക്കാൻ തയ്യാറാക്കിയ മാനദണ്ഡങ്ങളെല്ലാം കേമമായിരുന്നു. വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, സൂര്യോദയ സാങ്കേതികവിദ്യകളിന്മേൽ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൌതികസൌകര്യങ്ങളുണ്ടാകണം എന്നിങ്ങനെപോയി അവ.

മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാൽ അക്കാദമി ഫോർ ഹയർ എജ്യൂക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലെ മറ്റുപേരുകാർ. എല്ലാം അരനൂറ്റാണ്ടിനു മേൽ പ്രവർത്തനപാരമ്പര്യമുള്ളവർ. ജെഎൻയു അടക്കമുള്ള അപേക്ഷകരെ നിരസിച്ചാണ്, അംബാനിയുടെ സ്ഥാപനത്തേ ശ്രേഷ്ഠസിംഹാസനത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ പദവി നൽകി ഏറ്റവും മികച്ച ഇരുപതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന എൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയ്ക്ക് പക്ഷേ, ഇന്ത്യയിൽ നിന്ന് ഇരുപതു മുൻനിര സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ലൊടുക്കു ന്യായങ്ങൾ നിരത്തി അവർ ഇരുപതിൽ നിന്ന് ആറായി എണ്ണം വെട്ടിക്കുറച്ചു. പക്ഷേ, ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ലാത്ത ഒരു സ്ഥാപനത്തെ ലോകോത്തര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് പട്ടികയിൽ ഉൾപ്പെടുത്താൻ കമ്മിറ്റിയ്ക്ക് യാതൊരു വൈമനസ്യമുണ്ടായതുമില്ല.

കേന്ദ്ര സർക്കാരിൻറെ തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്കിൻറെ റാങ്കിംഗിനെ അവഗണിച്ചാണ് പുതിയ തെരഞ്ഞെടുപ്പെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ പട്ടിക പ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാം സ്ഥാനത്തും ദില്ലി, മുംബൈ ഐഐടികൾ മൂന്നും നാലും സ്ഥാനത്തും ആയിരുന്നു. രണ്ടാം സ്ഥാനത്തു വന്ന മദ്രാസ് ഐഐടിയെയും സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തും ആകെ റാങ്കിംഗിൽ ആറാമതും വന്ന ജവഹർലാൽ നെഹ്രു സർവകലാശാലയെയും അവഗണിച്ചു. സ്വകാര്യസ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത് പതിനെട്ടാം സ്ഥാനത്തെ മണിപ്പാൽ സർവകലാശാലയും ഇരുപത്തിയാറാം സ്ഥാനത്തെ ബിറ്റ്സ് പിലാനിയും. മുന്നിൽ വന്ന ജെഎൻയുവിനെയും മദ്രാസ് ഐഐടിയെയും ഒഴിവാക്കിയാണ് ഇവരെ ഉൾപ്പെടുത്തിയത് എന്നും ഓർക്കണം.

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണം. കടലാസ് സ്ഥാപനത്തെ ആഗോളനിലവാരവും നൂറ്റാണ്ടിനുമേൽ പ്രവർത്തന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളോടു താരതമ്യപ്പെടുത്തി ശ്രേഷ്ഠപദവിയും ഖജനാവിൽ നിന്ന് വൻ തുകയും നൽകി തുഗ്ലക്കിനെപ്പോലുള്ളവരെ ചരിത്രത്തിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രസക്തനാക്കുകയാണ് അദ്ദേഹം. പക്ഷേ, അതുവഴി നരേന്ദ്രമോദിയ്ക്കു കിട്ടുന്ന “വിശിഷ്ടപദവി”, പക്ഷേ, ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേയ്ക്കുമുള്ള നാണക്കേടായിരിക്കും”.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ ശ്രേഷ്ഠ പദവി നേടി എന്നാണു വിദ്യാഭ്യാസവിദഗ്ധർ ചോദിക്കുന്നത്. ‘ജിയോ സ്ഥാപനം എന്നതു നിലവിൽ നിർദേശം മാത്രമാണ്. അക്കാദമി രംഗത്തോ സാമൂഹിക രംഗത്തോ എണ്ണപ്പെടാവുന്ന യാതൊരു സംഭാവനയുമില്ല. ഫാക്കൽറ്റി, ക്യാംപസ്, കോഴ്സ് എന്നിവയെപ്പറ്റി വിവരമില്ല. കടലാസ് സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകുന്നത് അക്കാദമി രംഗത്തെ അഴിമതിയാണ്’– ഡൽഹി യൂണിവേഴ്സ്റ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റജിബ് റായ് പറഞ്ഞു.

മോദി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എഎന്തിന്റെ അടിസ്ഥാനത്തിലാണു ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ചോദിച്ചു. സമൂഹമാധ്യമങ്ങളിലും മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here