Advertisement

‘പിണറായി കാണിച്ചത് രാഷ്ട്രീയ മര്യാദ’; മുഖ്യമന്ത്രിയെ പ്രശംസിച്ചും കേന്ദ്ര സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചും ആര്‍എസ്എസ് മുഖപത്രം

August 22, 2018
Google News 2 minutes Read

പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസ് മുഖപത്രമായ കേസരിയിലാണ് വിമര്‍ശനം. കേന്ദ്രം സംസ്ഥാനത്തോട് മുഖം തിരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മര്യാദ കാണിച്ചെന്നും കേസരിയില്‍ പറയുന്നു. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം വച്ചുപുലര്‍ത്തുകയാണെന്ന് മുഖപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മര്യാദ പുലര്‍ത്തിയപ്പോള്‍ അത് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുകാണിച്ചില്ലെന്ന് ആര്‍എസ്എസ് മുഖ്യപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

പക്ഷേ അൽപ്പം കഴിഞ്ഞപ്പോൾ തന്നെ കേസരി വാരിക മുഖപ്രസംഗം പിൻവലിച്ചു. പകരം “മതമല്ല, രാഷ്ട്രമാണ് പ്രധാനം” എന്ന മറ്റൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതാണെന്ന് ആര്‍എസ്എസ് വിശദീകരണം നല്‍കി. “മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് ആരോ നുഴഞ്ഞുകയറി ‘പ്രിയ സംഘമിത്രങ്ങളേ നമസ്‌കാരം’ എന്ന് തുടങ്ങുന്ന, പത്രാധിപരുടേത് എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിന് കേസരിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് വാരികയുടെ ഔദ്യോഗിക വിശദീകരണം.

 

ആര്‍എസ്എസ് മുഖപത്രത്തില്‍ വന്ന മുഖപ്രസംഗം :

“പ്രിയ സംഘമിത്രങ്ങളെ നമസ്കാരം..

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപർ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാൽ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാൻ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കർമ്മവും. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം എന്നാണ് ആചാര്യന്മാർ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും

നമുക്കേവർക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറൻമുളയും അടക്കം സംഘപുത്രന്മാർ ഏറെയുള്ള പ്രദേശങ്ങളിൽ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.
നല്ല ഒരുശതമാനം സംഘപുത്രന്മാർ ഈ ദുരന്തത്തിൽ പെട്ട്പോയിട്ടുമുണ്ട്

അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോൾ. അത് ആശാശ്യമല്ല. കേരളമില്ല എങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും.
കേരളീയരായി പോയി എന്ന കാരണത്താൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതർ. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളിൽ ഉള്ള പൗരന്മാർക്കും ഉള്ള അതേ അവകാശങ്ങൾ നമ്മൾ കേരളീയർക്കുമുണ്ട്.

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകൾ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നൽകേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയൻ ഉൾപ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവർക്കു തിരിച്ചു നൽകേണ്ടതും. ദുരന്തത്തിൽ രാഷ്ട്രീയം കളിച്ചാൽ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു??
അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തിൽ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാൻ ഉത്തരങ്ങളില്ലാതെ വരും”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here