Advertisement

4 സ്ത്രീകൾ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന യാത്രകൾ;  ഇതുവരെ പോയത് പത്തോളം ഇടങ്ങളിൽ; അറിയാം സൃഷ്ടി എന്ന യാത്ര സംഘത്തെ കുറിച്ച് !

July 20, 2018
Google News 3 minutes Read
srishti the women oriented travel coordinators who aim beyond just travel

വീട്ടിലെയും ജോലി സ്ഥലത്തെയും ടെൻഷനുകളിൽ നിന്നുമെല്ലാം ഒരു ‘ബ്രേക്ക്’ എടുത്ത് എവിടേക്കെങ്കിലും യാത്ര പോവാൻ തോന്നിയിട്ടുണ്ടോ? പുൽമേടുകളും, മലയും, പുഴയും കാറ്റുമെല്ലാം തൊട്ടറിഞ്ഞ് ഒരു പട്ടം പോലെ പാറിനടക്കാൻ…സമ്മർദ്ദങ്ങളൊന്നുമില്ലാതെ പൊട്ടിച്ചിരിക്കാൻ…കുന്നിൻമുകളിൽ കയറി ആകാശം തൊടാൻ….മീനുകൾക്കൊപ്പം വെള്ളത്തിൽ നീന്തിത്തുടിക്കാൻ…രാത്രി ആകാശം നോക്കി കിടന്നുറങ്ങാൻ…അത്തരം യാത്രകൾ സിനിമകളിലും കഥകളിലും മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സംഭവിക്കും..അത്തരം യാത്രകളൊരുക്കി ഓരോ യാത്രയും ഒരു നവ്യാനുഭവമാക്കി മാറ്റുകയാണ് സൃഷ്ടി…സ്ത്രീകൾക്കായി ഒരു കൂട്ടം സ്ത്രീകൾ സംഘടിപ്പിക്കുന്ന യാത്രകൾ…

ഓരോ യാത്രയും ഓരോ അനുഭവമാക്കി മാറ്റിയെടുക്കുക എന്നതാണ് സൃഷ്ടിയുടെ ലക്ഷ്യം. 4 പേരാണ് സൃഷ്ടി എന്ന സംഘത്തിന് പിന്നിൽ. ബംഗലൂരുവിൽ ഹാർഡ്വെയർ എഞ്ചിനിയറായ ഗീതു മോഹൻദാസ്, മാഗസിൻ എഡിറ്ററായിരുന്ന ഗൂഡല്ലൂർ സ്വദേശി സുധിന, അഭിഭാഷകയായ ചിത്തിര ഭാസ്‌ക്കർ, നിയമ അധ്യാപികയായ കണ്ണൂർ സ്വദേശി നജ്മത്ത് എന്നിവരാണ് ‘സൃഷ്ടി’യുടെ സൃഷ്ടാക്കൾ.

സൃഷ്ടിയുടെ അമരക്കാരി ഗീതു മോഹൻദാസ്

തുടക്കം….

2015 ഡിസംബറിലാണ് ‘സൃഷ്ടി’ എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ഗീതു അടങ്ങുന്ന 4 പേരും യാത്രയെ കുറിച്ച് സംസാരിക്കുന്നതും പദ്ധതികൾ തയ്യാറാക്കുന്നതുമെല്ലാം വാട്‌സാപ്പിലൂടെയും ഫോൺ വിളികളിലൂടെയുമാണ്.  ഒടുവിൽ 30 പേരടങ്ങുന്ന സൃഷ്ടിയുടെ ആദ്യ യാത്രാസംഘം കുടജാദ്രിയിലേക്ക് യാത്ര തിരിച്ചു.

ഈ മുപ്പത് പേരും ഇന്ത്യയുടെ പല ഭാഗത്ത് നിന്നുമുള്ളവരായിരുന്നു. എല്ലാം സ്ത്രീകൾ തന്നെ. സംഘത്തിൽ ജോലിയിൽ നിന്നും വിരമിച്ച സ്ത്രീകൾ വരെയുണ്ടായിരുന്നു.

യാത്ര എന്നാൽ യാത്ര മാത്രല്ല….

സൃഷ്ടിയുടെ ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യവും ഉണ്ടാകും. കുടജാദ്രിയിലേക്കുള്ള യാത്രയുടെ മോട്ടോ ‘ഗ്രീൻ കുടജാദ്രി ക്ലീൻ കുടജാദ്രി’ എന്നതായിരുന്നു. കുടജാദ്രി മലയിൽ വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളുമെല്ലാം വൃത്തിയാക്കി കുടജാദ്രിക്ക് പഴയ ഭംഗിയും പ്രതാപവും മടക്കി നൽകുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ലക്ഷ്യം പൂർത്തീകരിച്ച ശേഷമാണ് യാത്രാസംഘം അവിടെനിന്നും മടങ്ങിയത്.

മറ്റൊരു യാത്രയിലാണ് ഗീതു യാത്രസംഘത്തിലുള്ളവരോട് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് പറയുന്നത്. ഒരു മാസത്തിൽ ഏഴ് ദിവസം വരെയാണ് സ്ത്രീകൾക്ക് സാധാരണഗതിയിൽ ആർത്തവമുണ്ടാവുക. അങ്ങനെ ഒരു വർഷം ആർത്തവമുണ്ടാകുക 82 ദിവസം. ഒരു ദിവസം അഞ്ച് സാനിറ്ററി നാപ്കിൻ വെച്ച് കണക്കുകൂട്ടിയാൽ ഒരു വർഷം ഒരു സ്ത്രീക്ക് മാത്രം വേണ്ടത് 420 സാനിട്ടറി നാപ്കിനുകൾ ! നാപ്കിനുകളിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ ഇത് വലിയ പരിസ്ഥിതി പ്രശ്‌നമാണ് ഉയർത്തുന്നത്. ഇതിനൊരു പരിഹാരമാണ് മെൻസ്ട്രുവൽ കപ്പുകൾ. മാത്രമല്ല, ആർത്തവകാലത്ത് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുമ്പോൾ ഇടക്കിടെ മാറ്റുകയോ, രക്തം വസ്ത്രത്തിലാകുമെന്ന പേടിയോ വേണ്ട. എന്തിനേറെ വെള്ളത്തിലറങ്ങി നീന്താൻ വരെ സാധിക്കുമെന്ന് ഗീതു പറയുന്നു. അന്ന് ക്യാമ്പിൽ പങ്കെടുത്ത 90% പേർക്കും മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഗീതു അത്ഭുതത്തോടെ പറയുന്നു.

ഇങ്ങനെ പരിസ്ഥി പ്രശ്‌നങ്ങൾ മുതൽ സ്ത്രീകൾ ദൈനംദിന ജീവിത്തതിൽ നേരിടുന്ന പ്രശ്‌നങ്ങൾ വരെ ഈ യാത്രകളിൽ ചർച്ചയാകുന്നുണ്ട്. ഒപ്പം പ്രദേശത്തെ സാമൂഹ്യ പ്രശ്‌നങ്ങളിലും പാരിസ്ഥിതക വിഷയങ്ങളിലും പോസ്റ്ററുകൾ, നാടകങ്ങൾ, തുടങ്ങിയ ആക്ടിവിറ്റികളിലൂടെ സൃഷ്ടി ഇടപെടാറുണ്ട്. പലപ്പോഴും ഉള്ളിൽ കിടക്കുന്ന ആഭിരുചികൾ ഈ യാത്രയിലൂടെ പുറത്തുവന്നതായി യാത്രയിൽ പങ്കെടുത്ത പലരും പറഞ്ഞിട്ടുണ്ടെന്ന് ഗീതു പറയുന്നു.

പല സ്ഥലങ്ങളിൽ നിന്നും, പല ഭാഷയിലുള്ളവർ…എന്നാൽ ഒരേ മനസ്സ്

സൃഷ്ടിയുടെ സംഘാടകർ ഒരു വർഷത്തേക്കുള്ള യാത്രകളെല്ലാം ചാർട്ട് ചെയ്ത് വെച്ചിരിക്കും. ഒരു
മാസം ഒരു യാത്ര എന്നതാണ് കണക്ക്. യാത്രയ്ക്ക് മുന്നോടിയായി സൃഷ്ടിയിലെ 4 പേരിൽ ഏതെങ്കിലും ഒരാൾ സ്ഥലം സന്ദർശിച്ച് താമസവും മറ്റുമെല്ലാം നോക്കിയ ശേഷമാണ് സ്ഥലം ഫിക്‌സ് ചെയ്യുക. ഒരു തിയതി കൂടി നിശ്ചയിച്ച ശേഷം സ്ഥലം, തിയതി, എത്ര ദിവസത്തെ യാത്ര തുടങ്ങിയ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പോസ്റ്റർ തയ്യാറാക്കും. ഇത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ഇത് കണ്ട് താൽപ്പര്യമുള്ളവരാണ് യാത്രയിൽ വന്നുചേരുന്നത്.

ഈ പോസ്റ്ററുകൾ കണ്ട് പല സ്ഥലങ്ങളിൽ നിന്നും പല ഭാഷ സംസാരിക്കുന്ന പല വിഭാഗത്തിൽപ്പെട്ട, പല പ്രായത്തിലുള്ളവരാണ് ഈ യാത്രയിൽ ഒത്തുകൂടാറ്. പോകേണ്ട സ്ഥലത്ത് നിന്നും അൽപ്പം മാറി എല്ലാവർക്കും എത്തിപ്പെടാൻ സാധിക്കുന്ന ഒരിടത്താകും ഒത്തുകൂടൽ. ഇവിടെ നിന്ന് എല്ലാവരും ഒരിമിച്ചാണ് ക്യാമ്പിന് പോകുക.

കുറഞ്ഞ ചിലവ്.. അഥവാ യാത്ര സംഘത്തിന്റെ സന്തോഷത്തിനൊപ്പം ആഥിതേയരുടെ സന്തോഷവും

കുറഞ്ഞ ചിലവിലുള്ള യാത്രകളാണ് സൃഷ്ടി സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ റിസോർട്ടുകളോ ഹോട്ടലുകളോ സൃഷ്ടി താമസത്തിനായി എടുക്കാറില്ല. മറിച്ച് കോളേജ് കാലത്തെ എൻഎസ്എസ് ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്നതുപോലെ പ്രദേശത്തെ സർക്കാർ സ്‌കൂളുകളിലോ, മറ്റ് ചിലവ് കുറഞ്ഞ സ്ഥലങ്ങളിലോ ആയിരിക്കും യാത്രാസംഘത്തിന്റെ താമസം. ഭക്ഷണത്തിനായി കുടുംബശ്രീ യൂണിറ്റുളെയോ പ്രദേശത്തെ ചെറിയ വീടുകളെയോ ആശ്രയിക്കും. ചിലവ് കുറയ്ക്കുക എന്ന ഉദ്ദേശത്തിലുമുപരി ഇതിലൂടെ ആഥിതേയർക്ക് കിട്ടുന്ന വരുമാനമാണ് സൃഷ്ടിയുടെ ലക്ഷ്യം.

ഇതുവരെ പോയത് ഒമ്പത് സ്ഥലങ്ങളിൽ

ഇതുവരെ ഒമ്പത് സ്ഥലങ്ങളിലേക്ക് സൃഷ്ടി യാത്ര ചെയ്തിട്ടുണ്ട്. കുടജാദ്രി, പൈതൽമല, പാമ്പാടിചോല, ചിക്മഗലൂർ, ഷോലൂർ, ജോസ്ഗിരി തുടങ്ങി പ്രകൃതിയെ അടുത്തറിയാൻ പറ്റുന്ന സ്ഥലങ്ങളാണ് സൃഷ്ടി തെരഞ്ഞെടുക്കാറ്. ട്രക്കിങ്ങ്, റിവർ റാഫ്റ്റിങ്ങ്, പാരാ ഗ്ലൈഡിങ്ങ് തുടങ്ങിയ കാര്യങ്ങളും യാത്രയിലുണ്ടാകും. കർണാടകയിൽ സ്ഥിതി ചെയ്യുന്ന അഗുംബെ എന്നയിടത്തേക്കാണ് സൃഷ്ടിയുടെ അടുത്ത യാത്ര. ഒക്ടിബറിലാകും യാത്ര.

കുടുംബത്തിന്റെയോ പരിചയമുള്ളവരുടെയോ ഒപ്പം യാത്ര ചെയ്യാതെ ഒറ്റയ്ക്ക് യാത്ര ചെയ്ത് അപരിചതമായ സ്ഥലത്തെത്തി, ഒരു കൂട്ടം അപരിചിതർക്കൊപ്പം മറ്റൊരിടത്തേക്ക് യാത്രചെയ്ത് അവരിലൊരാളായി അലിഞ്ഞ് ചേർന്ന് പേടികളെയും ആശങ്കകളെയുമെല്ലാം തട്ടിമാറ്റി ആടിയും പാടിയും കുറച്ചു നാൾ….ആ യാത്രയ്ക്ക് ശേഷം കിട്ടുന്ന കോൺഫിഡൻസ് ചെറുതായിരിക്കില്ല….ഒരുപിടി സുഹൃത്തുക്കൾക്കും, നല്ല ഓർമ്മകൾക്കും അനുഭവങ്ങൾക്കും പുറമെ സൃഷ്ടിക്കൊപ്പം യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്നത് ഈ ഒരു കോൺഫിഡൻസ് കൂടിയാണ്.

സൃഷ്ടിയെ കൂടാതെ ‘ലെറ്റ്‌സ് ഗോ ഫോർ എ ക്യാമ്പ്’ എന്ന പദ്ധതിയും ഗീതുവിന്റെ നേതൃത്വത്തിൽ  നടത്താറുണ്ട്. ഇതിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ എല്ലാവരും പങ്കെടുക്കാറുണ്ട്. നേപ്പാൾ അടക്കമുള്ള മുപ്പതോളം ഇടങ്ങളിൽ ലെറ്റ്‌സ് ഗോ ഫോർ എ ക്യാമ്പിന്റെ ഭാഗമായി ഗീതു യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.

srishti the women oriented travel coordinators who aim beyond just travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here