Advertisement

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയുടെ തലപ്പത്ത് ഇന്ത്യക്കാരിയും

August 31, 2018
Google News 1 minute Read
aradhana

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ സൗദിയിലെ നിയോം മെഗാ സിറ്റിയുടെ ടൂറിസം വിഭാഗത്തിന്‍റെ മേധാവിയായി ഇന്ത്യക്കാരിയായ ആരാധന ഖോവാലയെ നിയമിച്ചു. മാനേജിംഗ് ഡയരക്ടര്‍ ആയാണ് നിയമനമെന്ന് നിയോം സി.ഇ.ഒ നാദ്മി അല്‍ നാസര്‍ അറിയിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂറിസം കണ്സല്‍ട്ടന്‍സി അപ്റ്റാമൈന്റ് സ്ഥാപകയും സി.ഇ.ഒയുമാണ്‌ ആരാധന ഖോവാല. വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെ കുറിച്ച് ശ്രദ്ധേയമായ നിരവധി പ്രഭാഷണങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സി.എന്‍.ബി.സിയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സും ചേര്‍ന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഐക്കണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 2014-ല്‍ സ്വിസ് മാഗസിന്‍ ബിലാന്‍, അടുത്ത തലമുറയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് വ്യക്തികളില്‍ ഒരാളായി ആരാധനയെയും എണ്ണി. മുംബെയിലായിരുന്നു ഹോട്ടല്‍ മാനേജ്മെന്റ് പഠനം. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കി.

സൗദിയുടെ ചെങ്കടല്‍ തീരത്ത്, ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അമ്പതിനായിരം കോടി ഡോളര്‍ ആണ് പദ്ധതിയുടെ ചെലവ്. നിയോം പദ്ധതിയിലൂടെ സൌദി ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക വിപ്ലവത്തിനാണ് തയ്യാറെടുക്കുന്നത്. ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതകളും, തൊഴിലവസരങ്ങളും നല്‍കുന്ന പദ്ധതിയായിരിക്കും നിയോം. ജോലി ചെയ്യാന്‍ റോബോട്ടുകളും ഉണ്ടാകും. ഇതിന്‍റെ ഭാഗമായി ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് സൗദി പൌരത്വം നല്‍കിയിരുന്നു. ലോകപ്രശസ്തമായ ‘സോഫിയ’ എന്ന റോബോട്ടിനാണ് മാസങ്ങള്‍ക്ക് മുമ്പ് പൌരത്വം നല്‍കിയത്. ഊര്‍ജം, ജലവിതരണം, ബയോടെക്നോളജി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ഇവിടെ ഉണ്ടാകും. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും, സര്‍ക്കാര്‍ സഹായത്തോടെയുള്ള നിക്ഷേപങ്ങള്‍ക്കും അവസരമുണ്ടാകും. എണ്ണയിതര വരുമാനമാര്‍ഗം കണ്ടെത്താനുള്ള സൌദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025-ഓടെ പൂര്‍ത്തിയാകും.

സിനിമാ തീയേറ്ററുകള്‍ക്ക് ലൈസന്‍സ്, സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി, സ്ഥാപനങ്ങളില്‍ വനിതാവല്‍ക്കരണം തുടങ്ങി വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി നടപ്പിലാക്കി. ഇതോടൊപ്പം ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജങ്ങളുടെ സംസ്കാരങ്ങള്‍ കൂടി സമന്വയിക്കുമ്പോള്‍ നിയോം മെഗാ സിറ്റി സൗദിയുടെ പുതിയ മുഖമായി മാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here