Advertisement

മഴ വീണ്ടും പിടിമുറുക്കുന്നു

August 14, 2018
Google News 0 minutes Read
rain

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കേരളത്തിലുടനീളം ശക്തമായ മഴയാണ്. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ചുള്ളിയാര്‍ ഡാം അടക്കം നിരവധി ഡാമുകള്‍ തുറന്നിട്ടുണ്ട്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചുള്ളിയാര്‍ ഡാം തുറക്കുന്നത്. കോഴിക്കോട് ഏഴിടങ്ങളില്‍  ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. വയനാട്ടിലും പലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. മക്കിമലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് തലപ്പുഴയില്‍ വെള്ളം കയറുകയാണ്. മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.മൂന്നാറിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല. . വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. അടിമാലി കൊരങ്ങാട്ടിയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.

താമരശ്ശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. പാലക്കാടും വ്യാപകമായ വെള്ളപ്പൊക്കം ഉണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെയാണ് പാലക്കാട് വെള്ളപ്പൊക്കത്തിന് കാരണമായത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അറുപത് സെന്റീമീറ്റാണ് ഉയര്‍ത്തിയിരിക്കുന്നത്. എറണാകുളം ജില്ലയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴയാണ്. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമല, മലപ്പുറം തേന്‍പാറ എന്നിവിടങ്ങളിലും ഉരുള്‍പ്പൊട്ടി. അടിമാലിയിലും വ്യാപകമായി മണ്ണിടിച്ചിലുണ്ടായി.

മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. തൃശ്ശൂരില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 12ഇഞ്ചു കൂടിയാണ് ഉയര്‍ത്തിത്. ഇതോടെ മണലിപ്പുഴയില്‍ ജല നിരപ്പ് ഉയരുകയാണ്. തീര പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലും ഇപ്പോൾ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നുണ്ട്. 2397 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി അണകെട്ടിൽനിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് രാവിലെ കുറച്ചിരുന്നു. സെക്കൻഡിൽ നാലര ലക്ഷം  ലിറ്ററിൽ നിന്ന് ഇന്ന് രാവിലെ 11 മണി മുതൽ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്ററായാണ് കുറച്ചത്. ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചിരുന്നു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റ് മൂന്ന് ഷട്ടറുകളിലൂടെയും വെള്ളം ഒഴുക്കിവിടുന്നത് തുടരുകയാണ്. ഇതിലൂടെയുള്ള വെള്ളത്തിലുള്ള അളവാണ് കുറച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലും  ജലനിരപ്പ് ഉയരുകയാണ്. 137 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴകൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here