ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടാന്‍: കളക്ടര്‍ ബ്രോ

വീട്ടില്‍ കളയാനും, ഒഴിവാക്കാനും വെച്ച സാധനങ്ങള്‍ തള്ളാനുള്ള സ്ഥലമല്ല ദുരിതാശ്വാസ ക്യാമ്പുകളെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടാനെന്നും പ്രശാന്ത് നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
“ഇടുക്കി ജില്ല ലിസ്റ്റ്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
1) വീട്ടിൽ കളയാൻ/ഒഴിവാക്കാൻ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങൾ തന്ന് സഹായിക്കരുത്.
3) പെട്ടെന്ന് കേടാവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
5) നാളെ ആര് എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.
താഴെ കൊടുത്തിരിക്കുന്നത് ഇടുക്കി ജില്ലയിലെ ക്യാമ്പുകളിലെ ആവശ്യങ്ങളും ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നംബറുമാണ്. തുടർന്ന് മറ്റ് ജില്ലകളുടെയും പോസ്റ്റ് ചെയ്യുന്നതാണ്.
ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാൻ വൊളന്റിയർമ്മാർ ഒരു ഐ.ടി. പ്ലാറ്റ്ഫോം പണിയുന്നുണ്ട്. അതുവരെ മാന്വലായി തുടരാം”.