Advertisement

പ്രളയം ഡാം മാനേജ്‌മെന്റിന് പറ്റിയ വീഴ്ച്ചയല്ല : കെഎസ്ഇബി ചെയർമാൻ

September 1, 2018
Google News 1 minute Read

പ്രളയം ഡാം മാനേജ്‌മെന്റിന് പറ്റിയ വീഴ്ച്ചയല്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള. കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമാണ് കെഎസ്ഇബി അണക്കെട്ടുകൾ തുറന്നിട്ടുള്ളത്. പ്രളയം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയുടെ അനന്തരഫലമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള ഡാം തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കെഎസ്ഇബിക്ക് കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനോ അതിൽ നിന്ന് ഏതെങ്കിലും വിവരങ്ങൾ കണക്കുകൂട്ടാനോ വേണ്ടുന്ന സാങ്കേതിക മികവ് കെഎസ്ഇബിക്ക് ഇല്ല. ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുന്നതനുസരിച്ചാണ് ഓരോ മഴക്കാലത്തും നമുക്ക് കിട്ടാൻ പോകുന്ന മഴയുടെ അളവും അതിനെ അടിസ്ഥാനപ്പെടുത്തി ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും, ഡാമിന് ഉൾക്കൊള്ളാൻ കഴിയുന്ന വെള്ളത്തിന്റെ അളവുമൊക്കെ നിജപ്പെടുത്തുന്നത്. കഴിഞ്ഞ 10-30 വർഷത്തെ വെള്ളം ഒഴുകിവന്ന അളവും നമ്മുടെ ഡാം ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ അളവും, ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ അളവും മറ്റു വിവരങ്ങളും കെഎസ്ഇബിയുടെ പക്കലുണ്ട്. ഈ വിവരങ്ങളെ ആസ്പദമാക്കിയാണ് ഡാം മാനേജ്‌മെന്റ് കെഎസ്ഇബി കൈകാര്യം ചെയ്ത് പോകുന്നത്. ഇതിനായി വളരെ വദഗ്ധരായ എഞ്ചിനിയർമാർ അടങ്ങുന്ന ഡാം ഓപ്പറേഷൻ വിങ്ങ് തന്നെ ഒരു ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ജൂൺ 19 മുതൽ ജൂലൈ 15 വരെ ശക്തമായ മഴ കേരളത്തിൽ പെയ്തു. ഈ സമയത്ത് മുൻകാലങ്ങളിലേക്കാൾ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. എന്നിരുന്നാലും ആശങ്കയുണ്ടാക്കത്തക രീതിയിൽ ജലനിരപ്പ് ഉയർന്നിരുന്നില്ല. എന്നാൽ വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ മാത്രം 775.6 ജലനിരപ്പിലേക്ക് വെള്ളം ഉയർന്നു. അന്നുമുതൽ തന്നെ ബാണാസുര സാഗറിന്റെ ഡാം മാനേജ്‌മെന്റ് ഉദ്യോഗസ്ഥൻമാർ ജില്ലാ ബരണകൂടത്തെയും, ചാനലുകളേയും കബനി നദിയിലെ ബിച്ചനഹള്ളി എന്ന ഡാം അതോറിറ്റിയെയും രേഖാമൂലം അറിയിച്ചുകൊണ്ട് ജൂലൈ 15 മുതൽ ഡാം തുറന്നുവിട്ടുവെന്നും, വിവരം എല്ലാവരെയും അറിയിച്ചുവെന്നും അതിന്റെ രേഖകൾ കെഎസ്ഇബിയുടെ പക്കലുണ്ടെന്നും എൻഎസ് പിള്ള കൂട്ടിച്ചേർത്തു. മണ്ണുകൊണ്ട് നിർമ്മിച്ചതിനാൽ തന്നെ ഡാം തുറക്കാതെ പിടിച്ചുവെച്ചാൽ ഡാം കവിഞ്ഞൊഴുകി അതിന് സുരക്ഷാ പ്രശ്‌നങ്ങൾ സംഭവിക്കുകയും, ഡാം തകരുന്നതിന് വരെ അത് കാരണമാകുമെന്നും എൻഎസ് പിള്ള പറയുന്നു.

ഓഗസ്റ്റ് 8,9 തിയതികളിൽ പെയ്ത കനത്ത മഴ, ഓഗസ്റ്റ് 15 മുതൽ 18 വരെ കേരളത്തിൽ ലഭിച്ച അതിശക്തമായ മഴ സ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡാമിലേക്ക് പതിച്ചപ്പോൾ വെള്ളം പിടിച്ചുവെക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യം മുതൽ വളരെ സൂക്ഷമതയോടെയും ജാഗ്രതയോടെയും 10 ക്യുമെക്‌സ് മുതൽ ഓരോ ദിവസങ്ങളിലായി ഓരോ മണിക്കൂറിലായി ക്രാമാതീതമായി കൂട്ടി 58 മണിക്കൂർ കൊണ്ട് 290 ഘനമീറ്റർ വരെ വെള്ളം തുറന്നുവിട്ടത്. ഓരോഘട്ടത്തിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ വിവരങ്ങളെല്ലാം എല്ലാ ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി അണക്കെട്ടിൽ 2397 അടിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 2399 അടിയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇടമലയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വളരെ അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്യുകയും, ഇടമലയാർ ഡാമിന്റെ ശേഷിയായ 169 മീറ്ററിലേക്ക് വളരെ പെട്ടെന്ന് വെള്ളം ഉയരുകയും ചെയ്തു. ഇതോടെ ഇടുക്കി ഡാമിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ട്രയൽ റൺ പോലും മാറ്റിവെച്ച് ഇടമലയാർ ഡാമിലെ വെള്ളം എല്ലാ അധികാരികളെയും രേഖാമൂലം അറിയിച്ചുകൊണ്ട് തുറന്നുവിടുകയായിരുന്നുവെന്ന് എൻഎസ് പിള്ള പറഞ്ഞു. അപ്പോഴും ഇടുക്കി ഡാമിലെ നീരൊഴുക്ക് അപകടകരമായ രീതിയിൽ അല്ലാതിരുന്നതിനാലും ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയായിരുനന്തിനാലും 2399 ൽ ട്രയൽ റൺ നടത്താൻ തീരുമാനിക്കുകയായിരുന്നു. 50 ഘനമീറ്റർ വെള്ളം തുറന്നുവിട്ടാണ് ട്രയൽ റൺ നടത്തിയത്. പെട്ടെന്നാണ് മഴ ശക്തി പ്രാപിച്ചതും ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതും. അങ്ങനെയാണ് ട്രയൽ റൺ ഫൈനൽ റിലീസാക്കി മാറ്റിയതെന്നും എൻഎസ് പിള്ള കൂട്ടിച്ചേർത്തു.

വെള്ളം തുറന്നുവിടേണ്ടി വന്നാൽ വിവിധ ജില്ലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടികളെല്ലാം ജില്ലാ ഭരണകൂടങ്ങൾ കൈകൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here