16
Nov 2018
Friday
24 - Comming soon

കേരളത്തിലെ നാല് സ്വകാര്യ കോളേജുകളിലെ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡിഎം മെഡിക്കല്‍ കോളേജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലെ മെഡിക്കല്‍ പ്രവേശനത്തിനെതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രവേശനത്തിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

ഈ നാല് കോളേജുകളിലെയും വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍, അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, ഡിഎം മെഡിക്കല്‍ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 150 സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളിലേക്ക് പ്രവേശനം നടത്താനും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 550 സീറ്റുകളിലേക്ക് ഇന്ന് മോപ്പ് അപ്പ് കൗണ്‍സിലിംഗ് ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Top